പാക്ക് ക്രിക്കറ്റിൽ ഇപ്പോഴും എല്ലാം ശുഭമല്ല; 2 വർഷ കരാറിൽ ചുമതലയേറ്റ കിർസ്റ്റൻ 6 മാസം തികയ്ക്കാതെ രാജിവച്ചു

Mail This Article
ഇസ്‍ലാമാബാദ്∙ രണ്ടു വർഷത്തെ കരാറിൽ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ പരിശീലകനും ദക്ഷിണാഫ്രിക്കയുടെ മുൻ താരവുമായ ഗാരി കിർസ്റ്റൻ, തൽസ്ഥാനത്ത് ആറു മാസം തികയ്ക്കും മുൻപേ രാജിവച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും ചില താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളാണ് കിർസ്റ്റന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പാക്കിസ്ഥാൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പരിശീലകന്റെ അപ്രതീക്ഷിത രാജി.
പാക്കിസ്ഥാന്റെ ടെസ്റ്റ് ടീം പരിശീലകനായ മുൻ ഓസീസ് താരം ജേസൺ ഗില്ലെസ്പിയെ ഏകദിന, ട്വന്റി20 ടീമുകളുടെയും താൽക്കാലിക പരിശീലകനായി നിയോഗിച്ചിട്ടുണ്ട്. താരങ്ങളുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതയ്ക്കു പുറമേ, ഡേവിഡ് റെയ്ഡിനെ ഹൈ പെർഫോമൻസ് കോച്ചായി നിയമിക്കാനുള്ള തന്റെ ആവശ്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തള്ളിയതിലുള്ള അമർഷവും കിർസ്റ്റന്റെ രാജിക്കു കാരണമായെന്നാണ് വിവരം. റെയ്ഡിനു പകരം പിസിബി മുന്നോട്ടുവച്ച പേരുകൾ കിർസ്റ്റനും അംഗീകരിച്ചിരുന്നില്ല.
ഓസ്ട്രേലിയ, സിംബാബ്‌വെ പര്യടനങ്ങൾക്കുള്ള പാക്കിസ്ഥാൻ ടീമിനെ പിസിബി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ ബാബർ അസമിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ ക്യാപ്റ്റനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് കഷ്ടിച്ച് നാലു മാസം ബാക്കിനിൽക്കെയാണ് കിർസ്റ്റന്റെ രാജിയെന്നതും ശ്രദ്ധേയം. ഏതാണ്ട് മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാക്കിസ്ഥാൻ ഒരു ഐസിസി ടൂർണമെന്റിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്. കിർസ്റ്റന്റെ രാജിയോടെ, അടിയന്തരമായി പുതിയ പരിശീലകനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് പിസിബി.
ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ജോലി ചെയ്തിരുന്ന കിർസ്റ്റൻ, ടൂർണമെന്റ് അവസാനിച്ചതിനു പിന്നാലെ മേയ് മാസം പകുതിയോടെയാണ് പാക്കിസ്ഥാൻ ടീമിനെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ചുമതലയേറ്റ കിർസ്റ്റന്റെ തുടക്കം തന്നെ തോൽവിയോടെയായിരുന്നു. പിന്നീട് ട്വന്റി20 ലോകകപ്പിൽ ദുർബലരായ യുഎസ്എ ഉൾപ്പെടെയുള്ള ടീമുകളോടും തോറ്റ് നേരത്തേ പുറത്തായി.