ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്; തിലക് വർമയ്ക്കും വരുൺ ചക്രവർത്തിക്കും വൻ നേട്ടം, സഞ്ജുവിന് ‘കുത്തനെ ഇറക്കം’!

Mail This Article
ദുബായ്∙ ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെയും തകർപ്പൻ പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബാറ്റർമാരുടെ റാങ്കിങ്ങിലും ബോളർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റിയിൽ അർധസെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വർമ, ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്ന് ഒരു 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തി ബോളർമാരിൽ അഞ്ചാം സ്ഥാനത്തെത്തി. കരിയറിൽ ഇരുവരുടെയും ഏറ്റവും മികച്ച റാങ്കിങ്ങാണിത്. അതേസമയം, മലയാളി താരം സഞ്ജു സാംസൺ 12 സ്ഥാനങ്ങൾ താഴേക്കിറങ്ങി 29–ാം സ്ഥാനത്തായി.
ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുൻപ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുപത്തിരണ്ടുകാരൻ തിലക് വർമ, രണ്ടാം ട്വന്റി20യിൽ 55 പന്തിൽ പുറത്താകാതെ നേടിയ 72 റൺസിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. രാജ്കോട്ടിൽ നടന്ന മൂന്നാം ട്വന്റി20യിൽ തിലക് വർമ 18 റൺസെടുത്ത് പുറത്തായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം ട്രാവിസ് ഹെഡിനേക്കാൾ 23 പോയിന്റ് മാത്രം പിന്നിലാണ് താരം. തിലകിന് 832, ഹെഡിന് 855 എന്നിങ്ങിനെയാണ് പോയിന്റ്.
മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഏറ്റവും പുതിയ റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്. പരമ്പരയിൽ ഇടം ലഭിക്കാതിരുന്ന യുവതാരം യശസ്വി ജയ്സ്വാൾ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ഒൻപതാമതായി. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനാണ് എട്ടാമത്. ഇംഗ്ലണ്ട് താരങ്ങളായ ഫിൽ സാൾട്ട് മൂന്നാമതും ജോസ് ബട്‍ലർ അഞ്ചാമതുമുണ്ട്. ബാബർ അസം, പാത്തും നിസ്സങ്ക എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളിൽ. ശ്രീലങ്കയുടെ കുശാൽ പെരേരയാണ് പത്താമത്.
ബോളർമാരുടെ റാങ്കിങ്ങിൽ ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ കയറിയാണ് വരുൺ ചക്രവർത്തി അഞ്ചാമതെത്തിയത്. പരമ്പര തുടങ്ങും മുൻപ് 30–ാം സ്ഥാനത്തായിരുന്ന വരുണിന്, ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് 10 വിക്കറ്റ് പിഴുത പ്രകടനമാണ് അഞ്ചാം സ്ഥാനത്തേക്കുള്ള കുതിപ്പിന് ഇന്ധനമായത്. ഇന്നലെ രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും, അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയായിരുന്നു കളിയിലെ കേമൻ.
അതേസമയം, ഇന്ത്യയ്‌ക്കെതിരെ രാജ്കോട്ടിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ ആദിൽ റഷീദാണ് ഒന്നാം സ്ഥാനത്ത്. 718 പോയിന്റാണ് താരത്തിനുള്ളത്. ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചർ ഒറ്റയടിക്ക് 13 സ്ഥാനങ്ങൾ കയറി വരുൺ ചക്രവർത്തിക്കു പിന്നിൽ ആറാമതുണ്ട്. അർഷ്ദീപ് സിങ് എട്ടാം സ്ഥാനത്തും അഞ്ച് സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങിയ രവി ബിഷ്ണോയ് 10–ാം സ്ഥാനത്തുമുണ്ട്. ഇന്ത്യൻ ഉപനായകൻ അക്ഷർ പട്ടേൽ അഞ്ച് സ്ഥാനങ്ങൾ കയറി 11–ാമതെത്തി.
വെസ്റ്റിൻഡീസ് താരം അഖീൽ ഹുസൈനാണ് രണ്ടാമതുള്ളത്. ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ മൂന്നാമതും ഓസ്ട്രേലിയയുടെ ആദം സാംപ നാലാമതുമുണ്ട്.