തികച്ചും സൗജന്യമായി കിട്ടും ഈ 3 ക്രെഡിറ്റ് കാർഡുകള്, നേട്ടങ്ങളേറെ!
Mail This Article
കൈയിൽ പണമില്ലെങ്കിലും ഇടപാടുകളൊക്കെ എളുപ്പത്തിൽ ചെയ്യാനും സൗജന്യ സേവനങ്ങളും കിഴിവുകളും കൈപ്പറ്റാനും ക്രെഡിറ്റ് കാർഡ് ഒരെണ്ണം ഉള്ളത് നല്ലതാണ്.
വാർഷിക വരിസംഖ്യയോ ആദ്യമായി അടയ്ക്കേണ്ട ഫീസോ വാങ്ങാതെ സൗജന്യമായി പല ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. അത്തരം മൂന്നു കാർഡുകളെ പരിചയപ്പെടുക.
1. എൽഐസി ക്രെഡിറ്റ് കാർഡ്
നിങ്ങൾ എൽഐസി ഏജന്റോ പോളിസിയുടമയോ ആണെങ്കിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സൗജന്യ ക്രെഡിറ്റ് കാർഡ് ലഭിക്കാം. എൽഐസി ഐഡിബിഐ ബാങ്കുമായി ചേർന്നാണ് ഈ റുപ്പേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. താഴെപ്പറയുന്നവയാണ് അതിന്റെ സവിശേഷതകൾ.
∙ ഓരോ പ്രാവശ്യവും പ്രീമിയം അടയ്ക്കുമ്പോൾ ഇരട്ടി ബോണസ് പോയിന്റുകൾ ലഭിക്കും.
∙ പ്രോസസിങ് ഫീ ഇല്ല. മെമ്പർഷിപ് ഫീസും വർഷാവർഷം കൊടുക്കേണ്ട ചാർജുകളും ഇല്ല.
∙ അപകട ഇൻഷുറൻസ് കവറേജ് ലഭിക്കും.
∙ ഒരു കാർഡ് എടുത്താൽ കുടുംബാംഗങ്ങൾക്കുകൂടി കാർഡ് എടുക്കുവാൻ സൗകര്യമുണ്ട്.
അതിനു വേറെ തുകയൊന്നും ഈടാക്കുന്നില്ല.
2. കിസാൻ ക്രെഡിറ്റ് കാർഡ്
കാർഷികാവശ്യങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഒരു വായ്പ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. സവിശേഷതകൾ നോക്കുക.
∙ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും, പലിശ വെറും 4% മാത്രം.
∙ സ്വന്തം ഭൂമിയുള്ള ആർക്കും അപേക്ഷിക്കാം.
∙ അപേക്ഷാഫോമുകൾ കൃഷി ഭവൻ– ബാങ്ക് എന്നിവിടങ്ങളിൽ ലഭിക്കും.
∙ ആധാർ, പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്.
∙ കൃഷിക്കും പശു, കോഴി, ആട്, പന്നി, മുയൽ, അലങ്കാര പക്ഷികൾ, മത്സ്യം വളർത്തൽ എന്നിവയ്ക്കെല്ലാം സഹായം ലഭ്യമാണ്.
3. സ്ഥിരനിക്ഷേപകർക്ക് ക്രെഡിറ്റ് കാർഡ്
ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് കാർഡ് നേടാം.
സിബിൽ സ്കോർ മോശമായവർക്ക് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള വഴിയാണിത്. നിക്ഷേപത്തുക ഓരോ ബാങ്കിനും വ്യത്യസ്തമാണ്. തുക അനുസരിച്ച് കാർഡ് പരിധിയും വ്യത്യാസപ്പെടും. പൊതുവേ സ്ഥിര നിക്ഷേപത്തിന്റെ 75– 85% വരെ കാർഡ് പരിധിയായി നൽകുന്നു. ബാങ്കിൽ സ്ഥിരനിക്ഷേപം തുടങ്ങിയിട്ട് കാർഡിന് അപേക്ഷിച്ചാൽ മറ്റു വരുമാന തെളിവുകളൊന്നും നൽകേണ്ടതില്ല. കാർഡിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്ഥിരനിക്ഷേപം പ്രവർത്തിക്കുന്നു. കാർഡ് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ തുക നിക്ഷേപത്തിൽനിന്നു പിടിക്കാൻ ബാങ്കിനു കഴിയും.
∙ താങ്ങാനാകുന്ന സ്ഥിരനിക്ഷേപം- ഏറ്റവും കുറഞ്ഞത് 10,000 രൂപ മുതൽ 20,000 രൂപ വരെയാണ്. അത് എല്ലാവർക്കും താങ്ങാനാവുന്ന പരിധിയിലുള്ളതാണ്.
∙ കാർഡ് ലഭിക്കാൻ അധികം നൂലാമാലകളില്ല.
∙ സ്ഥിരനിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി 6 മാസമാണ്.
∙ പലിശരഹിത കാലയളവ് 48–55 ദിവസം വരെ.
∙ പലതരത്തിലുള്ള റിവാർഡുകൾ ലഭിക്കുന്നു.
∙ കാർഡ് ഉപയോഗിച്ച് അതിന്റെ മെച്ചം നേടാം. ഒപ്പം സ്ഥിരനിക്ഷേപത്തിന്റെ പലിശയും കിട്ടും
ക്രെഡിറ്റ് കാർഡിൽ വായ്പ എളുപ്പത്തിൽ കിട്ടും
വലിയ എഴുത്തുകുത്തുകളില്ലാതെ ക്രെഡിറ്റ് കാർഡുകളിൽ നിന്നു വായ്പ ലഭിക്കും. ഉപയോക്താക്കളുടെ ഇടപാടുകൾ, അവരുടെ ചരിത്രം, ചെലവുകൾ, പണം ചെലവിടുന്ന രീതി എന്നിവയെ ആശ്രയിച്ചായിരിക്കും ഇത് തീരുമാനിക്കപ്പെടുക. ചില കാർഡുകൾ നിശ്ചിത കാലയളവിൽ പലിശരഹിത വായ്പകളും നൽകുന്നുണ്ട്. എന്നാൽ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, വായ്പ തിരിച്ചടവ് എന്നിവയെ ആശ്രയിച്ചാണ് വായ്പകൾക്കുള്ള മാനദണ്ഡമായ സിബിൽ സ്കോർ കണക്കാക്കുക. അതിനാൽ, ക്രെഡിറ്റ് കാർഡ് കുടിശികയും, വായ്പയും കൃത്യസമയത്ത് തിരിച്ചടയ്ക്കുക.
പണമില്ലെങ്കിലും പണമടയ്ക്കാം
നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി ഓൺലൈനായി പണം അടയ്ക്കൽ സാധ്യമാകും. ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിച്ച് പണമിടപാടുകൾക്ക് യുപിഐ ഉപയോഗിക്കാനുള്ള സംവിധാനം ആർബിഐ നടപ്പാക്കുകയാണ്. അക്കൗണ്ടിൽ പണമില്ലെങ്കിലും റുപ്പേ കാർഡുകൊണ്ട് വളരെ എളുപ്പത്തിൽ യുപിഐ ഉപയോഗിക്കാം.
English Summary : Know More about Free Credit Card