സൂര്യയ്ക്കു സംശയം, ഡിആർഎസ് എടുക്കാൻ ക്യാപ്റ്റനെ നിർബന്ധിച്ച് സഞ്ജു; വിക്കറ്റിനു പിന്നിലെ ‘ബ്രില്യൻസ്’- വിഡിയോ

Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ജോസ് ബട്‍ലറുടെ വിക്കറ്റിനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നിർബന്ധിച്ച് റിവ്യൂ എടുപ്പിച്ച് വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍. സ്പിന്നര്‍ വരുൺ ചക്രവർത്തി എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലറുടെ പുറത്താകൽ. 22 പന്തുകളിൽ 24 റൺസെടുത്താണ് ഇംഗ്ലിഷ് ക്യാപ്റ്റന്റെ മടക്കം. വരുൺ ചക്രവർത്തിയുടെ പന്തിൽ റിവേഴ്സ് സ്വീപിന് ശ്രമിച്ച ബട്‍ലറെ വിക്കറ്റ് കീപ്പർ സഞ്ജു കയ്യിലൊതുക്കുകയായിരുന്നു.
എന്നാൽ ഫീൽഡ് അംപയർ ഔട്ട് അനുവദിച്ചില്ല.വരുൺ ചക്രവർത്തിക്കും സൂര്യയ്‌ക്കും വിക്കറ്റിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും, സഞ്ജു ഡിആർഎസ് എടുക്കാൻ നിർബന്ധിച്ചു. മനസ്സില്ലാ മനസ്സോടെ സൂര്യകുമാർ ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേയിൽ ബട്‍ലറുടെ ഗ്ലൗസിൽ പന്തു തട്ടിയിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ തന്റെ നോട്ടൗട്ട് തീരുമാനം തിരുത്തി ഔട്ട് അനുവദിച്ചു.
മൂന്നാം ട്വന്റി20യിൽ ഇംഗ്ലണ്ട് 26 റൺസ് വിജയമാണു നേടിയത്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 35 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്.