കശ്മീരിനെതിരെ ചെറിയ സ്കോർ പ്രതിരോധിക്കണം, മുംബൈ താരങ്ങൾക്ക് രോഹിത്തിന്റെ ‘സ്പെഷൽ ക്ലാസ്’

Mail This Article
മുംബൈ∙ രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിനിടെ മുംബൈ ടീമിലെ സഹതാരങ്ങൾക്കു നിര്‍ദേശങ്ങൾ നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. 205 റൺസ് വിജയലക്ഷ്യമാണ് മുംബൈ ജമ്മു കശ്മീരിനു മുന്നിൽവച്ചത്. ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുൻപായിരുന്നു മുംബൈ താരങ്ങൾക്കു സീനിയർ താരമെന്ന നിലയിൽ രോഹിത് ശർമ നിര്‍ദേശങ്ങൾ നൽകിയത്.
മറുപടി ബാറ്റിങ്ങിൽ ലഞ്ചിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു നിൽക്കുകയാണു ജമ്മു കശ്മീർ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ കശ്മീരിന് ജയിക്കാൻ 120 റൺസ് കൂടി മതിയാകും. മൂന്നാം ദിവസം മുംബൈ ബോളർമാരുടെ പ്രകടനം മത്സരത്തില്‍ നിർണായകമാകും. 74 ഓവറുകള്‍ ബാറ്റു ചെയ്ത മുംബൈ 290 റൺസാണ് രണ്ടാം ഇന്നിങ്സിൽ നേടിയത്.
രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും (51 പന്തിൽ 26), രോഹിത് ശർമയും (35 പന്തിൽ 28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും 101 റൺസെടുക്കുന്നതിനിടെ മുംബൈയ്ക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസെടുത്തു പുറത്തായപ്പോൾ, ജമ്മു കശ്മീരിന്റെ മറുപടി 46.3 ഓവറിൽ 206 റൺസിൽ അവസാനിച്ചു.