ക്യാപ്റ്റനായി തകർത്തടിക്കാൻ സഞ്ജു സാംസൺ; സക്സേനയും ശ്രേയസും കേരള ടീമില്‍
Mail This Article
തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിനുള്ള കേരള ടീമിനെ സഞ്ജു വി. സാംസൺ നയിക്കും. രോഹൻ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നീ താരങ്ങളും ടീമിലുണ്ട്. കർണാടക താരമായിരുന്ന ശ്രേയസ്, പുതിയ സീസണിൽ കേരളത്തിനു വേണ്ടിയാണു കളിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലും ശ്രേയസ് കളിച്ചിട്ടുണ്ട്.
മുംബൈയിൽ ഒക്ടോബർ 16 മുതൽ 27 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കേരള ടീം വെള്ളിയാഴ്ച മുംബൈയിലേക്കു പുറപ്പെടും. എം. വെങ്കടരമണയാണ് കേരള ടീമിന്റെ പരിശീലകൻ. ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ് ടൂർണമെന്റുകൾക്കുള്ള ഇന്ത്യൻ ടീമുകളിൽ സഞ്ജു സാംസണെ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നില്ല.
ഏകദിന ലോകകപ്പിനുള്ള ടീമിലും താരത്തിന് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഒടുവിൽ ഇന്ത്യയ്ക്കായി ഇറങ്ങിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി ദേശീയ ടീമിലേക്കു മടങ്ങിയെത്തുക ലക്ഷ്യമിട്ടാണ് സഞ്ജു കളിക്കാനിറങ്ങുന്നത്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കു ട്വന്റി20 പരമ്പര കളിക്കാനുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം– സഞ്ജു വിശ്വനാഥ് സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, ശ്രേയസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അബ്ദുൽ ബാസിത്ത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, കെ.എം. ആസിഫ്, വിനോദ് കുമാർ, മനു കൃഷ്ണൻ, വരുൺ നായനാർ, അജ്നാസ് എം, മിഥുൻ പി.കെ, സൽമാൻ നിസാർ.