ADVERTISEMENT

രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യയുടെ ടീം സിലക്ഷനെയും തന്ത്രങ്ങളെയും വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. നാലു സ്പിന്നർമാരെ ഉൾപ്പെടുത്തി ചെന്നൈയിലും രാജ്കോട്ടിലും ഇറങ്ങിയ ഇന്ത്യ, എന്നിട്ടും എന്തുകൊണ്ടാണ് അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദിച്ചു. രണ്ടു മത്സരങ്ങളിലും വാഷിങ്ടൻ സുന്ദർ ഓരോ ഓവർ മാത്രമാണ് ബോൾ ചെയ്തതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മികച്ച ബാറ്ററായ ധ്രുവ് ജുറേൽ ഇറങ്ങാനിരിക്കെ, വാഷിങ്ടൻ സുന്ദറിനെയും അക്ഷർ പട്ടേലിനെയും നേരത്തേ ബാറ്റിങ്ങിന് അയച്ചതിനെ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനും വിമർശിച്ചു.

‘‘നാലു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണെന്ന് നിങ്ങൾ പറയുന്നു. അത് അംഗീകരിക്കാം. പക്ഷേ, ആ നാലു പേർക്കും പരമാവധി ബോൾ ചെയ്യാവുന്ന 16 ഓവർ പൂർണമായും എറിയിക്കുന്നുണ്ടോ? ചെയ്യുന്നില്ലെന്നാണ് രണ്ടു കളികളിലെയും അനുഭവം. വാഷിങ്ടൻ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് ഒറ്റ ഓവർ മാത്രമാണ് എറിയിക്കുന്നത്. ഒറ്റ ഓവർ എറിയിക്കാനായി എന്തിനാണ് ഒരാളെ ടീമിലെടുക്കുന്നത്? വളരെ അപരിചിതമായി തോന്നുന്നു’ – ചോപ്ര പറഞ്ഞു.

ഒന്നാം ട്വന്റി20ക്കു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിക്കു പരുക്കേറ്റതോടെയാണ് ഇന്ത്യ വാഷിങ്ടൻ സുന്ദറിന് ടീമിൽ ഇടം നൽകിയത്. ചെന്നൈയിലെ രണ്ടാം ട്വന്റി20യിൽ ഒറ്റ ഓവർ മാത്രം ബോൾ ചെയ്ത താരം 9 റൺസ് വിട്ടുകൊടുത്തു. പിന്നാലെ രാജ്കോട്ടിലും സുന്ദർ കളിച്ചെങ്കിലും ബോൾ ചെയ്തത് ഒറ്റ ഓവർ, വിട്ടുകൊടുത്തത് 15 റൺസും. ബോളിങ് ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ട് എന്തുകൊണ്ടാണ് ബോളിങ്ങിന് ഉപയോഗിക്കാത്തതെന്നാണ് ചോപ്രയുടെ ചോദ്യം.

പേസ് ബോളർമാരെ വേണ്ടവിധം ഉപയോഗിക്കാത്തതിനെയും ചോപ്ര വിമർശിച്ചു. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ എന്നിവരാണ് പേസ് ബോളിങ് സാധ്യതകളായി ടീമിലുള്ളത്. പക്ഷേ, ഏറ്റവും സന്തുലിതമായ രീതിയിൽ ഇവരെ ഉപയോഗപ്പെടുത്താൻ ടീമിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘‘ഏറ്റവും മികച്ച ടീമിനെയാണ് നമ്മൾ കളത്തിലിറക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ആദ്യം അർഷ്ദീപി സിങ്ങാണ് പേസ് ആക്രമണം നയിച്ചത്. സഹായത്തിന് ഹാർദിക് പാണ്ഡ്യയും. മൂന്നാം മത്സരത്തിൽ മുഹമ്മദ് ഷമി കളിച്ചപ്പോഴും കൂടെ പാണ്ഡ്യ തന്നെ. ടീമിൽ വേറെ പേസ് ബോളർമാർ ഇല്ലാത്തതുകൊണ്ടല്ല, അവരെ കളിപ്പിക്കാൻ താൽപര്യമില്ല എന്നാണ് വ്യക്തമാകുന്നത്’ – ചോപ്ര പറഞ്ഞു.

ധ്രുവ് ജുറേലിനെ എട്ടാമനായി ബാറ്റിങ്ങിന് ഇറക്കിയതിനെയും ചോപ്ര ചോദ്യം ചെയ്തു. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനും സമാനമായ അഭിപ്രായം അറിയിച്ചു. ഏറ്റവും മികച്ച ബാറ്റർമാർ ബാറ്റിങ് ഓർഡറിൽ മുന്നിലാണ് ഇറങ്ങേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റർമാർ ആദ്യം ഇറങ്ങണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ധ്രുവ് ജുറേലിനേപ്പോലൊരു താരത്തെ എന്തിനാണ് ബാറ്റിങ് ഓർഡറിൽ ഇത്ര താഴെ ഇറക്കുന്നത്? ഒരറ്റത്ത് ഹാർദിക് പാണ്ഡ്യയ്‌ക്ക് പതിവു ഫോമിലേക്ക് എത്താനായില്ല. ഈ സമയത്ത് ക്രീസിൽ വന്ന് ഓവറിൽ ശരാശരി 10 റൺസ് വച്ച് നേടുന്നത് ജുറേലിനേപ്പോലൊരു താരത്തിന് ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നില്ല’ – പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.

English Summary:

India's T20 Defeat: Selection Blunders Under the Spotlight

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com