ഹാട്രിക്കുമായി ഏദൻ ആപ്പിൾ ടോം തിളങ്ങി; സി.കെ.നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം

Mail This Article
അഗർത്തല∙ 23 വയസ്സിൽ താഴെയുള്ളവർക്കായുളള സി.കെ. നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തേ, ത്രിപുര രണ്ടാം ഇന്നിങ്സിൽ വെറും 40 റൺസിന് ഓൾഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറു വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമിന്റെയും അഖിന്റെയും ബോളിങ് പ്രകടനമാണ് ത്രിപുരയെ തകർത്തത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര കേരള പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഹാട്രിക്കുമായി ഏദൻ ആപ്പിൾ ടോമാണ് ത്രിപുരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ദീപ്ജോയ് ദേബ്, സപ്തജിത് ദാസ്, ആനന്ദ് ഭൗമിക് എന്നിവരെയാണ് ഏദൻ ആദ്യ ഓവറിൽ പുറത്താക്കിയത്.
ഒരു തിരിച്ചുവരവിന് അവസരം നൽകാതെ തുടർന്നെത്തിയവരെയും കേരള പേസർമാർ പവലിയനിലേക്ക് മടക്കി. ആറ് ബാറ്റർമാർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ടു പേർ മാത്രമാണ് ത്രിപുര നിരയിൽ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ സന്ദീപ് സർക്കാർ 20 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനായി ഏദൻ ആപ്പിൾ ടോം ആറും അഖിൻ നാലും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ, ആദ്യ ഇന്നിങ്സിൽ 217 റൺസിന് പുറത്തായ കേരളം 19 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. വരുൺ നായനാരും (50) അഹമ്മദ് ഇമ്രാനും (48) ചേർന്നുള്ള 99 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ നിർണായകമായത്. വാലറ്റത്ത് അഭിജിത് പ്രവീണും കിരൺ സാഗറും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസും നിർണായകമായി. അഭിജിത് പ്രവീൺ 49 റൺസുമായി പുറത്താകാതെ നിന്നു. കിരൺ സാഗർ 31 റൺസെടുത്തു. ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സർക്കാർ നാലും ഇന്ദ്രജിത് ദേബ്നാഥ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.