മോഹക്കപ്പ്!: ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് യുഎഇയിൽ തുടക്കം, ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസീലൻഡിനെതിരെ

Mail This Article
ദുബായ് ∙ പലവട്ടം ഉയർന്നുചാടിയിട്ടും മിസ്സായിപ്പോയ വോളിബോൾ സ്മാഷ് പോലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ട്വന്റി20 ലോകകപ്പ് ട്രോഫി. 5 തവണ സെമിഫൈനൽ കളിച്ചു, ഒരു തവണ ഫൈനലിലുമെത്തി. പക്ഷേ കപ്പിലേക്കു കപ്പലടുപ്പിക്കാൻ ടീമിന് ഇതുവരെയായിട്ടില്ല. വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് യുഎഇയിൽ ഇന്നു തുടക്കമാകുമ്പോൾ ഇന്ത്യ പ്രതീക്ഷിക്കുന്നത് കിരീടവിജയത്തിൽ കുറഞ്ഞ് ഒന്നുമല്ല!
ഇന്നു 2 മത്സരങ്ങൾ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഉദ്ഘാടന മത്സരത്തിൽ ബംഗ്ലദേശ് സ്കോട്‍ലൻഡിനെ നേരിടും. രാത്രി 7.30ന് പാക്കിസ്ഥാൻ – ശ്രീലങ്ക. നാളെ രാത്രി 7.30ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 20നാണ് ഫൈനൽ. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തൽസമയം.
10 ടീമുകൾ, 23 മത്സരങ്ങൾ
പുതുമുഖങ്ങളായ സ്കോട്‍ലൻഡ് ഉൾപ്പെടെ 10 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ 5 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രാഥമിക മത്സരങ്ങൾ. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് മികച്ച 4 ടീമുകൾ സെമിയിലേക്ക്. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കും ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയ്ക്കും പുറമേ പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇയിലെ ദുബായ്, ഷാർജ സ്റ്റേഡിയങ്ങളാണ് ലോകകപ്പിന്റെ വേദികൾ.
ആതിഥേയരില്ലാത്ത ലോകകപ്പ്
ബംഗ്ലദേശ് വേദിയൊരുക്കേണ്ട ട്വന്റി20 ലോകകപ്പാണ് അവിടത്തെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം അവസാന നിമിഷം യുഎഇയിലേക്കു മാറ്റിയത്. ആതിഥേയ ടീമായി ബംഗ്ലദേശ് നേരത്തേ യോഗ്യത നേടിയതിനാൽ യുഎഇ ടീമിനു ലോകകപ്പിൽ മത്സരിക്കാനാകില്ല.
മൈറ്റി ഓസീസ്
ഇതുവരെ നടന്ന 8 ലോകകപ്പുകളിൽ ആറിലും ജേതാക്കളായ ഓസ്ട്രേലിയയാണ് ടീമുകളിൽ കരുത്തർ. 2009ലെ പ്രഥമ വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടും 2016ൽ ജേതാക്കളായ വെസ്റ്റിൻഡീസുമാണ് മറ്റു ചാംപ്യൻ ടീമുകൾ. നിലവിലെ വനിതാ ട്വന്റി20 ടീം റാങ്കിങ്ങിൽ ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.
പ്രതീക്ഷയോടെ ഇന്ത്യ
തുടർച്ചയായ നാലാം ട്വന്റി20 ലോകകപ്പിലും ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമിറങ്ങുന്നത്. കഴിഞ്ഞ 3 ലോകകപ്പുകളിലും സെമിഫൈനൽ കളിച്ച ഇന്ത്യയ്ക്കു കിരീട പ്രതീക്ഷ നൽകുന്നത് ടീമിലെ സൂപ്പർ താരനിരയാണ്. ക്യാപ്റ്റൻ ഹർമനും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും നയിക്കുന്ന ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനു പരിചയ സമ്പത്താണ് കരുത്ത്.

സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചിൽ സ്പിന്നർമാരായ ദീപ്തി ശർമ, ആശ ശോഭന, ശ്രേയങ്ക പാട്ടീൽ എന്നിവർ തുറുപ്പുചീട്ടാകും. 15 അംഗ ഇന്ത്യൻ സ്ക്വാഡിൽ 6 ഓൾറൗണ്ടർമാരുമുണ്ട്. ജൂണിൽ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ നേട്ടമാണ് വനിതകൾക്കു മുന്നിലെ പാഠപുസ്തകം. ഗ്രൂപ്പ് റൗണ്ടിൽ ദുബായിലും ഷാർജയിലും ഇന്ത്യയ്ക്കു 2 മത്സരങ്ങൾ വീതമാണുള്ളത്.
19.65 കോടി രൂപ
23.4 ലക്ഷം യുഎസ് ഡോളറാണ് ഇത്തവണത്തെ ലോകകപ്പ് ചാംപ്യൻമാർക്കുള്ള സമ്മാനത്തുക (ഏകദേശം 19.65 കോടി രൂപ).