സെഞ്ചറിക്കു പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷം; വാർണറെ ഏറ്റെടുത്ത് ഇന്റർനെറ്റ് ലോകം
Mail This Article
ബെംഗളൂരു ∙ പാക്കിസ്ഥാനെതിരെ സെഞ്ചറി തികച്ചതിനു പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമായി ഡേവിഡ് വാർണർ. തെലുങ്ക് സിനിമാതാരം അല്ലു അർജുന്റെ പുഷ്പ സിനിമയിലെ ആക്‌ഷന്‍ അനുകരിച്ചാണ് വാർണർ കൈയടി നേടിയത്. സമൂഹ മാധ്യമങ്ങളിൽ മുൻപും പുഷ്പ സിനിമയിലെ ഡാൻസും ആക്‌ഷനുമെല്ലാം വാർണർ അനുകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ലോകം ഇത്തവണയും വാർണറുടെ ആഘോഷം ഏറ്റെടുത്തിരിക്കുകയാണ്.
മത്സരത്തിൽ 124 പന്തുകൾ നേരിട്ട വാർണർ 163 റൺസാണ് അടിച്ചുകൂട്ടിയത്. 9 സിക്സും 14 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. സഹ ഓപ്പണറായ മിച്ചൽ മാർഷും സെഞ്ചറി നേടി. 108 പന്തിൽ 9 സിക്സും 10 ഫോറും ഉൾപ്പെടെ 121 റണ്‍സാണ് മാർഷ് നേടിയത്. മാർഷിന്റെ 32–ാം ജന്മദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. പവര്‍പ്ലേ ഓവറുകളിൽ 82 റൺസ് നേടിയ ഓസ്ട്രേലിയ 30–ാം ഓവറിൽ സ്കോർ 200 കടത്തി.
ആദ്യവിക്കറ്റിൽ 259 റൺസിന്റെ പാർട്നർഷിപ്പാണ് ഓസീസ് ഓപ്പണർമാർ പടുത്തുയത്തിയത്. ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഇരുവരുടേയും മികവിൽ പാക്കിസ്ഥാനെതിരെ 367 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഓസീസ് 62 റൺസിന് ജയിച്ചു.