ADVERTISEMENT

ന്യൂഡൽഹി∙ വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി നടക്കുന്ന ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ, ഇന്ത്യ തകർപ്പൻ പ്രകടനത്തോടെ സെമി ഫൈനലിൽ കടന്നതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായ ഇൻസമാം ഉൾ ഹഖിന്റെ രംഗപ്രവേശം. ഈ ലോകകപ്പിൽ ഏറ്റവുമാദ്യം പന്തു ചുരണ്ടൽ ആരോപണം നേരിട്ടത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമാണെന്നിരിക്കെയാണ്, ലോകകപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണമുന തിരിച്ച് ഇൻസമാമിന്റെ പുതിയ തന്ത്രം.

ഓസ്ട്രേലിയയ്‌ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാം ഒരു ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചത്. അതിനും മുൻപ്, ആതിഥേയരായ യുഎസിനെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തോറ്റതിന്റെ നാണക്കേടിനിടെയാണ് പാക്ക് താരങ്ങൾ പന്തു ചുരണ്ടിയതായി ആരോപണം ഉയർന്നത്. പാക്കിസ്ഥാന്റെ പ്രധാന പേസർമാരിൽ ഒരാളായ ഹാരിസ് റൗഫിനെ ഉന്നമിട്ടാണ് ആദ്യം ആരോപണം ഉയർന്നത്. ദക്ഷിണാഫ്രിക്കയുടെയും യുഎസിന്റെയും മുൻ പേസ് ബോളറായ റസ്റ്റി തെറോണാണ് സമൂഹമാധ്യമത്തിലൂടെ റൗഫിനെതിരെ ആരോപണം ഉന്നയിച്ചത്. 

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ടാഗ് ചെയ്താണ് തെറോൺ ആരോപണം ഉന്നയിച്ചത്. യുഎസിനെതിരായ പോരാട്ടത്തിൽ ബോളിങ്ങിൽ തിളങ്ങാൻ ഹാരിസ് റൗഫിനു സാധിച്ചിരുന്നില്ല. 4 ഓവർ ബോൾ ചെയ്ത ഹാരിസ് റൗഫ് 37 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. പന്തെറിയുന്നതിനിടെ ഹാരിസ് റൗഫ് നഖം ഉപയോഗിച്ച് ന്യൂബോളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്നാണ് തെറോൺ ആരോപിച്ചത്. ഹാരിസ് വിരലുകൾകൊണ്ട് ന്യൂബോളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതു വ്യക്തമായിരുന്നെന്നും റസ്റ്റി തെറോൺ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ തോറ്റ പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കു പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തീരുമാനിച്ചിരുന്നു. ലോകകപ്പിനിടെ പാക്ക് താരങ്ങൾ അച്ചടക്കം പാലിച്ചില്ലെന്നും ഇതു ടീമിന്റെ തോൽവിക്കു കാരണമായെന്നുമാണ് പിസിബിയുടെ വിലയിരുത്തൽ. ലോകകപ്പിനുപോയ പാക്ക് താരങ്ങൾ കുടുംബത്തെ ഒപ്പം കൂട്ടിയതിനും ടൂർണമെന്റിനിടെ പ്രമോഷനൽ പരിപാടികളിൽ പങ്കെടുത്തതിനുമെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു.

ബാബർ അസമിന്റെയും ഷഹീൻഷാ അഫ്രീദിയുടെയും നേതൃത്വത്തി‍ൽ പാക്കിസ്ഥാൻ ടീമിനുള്ളിൽ 2 വിഭാഗങ്ങളുണ്ടെന്നും ഇതു പ്രകടനത്തെ ബാധിച്ചെന്നും മുൻകാല താരങ്ങളടക്കം ആരോപണം ഉന്നയിക്കുകയും ചെയ്തു. ലോകകപ്പിലെ പ്രകടനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച പിസിബി ചെയർമാൻ മൊഹ്സീൻ നഖ്‍വിയാണ് കടുത്ത നടപടികൾക്കു നി‍ർദേശം നൽകിയത്. ഐസിസി ടൂർണമെന്റുകളിൽ കുടുംബാംഗങ്ങളെ ഒപ്പംകൂട്ടുന്നത് വിലക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ലോകകപ്പിനിടെ ടീം ഹോട്ടൽ വിട്ടുപോകാൻ താരങ്ങൾക്ക് അനുമതി നൽകിയ ഒഫിഷ്യലുകൾക്കെതിരെയും നടപടിയുണ്ടാകും. ലോകകപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ താരങ്ങളുടെ വാർഷിക വേതനം വെട്ടിക്കുറയ്ക്കാനും പിസിബി തീരുമാനിച്ചിരുന്നു.

ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് വിവാദങ്ങളിൽ മുങ്ങിനിൽക്കുമ്പോഴാണ്, സെമിയിലെത്തിയ ഇന്ത്യൻ ടീമിനെ താറടിച്ചു കാണിക്കാൻ ഇൻസമാമിന്റെ ശ്രമമെന്നത് ശ്രദ്ധേയം. ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിനിടെ ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിന് ലഭിച്ച അസാധാരണ റിവേഴ്സ് സ്വിങ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണം ഇൻസമാം ഉന്നയിച്ചത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 16–ാം ഓവറിൽ തന്റെ രണ്ടാം സ്പെല്ലിനായി എത്തിയ അർഷ്ദീപ് റിവേഴ്സ് സ്വിങ് കണ്ടെത്തിയിരുന്നു. പഴയ പന്തിലാണ് സാധാരണ ഗതിയിൽ റിവേഴ്സ് സ്വിങ് ലഭിക്കുകയെന്ന് ഇൻസമാം ചൂണ്ടിക്കാട്ടി. ഒരു ട്വന്റി20 ഇന്നിങ്സിന് വെറും 20 ഓവർ മാത്രമാണ് ദൈർഘ്യമെന്നിരിക്കെ, താരതമ്യേന പുതിയ പന്തിൽ ഇന്ത്യൻ താരം എങ്ങനെയാണ് റിവേഴ്സ് സ്വിങ് കണ്ടെത്തുകയെന്നാണ് ഇൻസമാമിന്റെ ചോദ്യം.

English Summary:

Pakistan's Inzamam Shifts Focus to Indian Ball-Tampering Amidst Team Turmoil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com