28–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാന്‍ സാം കറന്റെ സഹോദരൻ; സിംബാബ്‍വെയ്ക്കു വേണ്ടി കളിക്കും
Mail This Article
ലണ്ടൻ∙ സിംബാബ്‍വെ ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാം കറന്റെ സഹോദരൻ ബെൻ കറൻ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ബെൻ കറൻ ഇടം പിടിച്ചത്. സാം കറനും മറ്റൊരു സഹോദരനായ ടോം കറനും ഇംഗ്ലണ്ടിന്റെ താരങ്ങളാണ്. അതേസമയം ഇവരുടെ പിതാവ് കെവിന്‍ കറൻ രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‍വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
കെവിൻ കറന്റെ പാത പിന്തുടർന്നാണ് ബെൻ കറന്‍ സിംബാബ്‍വെ ടീമിലെത്തിയത്. ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറായിരുന്ന കെവിൻ കറൻ സിംബാബ്‍വെയ്ക്കായി 11 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സിംബാബ്‍വെ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും കെവിൻ കറൻ പ്രവർത്തിച്ചിട്ടുണ്ട്. 2012 ഒക്ടോബറിൽ സിംബാബ്‍വെയിലെ മഷോനലാൻഡ് ഈഗിൾസിന്റെ പരിശീലകനായിരിക്കെ 53–ാം വയസ്സിലാണ് കെവിൻ മരിക്കുന്നത്.
28 വയസ്സുകാരനായ ബെൻ കറൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽനിന്ന് 2429 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. മൂന്ന് സെഞ്ചറികളും 12 അർധ സെഞ്ചറികളും താരം സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ 36 മത്സരങ്ങളും ബെൻ കറൻ കളിച്ചിട്ടുണ്ട്. 2022 വരെ ഇംഗ്ലണ്ടിലെ നോർത്താംപ്ടൻഷെയര്‍ ടീമിന്റെ താരമായിരുന്നു ബെൻ. അതിനു ശേഷം സിംബാബ്‍വെയിലേക്കു താമസം മാറിയ ബെൻ, ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി. തുടർന്നാണ് ദേശീയ ടീമിൽ താരത്തിന് ഇടം ലഭിക്കുന്നത്.