മൂന്നാം നമ്പരിൽ സൂര്യയോ സഞ്ജു സാംസണോ? വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തന്നെ, ആദ്യ ട്വന്റി20 ഇന്ന്

Mail This Article
പല്ലെക്കലെ (ശ്രീലങ്ക)∙ പരിശീലകന്റെ റോളിൽ ഗൗതം ഗംഭീർ, സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിന്റെ അരങ്ങേറ്റം, ടീമിൽ സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും അഭാവം– അടിമുടി മാറ്റങ്ങളുമായി ഇന്ന് ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുമ്പോൾ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് പരീക്ഷണങ്ങളുടെ പ്രശ്നോത്തരിയാണ്.
രണ്ടു വർഷത്തിനപ്പുറം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കം ഉൾപ്പെടെ, പല പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇന്ത്യ തേടിത്തുടങ്ങുന്നത് ഈ പരമ്പരയിലൂടെയാകും. 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 7ന് പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
ഗംഭീർ & കമ്പനി
ഐപിഎലിൽ പയറ്റിത്തെളിഞ്ഞ പരിശീലന അടവുകളുമായി രാജ്യാന്തര ക്രിക്കറ്റിലേക്കെത്തിയ ഗംഭീറിന് തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഈ പരമ്പരയിൽ വിജയം അനിവാര്യമാണ്. ട്വന്റി20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ മറികടന്ന് സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റ സൂര്യകുമാർ യാദവിനും പരമ്പരയിലെ പ്രകടനം നിർണായകമാകും. രോഹിത്, കോലി എന്നിവരുടെ അഭാവത്തിൽ ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും ഉൾപ്പെടെ യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും. ഗിൽ– യശസ്വി ജയ്സ്വാൾ സഖ്യം ഓപ്പണർമാരായി എത്തിയാൽ സൂര്യയോ മലയാളി താരം സഞ്ജു സാംസണോ മൂന്നാം നമ്പറിൽ എത്തും. ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ കളിച്ചേക്കും.
പ്രതീക്ഷയോടെ ശ്രീലങ്ക
ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ടീമിൽ പൊളിച്ചെഴുത്തുകൾ നടത്തിയാണ് ശ്രീലങ്ക എത്തുന്നത്. പുതിയ ക്യാപ്റ്റൻ ചരിത് അസലങ്കയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ യുവതാരങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സീനിയർ താരങ്ങളായ ദസുൻ ശനക, കുശാൽ പെരേര, ദിനേശ് ചണ്ഡിമൽ തുടങ്ങിയവരുടെ ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ.