ദിവ്യയ്ക്ക് കൈകൊടുത്തു, കൈ നീട്ടിയിട്ടും വൈശാലിക്ക് അവഗണന; ‘അന്യസ്ത്രീകളെ തൊടാറില്ലാത്തതല്ല’ പ്രശ്നമെന്ന് വിമർശനം– വിഡിയോ
![divya-vaishali-yakkuboev 2023ൽ ദിവ്യ ദേശ്മുഖിന് ഹസ്തദാനം നൽകുന്ന യാക്കുബോയെവും, 2025ൽ വൈശാലിക്ക് ഹസ്തദാനം നിഷേധിക്കുന്ന യാക്കുബോയെവുമാണ് ആദ്യ ചിത്രങ്ങളിൽ. യാക്കുബോയെവ് രണ്ടാം ചിത്രത്തിൽ.](https://img-mm.manoramaonline.com/content/dam/mm/mo/sports/other-sports/images/2025/1/28/divya-vaishali-yakkuboev.jpg?w=1120&h=583)
Mail This Article
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ തയാറാകാതിരുന്നത് മതപരമായ കാരണങ്ങളാലാണെന്ന് വിശദീകരിച്ച് ക്ഷമ ചോദിച്ച ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ്, മുൻപ് മറ്റൊരു ഇന്ത്യൻ വനിതാ ഗ്രാൻഡ് മാസ്റ്ററിന് ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മതപരമായ വിശ്വാസമനുസരിച്ച് അന്യ സ്ത്രീകളെ സ്പർശിക്കാറില്ല എന്ന് വിശദീകരിച്ച താരമാണ്, കഴിഞ്ഞ വർഷം ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ദിവ്യ ദേശ്മുഖിന് ഹസ്തദാനം നൽകിയത്.
ഇതോടെ, മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നൽകാതിരുന്നതെന്ന വിശദീകരണം ചോദ്യചിഹ്‌നമായി. യാക്കുബോയെവിന്റെ പ്രവൃത്തി ‘റേസിസം’ ആണെന്ന വിമർശനവുമായി ഒരുവിഭാഗം രംഗത്തെത്തി.
നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് യാക്കുബോയെവ് വിവാദം സൃഷ്ടിച്ചത്. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെ, മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നതെന്ന് ഉസ്ബെക്കിസ്ഥാൻ താരം വ്യക്തമാക്കി. വൈശാലിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, അന്യസ്ത്രീയെ സ്പർശിക്കുന്ന കാര്യത്തിൽ മതപരമായ വിലക്കുള്ളതിനാലാണ് ഹസ്തദാനം നൽകാതെ പിൻവാങ്ങിയതെന്നുമാണ് താരത്തിന്റെ വിശദീകരണം. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹസ്തദാനത്തിന് വിസമ്മതിച്ച യാക്കുബോയെവ് മത്സരം തോൽക്കുകയും ചെയ്തു. മത്സരത്തിനു ശേഷം യാക്കുബോയെവിന് ഹസ്തദാനം നൽകാൻ വൈശാലി തയാറായതുമില്ല. ഇരുപത്തിമൂന്നുകാരനായ താരത്തിന് 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്.
∙ എന്തുകൊണ്ട് ദിവ്യയ്ക്ക് ഹസ്തദാനം?
അതേസമയം, വൈശാലിക്ക് ഹസ്തദാനം നൽകാത്ത സംഭവം വിവാദമായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിശദീകരണത്തിൽ, ദിവ്യയ്‌ക്ക് ഹസ്തദാനം നൽകിയത് തന്റെ ഭാഗത്തുനിന്ന് വന്ന പിഴവായി യാക്കുബോയെവ് ഏറ്റുപറഞ്ഞിട്ടുണ്ട്. ‘‘ഇതിനു മുൻപ് എന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ (2023ൽ ദിവ്യയുമായുള്ള മത്സരത്തിൽ ഉൾപ്പെടെ സംഭവിച്ച കാര്യങ്ങൾ) എന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാൻ മനസ്സിലാക്കുന്നു’’ എന്നാണ് ഇതേക്കുറിച്ച് യാക്കുബോയെവ് വിശദീകരണത്തിൽ പറയുന്നത്.
‘‘വൈശാലിയുമായുള്ള മത്സരത്തിലുണ്ടായ ആ സംഭവത്തിൽ എന്റെ ഭാഗം വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളോടും ഇന്ത്യൻ ചെസ് താരങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, മതപരമായ കാരണങ്ങളാൽ ഞാൻ അന്യ സ്ത്രീകളെ സ്പർശിക്കാറില്ല. ഇന്ത്യയിൽ നിന്നുള്ള ശക്തരായ ചെസ് താരങ്ങളെന്ന നിലയിൽ വൈശാലിയെയും സഹോദരനെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവർക്ക് അപമാനകരമായെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു.’ – ഇതായിരുന്നു യാക്കുബോയെവിന്റെ പോസ്റ്റിന്റെ പ്രധാന ഭാഗം.