സ്പിൻ വിക്കറ്റ് ഒരുക്കിയിട്ടും ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? തിരിഞ്ഞു, കൊത്തി!
Mail This Article
സീമിൽ കറങ്ങിത്തിരിഞ്ഞ് ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത്, വിക്കറ്റ് ലക്ഷ്യമാക്കി വരുന്ന ഒരു ടോപ് സ്പിൻ പന്തിനെ എങ്ങനെ പ്രതിരോധിക്കും? ‘ബാറ്റിനും പാഡിനും ഇടയിൽ അൽപം പോലും വിടവു വരാതെ ഒരു പെർഫക്ട് ഫ്രണ്ട് ഫൂട്ട് ഡിഫൻസിലൂടെ നേരിടും’. ക്രിക്കറ്റ് അക്കാദമികളിൽ തുടങ്ങി ദേശീയ ടീം ക്യാംപിൽ വരെ ബാറ്റർമാരെ തല്ലിയും ചൊല്ലിയും പഠിപ്പിക്കുന്ന ഈ ബാലപാഠം പാടേ മറന്നാണ് ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്തത്.
ഒന്നാം ഇന്നിങ്സിൽ ഫുൾടോസിൽ പുറത്തായ വിരാട് കോലിയും സ്ലോഗ് സ്വീപ്പിനു ശ്രമിച്ച് ബോൾഡായ ഋഷഭ് പന്തും ഉൾപ്പെടെ അനാവശ്യ ഷോട്ടുകൾക്കും ഗുഡ് ലെങ്ത് പന്തുകൾ ബാക്ക് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ചുമൊക്കെ സ്പിന്നർമാർക്കെതിരെ വിക്കറ്റ് വലിച്ചെറിയുന്ന തിരക്കിലായിരുന്നു ഇന്ത്യൻ ബാറ്റർമാർ. സമീപകാലത്ത് സ്പിന്നർമാർക്കെതിരെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം പരിശോധിച്ചാൽ ഈ ‘സ്പിൻ ഭീതി’ ഈ പരമ്പരയിൽ തുടങ്ങിയതല്ലെന്ന് മനസ്സിലാകും.
∙ പേസ് വേരിയേഷൻ
വേഗം കുറയുന്നതിന് അനുസരിച്ച് പന്തുകൾ ടേൺ ചെയ്യാനുള്ള സാധ്യത കൂടുമെന്ന തത്വം പ്രയോഗത്തിൽ കൊണ്ടുവന്നാണ് കിവീസ് സ്പിന്നർമാർ ഇന്ത്യൻ ബാറ്റർമാരെ വലച്ചത്. രണ്ട് ഇന്നിങ്സുകളിലുമായി കിവീസ് സ്പിന്നർമാരുടെ ശരാശരി വേഗം മണിക്കൂറിൽ 87.9 കിലോമീറ്റർ ആയിരുന്നു. ഇന്ത്യൻ സ്പിന്നർമാരുടേത് 92.3 കിലോമീറ്ററും. ഈ 5 കിമീ/ മണിക്കൂർ വേഗ വ്യത്യാസമാണ് മത്സരത്തിൽ നിർണായകമായത്.
വേഗം കുറഞ്ഞതോടെ ഇന്ത്യൻ ബാറ്റർമാരുടെ പല എഡ്ജുകളും കൃത്യമായി സ്ലിപ്, ഷോർട്ട് ലെഗ് പൊസിഷനുകളിലുള്ള ഫീൽഡർമാരുടെ കൈകളിൽ എത്തി. മറുവശത്ത് വേഗമേറിയ ഇന്ത്യൻ സ്പിന്നർമാരുടെ പന്തുകളിൽ പലതും എഡ്ജിൽ തട്ടിയ ശേഷം സ്ലിപ്പിന് പിടിനൽകാതെ ബൗണ്ടറിയിലേക്കു കുതിച്ചുപാഞ്ഞു.
∙ ആ മതിലെവിടെ?
വിവിഎസ് ലക്ഷ്മൺ–രാഹുൽ ദ്രാവിഡ്, ചേതേശ്വർ പൂജാര– അജിൻക്യ രഹാനെ തുടങ്ങി എല്ലാ കാലത്തും മധ്യനിരയെ താങ്ങിനിർത്തിയ ‘മതിലുകൾ’ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അത്തരത്തിൽ മധ്യനിരയിൽ പ്രതിരോധക്കോട്ട തീർക്കാൻ സാധിക്കാതെ പോയതാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യൻ നിരയിൽ ആ റോൾ നിർവഹിക്കേണ്ടിയിരുന്ന സർഫറാസ് ഖാൻ രണ്ട് ഇന്നിങ്സിലുമായി ആകെ നേരിട്ടത് 39 പന്തുകൾ മാത്രം. നേടിയതാവട്ടെ 20 റൺസും.
സർഫറാസിനൊപ്പം ‘മതിൽ കെട്ടാൻ’ ചുമതലയുണ്ടായിരുന്ന സീനിയർ താരം വിരാട് കോലിക്ക് രണ്ട് ഇന്നിങ്സുകളിലുമായി പിടിച്ചുനിൽക്കാൻ സാധിച്ചത് 49 പന്തുകൾ മാത്രം. രണ്ട് ഇന്നിങ്സിലുമായി ഇന്ത്യയുടെ രണ്ടേ രണ്ടു സ്പെഷലിസ്റ്റ് ബാറ്റർമാർ മാത്രമാണ് 100 പന്തുകൾക്കു മുകളിൽ ക്രീസിൽ പിടിച്ചുനിന്നത്. മറുവശത്ത് ന്യൂസീലൻഡിന്റെ 4 ബാറ്റർമാർ 100ൽ അധികം പന്തുകൾ നേരിട്ടു.
∙ അശ്വിൻ മങ്ങി
ഹോം ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ കുന്തമുനയായ ആർ.അശ്വിൻ നിറംമങ്ങിയതാണ് ന്യൂസീലൻഡ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായ മറ്റൊരു ഘടകം. 2 ടെസ്റ്റുകളിലായി ആകെ 67 ഓവർ പന്തെറിഞ്ഞ അശ്വിന് 6 വിക്കറ്റുകൾ മാത്രമാണ് 4 ഇന്നിങ്സിലുമായി നേടാനായത്. പരമ്പരയിൽ 43.50 ആണ് അശ്വിന്റെ ബോളിങ് ശരാശരി.
ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ അശ്വിന്റെ രണ്ടാമത്തെ മോശം ബോളിങ് ശരാശരിയാണിത്. ആദ്യത്തേത് 2012ൽ ഇംഗ്ലണ്ടിനെതിരെ – 52.64. ആ ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റിരുന്നു എന്നത് മറ്റൊരു കൗതുകം.
∙ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ടോപ് 5 ബാറ്റർമാർ നേരിട്ട പന്തുകൾ
യശസ്വി ജയ്സ്വാൾ 125
രോഹിത് ശർമ 25
ശുഭ്മൻ ഗിൽ 103
വിരാട് കോലി 49
ഋഷഭ് പന്ത് 22