പുതിയ ക്യാപ്റ്റൻ രോഹിത് ശർമയെയും കോലിയെയും പാക്കിസ്ഥാനിൽ കളിപ്പിക്കുമോ? പരിഹസിച്ച് മുൻ താരം
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ താരം കമ്രാൻ അക്മൽ. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ക്യാപ്റ്റനായി മുഹമ്മദ് റിസ്‍വാനെ കൊണ്ടുവരാനുള്ള പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നീക്കമാണ് കമ്രാൻ അക്മലിന്റെ പരിഹാസത്തിനു കാരണം. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബംഗ്ലദേശിനെതിരെ ഒരു കളിയും പരമ്പരയും കൈവിട്ടതോടെയാണ് പാക്ക് ബോർഡിന്റെ പുതിയ നീക്കം.
ഏകദിന , ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ അസമിനെയും ടെസ്റ്റ് ടീം നായക സ്ഥാനത്തുനിന്ന് ഷാൻ മസൂദിനെയും മാറ്റാനാണ് പിസിബിയുടെ തീരുമാനം. ഈ മാറ്റങ്ങൾ ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ് എന്നിവയ്ക്കു മുൻപേ വേണ്ടതായിരുന്നുവെന്നാണ് അക്മലിന്റെ നിലപാട്.‘‘ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ് എന്നീ ടൂർണമെന്റുകൾ തോറ്റപ്പോഴൊന്നും ഇല്ലാത്ത മാറ്റം എന്തുകൊണ്ടാണ് അവർ ഇപ്പോൾ കൊണ്ടുവരുന്നത്. ഇത് എന്തു വ്യത്യാസമാണ് ഉണ്ടാക്കാൻ പോകുന്നത്? ക്യാപ്റ്റൻ അവരോടൊപ്പം നിൽക്കാത്തതാണോ ഈ മാറ്റത്തിനു കാരണം? പുതിയ ക്യാപ്റ്റൻ വന്നാൽ രോഹിത് ശർമ, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക് എന്നിവരെല്ലാം പാക്ക് ടീമിൽ കളിച്ച്, പ്രകടനം മെച്ചപ്പെടുത്തുമെന്നാണോ വിചാരം?’’
‘‘ഇവർക്കൊന്നും അടിസ്ഥാന അവകാശങ്ങൾ പോലും ലഭിച്ചില്ലെങ്കിൽ ഇത്തരം മണ്ടത്തരങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് ഒരു കാര്യവും ഉണ്ടാകില്ല. ക്യാപ്റ്റൻ, പരിശീലകൻ, സിലക്ടർമാർ എന്നിവരെല്ലാം ശരിയായ ദിശയിലാകണം പോകേണ്ടത്. അവരുടെ ചിന്തയാണു മാറേണ്ടത്.’’– കമ്രാൻ അക്മൽ ഒരു പാക്ക് മാധ്യമത്തോടു പ്രതികരിച്ചു.
ലോകകപ്പിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ഷഹീൻ അഫ്രീദിയെ ഏതാനും മത്സരങ്ങൾക്കു ശേഷം പിസിബി പുറത്താക്കിയിരുന്നു. പഴയ ക്യാപ്റ്റൻ ബാബർ അസമിനു തന്നെ വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകാനായിരുന്നു തീരുമാനം. പ്രകടനം മെച്ചപ്പെടാതിരുന്നതോടെയാണ് റിസ്‍വാനെ ക്യാപ്റ്റനാക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.