ഓടി പിച്ചിന്റെ നടുവിലെത്തിയ ജുറേലിന് സിംഗിൾ നിഷേധിച്ച് പാണ്ഡ്യ ‘ഷോ’, പിന്നാലെ പുറത്ത്; തിരിച്ചടിച്ച് മെല്ലെപ്പോക്ക്– വിഡിയോ
![hardik-pandya-dhruv-jurel സിംഗിൾ ഓടാൻ ശ്രമിച്ച ധ്രുവ് ജുറേലിനെ തിരിച്ചയയ്ക്കുന്ന ഹാർദിക് പാണ്ഡ്യ (വിഡിയോ ദൃശ്യം)](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2025/1/29/hardik-pandya-dhruv-jurel.jpg?w=1120&h=583)
Mail This Article
രാജ്കോട്ട്∙ തുടർച്ചയായ രണ്ടു ജയങ്ങൾക്കു ശേഷം രാജ്കോട്ട് ട്വന്റി20യിൽ ഇന്ത്യയെ തോൽവിയിലേക്കു തള്ളിവിട്ടത് അലക്ഷ്യമായ ബാറ്റിങ്ങും ബോളിങ്ങിലെ താളപ്പിഴകളും. ഒരു ഘട്ടത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിന്റെ വാലറ്റത്തെ തളയ്ക്കാൻ ഇന്ത്യൻ ബോളർമാർക്കു സാധിക്കാതിരുന്നത് മത്സരത്തിൽ നിർണായകമായി. അവസാന 2 വിക്കറ്റുകളിൽ നിന്നായി 25 പന്തിൽ 44 റൺസ് നേടിയാണ് ഇംഗ്ലണ്ട് മികച്ച ടോട്ടലിലെത്തിയത്. ഇന്ത്യ തോറ്റത് 26 റൺസിനാണെന്നതു കൂടി ഓർക്കണം! ഇതോടെ, 24 റൺസിന് 5 വിക്കറ്റുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ച സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനവും വിഫലമായി.
ഇതിനു പുറമേയാണ് അലക്ഷ്യമായ ബാറ്റിങ്ങും ടീമിന് തിരിച്ചടിയായത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ സഞ്ജു സാംസനും (3) അഭിഷേക് ശർമയും (24) സൂര്യകുമാർ യാദവും (14) ദുർബല ഷോട്ടുകളിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. പരമ്പരയിൽ മൂന്നാം തവണയും ജോഫ്ര ആർച്ചറുടെ ഷോർട് ബോൾ കെണിയിൽ കുരുങ്ങിയ സഞ്ജു സാംസന്റെ (6 പന്തിൽ 3 റൺസ്) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം ഓവറിൽ ബ്രൈഡൻ കാർസിനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച അഭിഷേകിനും (14 പന്തിൽ 24) പിഴച്ചു. മാർക്ക് വുഡിന്റെ അതിവേഗ പന്തിൽ സ്കൂപ്പിനു ശ്രമിച്ചായിരുന്നു സൂര്യകുമാറിന്റെ പുറത്താകൽ (7 പന്തിൽ 14). എട്ടാം ഓവറിൽ സ്പിന്നർ ആദിൽ റഷീദിന്റെ പന്തിൽ തിലക് വർമയും ബോൾഡായതോടെ (14 പന്തിൽ 18) ഇന്ത്യൻ പ്രതീക്ഷകൾ മങ്ങി.
ഒരറ്റത്തു പിടിച്ചുനിന്ന ഹാർദിക് പാണ്ഡ്യയുടെ ഫിനിഷിങ് മികവിൽ ഇന്ത്യ പ്രതീക്ഷ വച്ചെങ്കിലും, താരത്തിന് ഉദ്ദേശിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനായില്ല. മാത്രമല്ല, പാണ്ഡ്യയുടെ മെല്ലെപ്പോക്ക് മറ്റു ബാറ്റർമാരിൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കിയെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലും രംഗത്തെത്തി.
ആറാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് മാർക്ക് വുഡിനു വിക്കറ്റ് സമ്മാനിച്ച് പുറത്തായതോടെയാണ് പാണ്ഡ്യ ക്രീസിലെത്തുന്നത്. ഇന്ത്യ മൂന്നിന് 48 റൺസുമായി തീരെ മോശമല്ലാത്ത സ്ഥിതിയിൽ നിൽക്കുമ്പോഴാണ് പണ്ഡ്യ ബാറ്റിങ്ങിനെത്തിയത്. പിന്നീട് 19–ാം ഓവർ ക്രീസിൽ നിന്നിട്ടും ഒരു ഘട്ടത്തിലും റൺനിരക്ക് ഉയർത്താൻ താരത്തിനു കഴിഞ്ഞില്ലെന്നാണ് വിമർശനം. അഞ്ച് ഓവറിൽ 48 റൺസുമായി മുന്നോട്ടുപോയ ഇന്ത്യൻ ഇന്നിങ്സിനെ മന്ദഗതിയിലാക്കിയവരിൽ പ്രധാന പാണ്ഡ്യയാണ്. പിന്നെയുള്ളവർ അക്ഷർ പട്ടേലും വാഷിങ്ടൻ സുന്ദറും. ഹാർഡ് ഹിറ്ററായ ധ്രുവ് ജുറേലിനെ ‘ഒളിപ്പിച്ചു നിർത്തി’യാണ് ഇരുവരെയും നേരത്തേ ഇറക്കിയതെന്നതും ശ്രദ്ധേയം.
14 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഹാർദിക് കളത്തിലുണ്ടായിരുന്ന 8.5 ഓവറിൽ ഇന്ത്യ ആകെ നേടിയത് 42 റൺസാണ്. 21 പന്തുകൾ നേരിട്ട പാണ്ഡ്യ 14 റൺസാണ് ആകെ നേടിയത്. ഈ മെല്ലെപ്പോക്ക് മറ്റു താരങ്ങളിൽ അനാവശ്യ സമ്മർദത്തിനു കാരണമായെന്നാണ് പാർഥിവ് പട്ടേൽ ചൂണ്ടിക്കാട്ടുന്നത്.
17–ാം ഓവറിൽ മാർക്ക് വുഡിനെതിരെയും 18–ാം ഓവറിൽ ജോഫ്ര ആർച്ചറിനെതിരെയും ഓരോ സിക്സർ നേടിയെങ്കിലും, അപ്പോഴേക്കും ബാക്കിയുള്ള പന്തും ജയിക്കാൻ വേണ്ട റൺസും തമ്മിലുള്ള അകലം വലുതായിരുന്നു. ഇതിനിടെ, 18–ാം ഓവറിന്റെ അവസാന പന്തിൽ പാണ്ഡ്യ, യുവതാരം ധ്രുവ് ജുറേലിന് സിംഗിൾ നിഷേധിച്ചതും വിമർശനങ്ങൾക്കു കാരണമായി. ഇതോടെ സ്ട്രൈക്കിലെത്തിയ പാണ്ഡ്യ, 19–ാം ഓവറിലെ ആദ്യ പന്തിൽ ജെയ്മി ഓവർട്ടനു വിക്കറ്റ് സമ്മാനിച്ച് പുറത്താവുകയും ചെയ്തു. 35 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്തായിരുന്നു പാണ്ഡ്യയുടെ മടക്കം.
16 പന്തിൽ രണ്ടു ഫോർ സഹിതം 15 റൺസെടുത്ത അക്ഷർ പട്ടേൽ, 15 പന്തിൽ ആറു റൺസെടുത്ത വാഷിങ്ടൻ സുന്ദർ എന്നിവരുടെ ഇന്നിങ്സും ടീമിനു തിരിച്ചടിയായി.