‘സ്പെഷൽ ക്ലാസും’ ഫലം കണ്ടില്ല, രാജ്കോട്ടിലും ആർച്ചറിന്റെ പന്തിൽ സഞ്ജു ഔട്ട്; പുറത്തായപ്പോൾ രോഷപ്രകടനം – വിഡിയോ
![sanju-archer പുറത്തായി മടങ്ങുന്ന സഞ്ജുവിന്റെ നിരാശ, ജോഫ്ര ആർച്ചർ. Photo: X@Johns](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2025/1/28/sanju-archer.jpg?w=1120&h=583)
Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജു സാംസണ് നിരാശ. ആറു പന്തുകൾ നേരിട്ട സഞ്ജു മൂന്ന് റൺസ് മാത്രമെടുത്താണു മൂന്നാം മത്സരത്തിൽ പുറത്തായത്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ സഞ്ജു മിഡ് ഓണിലേക്ക് ഉയർത്തി അടിച്ച പന്ത് ആദിൽ റാഷിദ് പിടിച്ചെടുക്കുകയായിരുന്നു.
ചെറിയ സ്കോറിനു പുറത്തായതിന്റെ നിരാശത്തിൽ രോഷപ്രകടനം നടത്തിയാണു സഞ്ജു ഗ്രൗണ്ട് വിട്ടത്. മൂന്നു മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിലെ സഹതാരം കൂടിയായ ജോഫ്ര ആർച്ചറുടെ പന്തിലാണു സഞ്ജു പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. മൂന്നാം ട്വന്റി20യിൽ ഇംഗ്ലിഷ് പേസർമാരെ നേരിടാൻ സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നെങ്കിലും മത്സരത്തിൽ അതു ഫലം കണ്ടില്ല.
ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകനായ സീതാൻഷു കോട്ടകിന്റെ മേൽനോട്ടത്തിൽ ത്രോഡൗൺ സ്പെഷലിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു സഞ്ജുവിന്റെ പ്രത്യേക പരിശീലന സെഷൻ. ആർച്ചർ ഉൾപ്പെടെയുള്ളവരുടെ പേസും ബൗൺസുമുള്ള പന്തുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന്, സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്തുകൾ നേരിട്ടായിരുന്നു പരിശീലനം. പിന്നീട് സൈഡ് നെറ്റിലും സഞ്ജു ദീർഘനേരം പരിശീലനം നടത്തി. ഈ ഘട്ടത്തിൽ പേസും ബൗൺസുമുള്ള പന്തുകളെ സഞ്ജു അനായാസം നേരിട്ടിരുന്നു.
ആദ്യ മത്സരത്തിൽ 20 പന്തുകൾ നേരിട്ട സഞ്ജു 26 റൺസാണു നേടിയത്. ഒരു സിക്സും നാലു ഫോറുകളും അടിച്ച താരം ആർച്ചറുടെ പന്തിൽ ഗുസ് അറ്റ്കിൻസൻ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു.രണ്ടാം മത്സരത്തിൽ ഏഴു പന്തുകളിൽ അഞ്ച് റൺസ് മാത്രമാണു സഞ്ജുവിന്റെ സമ്പാദ്യം. ആര്‍ച്ചർ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ബ്രൈഡൻ കാഴ്സ് ക്യാച്ചെടുത്താണു രണ്ടാം ട്വന്റി20യിൽ മലയാളി താരം മടങ്ങിയത്.