ആഫ്രിക്കൻ കരുത്തിൽ വാലും ചുരുട്ടി കംഗാരുപ്പട; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് 134 റൺസ് തോൽവി
Mail This Article
ലക്നൗ∙ ലോകകപ്പ് ആകുമ്പോൾ വിധം മാറുന്ന ഓസ്ട്രേലിയൻ ടീമിന് ഇതെന്തു പറ്റി? ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഏറ്റ തിരിച്ചടിക്ക് പകരംവീട്ടാൻ ഇറങ്ങിയ കംഗാരുപ്പട വാലുംചുരുട്ടി ഓടുന്ന കാഴ്ചയ്ക്കാണ് ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോകകപ്പിലെ പത്താം മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസിന്റെ പത്തരമാറ്റ് തിളക്കമുള്ള വമ്പൻ ജയം. ഓസ്ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം തോൽവിയും. ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഓസീസിന്റെ ആദ്യ തോൽവി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 40.5 ഓവറിൽ 177 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റും മാർകോ ജാൻസൻ, കേശവ് മഹാരാജ്, തബ്രിസ് ഷംസി എന്നിവർ രണ്ടു വിക്കറ്റ് വീതവും ലുങ്കി എൻഗിഡി ഒരു വിക്കറ്റും വീഴ്ത്തി.
70 റൺസെടുക്കുന്നതിനിടെ ഓസീസിന്റെ ആദ്യ ആറു വിക്കറ്റുകളും നഷ്ടമായിരുന്നു. ഏഴാം വിക്കറ്റിൽ മാർനസ് ലബുഷെയ്ൻ (74 പന്തിൽ 46), മിച്ചൽ സ്റ്റാർക്ക് (51 പന്തിൽ 27) എന്നിവർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഓസീസിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിങ്ങിൽ ആറാം ഓവറിൽതന്നെ ഓപ്പണർ മിച്ചൽ മാര്‍ഷിനെ (15 പന്തിൽ 7) ഓസീസിനു നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസിനു വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാര്‍ണർ (27 പന്തിൽ 13) , സ്റ്റീവ് സ്മിത്ത് (16 പന്തിൽ 19), ജോഷ് ഇംഗ്ലിസ് (4 പന്തിൽ 5), ഗ്ലെൻ മാക്‌സ്‍വെൽ (17 പന്തിൽ 3), മാര്‍കസ് സ്റ്റോയ്നിസ് (4 പന്തിൽ 5), പാറ്റ് കമ്മിൻസ് (21 പന്തിൽ 22), ആദം സാംപ (16 പന്തിൽ 11*), ജോഷ് ഹെയ്സൽവുഡ് (2 പന്തിൽ 2) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
∙ ‘ക്വിന്റൽ അടി’
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 311 റൺസെടുത്തത്. ഓപ്പണർ ക്വിന്റൻ ഡി കോക്ക് ലോകകപ്പിലെ രണ്ടാം സെഞ്ചറി നേടി. 106 പന്തുകൾ നേരിട്ട താരം 109 റൺസെടുത്താണു പുറത്തായത്. എട്ട് ഫോറുകളും അഞ്ച് സിക്സും താരം ബൗണ്ടറി കടത്തി.
90 പന്തുകളിൽനിന്നാണ് ക്വിന്റൻ ഡി കോക്ക് സെഞ്ചറിയിലെത്തിയത്. ശ്രീലങ്കയ്ക്കെതിരെ ന്യൂഡൽഹിയിൽ നടന്ന പോരാട്ടത്തിലും ക്വിന്റൻ സെഞ്ചറി തികച്ചിരുന്നു. 84 പന്തിൽ 100 റൺസാണ് താരം നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 108 റണ്‍സ് കൂട്ടുകെട്ടാണ് ഡികോക്കും ടെംബ ബാവുമയും ചേർന്നു പടുത്തുയർത്തിയത്. 55 പന്തിൽ 35 റൺസെടുത്ത ബാവുമയെ ഗ്ലെൻ മാക്സ്‍വെൽ പുറത്താക്കി.
പിന്നാലെയെത്തിയ താരങ്ങളും മോശമല്ലാത്ത പ്രകടനം നടത്തിയതോടെ സ്കോർ ഉയർന്നു. റാസീ വാൻഡർ ദസൻ (30 പന്തിൽ 26), എയ്ഡന്‍ മാർക്രം (44 പന്തിൽ 56), ഹെൻറിച് ക്ലാസൻ (27 പന്തിൽ 29), മാർകോ ജാൻസൻ (22 പന്തിൽ 26), ഡേവിഡ് മില്ലർ (13 പന്തില്‍ 17) എന്നിങ്ങനെയാണു പുറത്തായ മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പ്രകടനങ്ങൾ.
റാസീ വാൻഡർ ദസനെ സീൻ ആബട്ടിന്റെ കൈകളിലെത്തിച്ചത് സ്പിന്നർ ആദം സാംപയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റു വീഴ്ത്തിയത്. അർധ സെഞ്ചറി നേട്ടത്തിനു പിന്നാലെ എയ്ഡൻ മാർക്രത്തെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മടക്കി. ഡേവിഡ് മില്ലറുടേയും മാർക്കോ ജാൻസന്റെയും വിക്കറ്റുകൾ പേസർ മിച്ചൽ സ്റ്റാർക്കിനാണ്.
∙ പ്ലേയിങ് ഇലവൻ
ദക്ഷിണാഫ്രിക്ക – ക്വിന്റൻ ഡി കോക്ക്, ടെംബ ബാവുമ (ക്യാപ്റ്റൻ), റാസീ വാൻഡർ ദസൻ, എയ്ഡൻ മാർക്രം, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, മാര്‍ക്കോ ജാൻസൻ, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്രിസ് ഷംസി , ലുങ്കി എൻഗിഡി
ഓസ്ട്രേലിയ– ഡേവിഡ് വാര്‍ണർ, മിച്ചൽ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‍വെൽ, മാര്‍കസ് സ്റ്റോയ്നിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.