ചാംപ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാനിൽ തുടക്കമാകാനിരിക്കെ പിൻമാറി സ്റ്റാർക്കും; ടീമിനു പുറത്തുപോകുന്ന അഞ്ചാമൻ, ഓസീസിന് ‘ക്ഷീണം’!

Mail This Article
സിഡ്നി∙ പാക്കിസ്ഥാനിൽ ഈ മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിൽനിന്ന് പേസ് ബോളർ മിച്ചൽ സ്റ്റാർക്കും പിൻമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റാർക്കിന്റെ പിൻമാറ്റം. ഇതോടെ, ചാംപ്യൻസ് ട്രോഫിക്കായി ഓസ്ട്രേലിയ പ്രഖ്യാപിച്ച ആദ്യ ടീമിൽനിന്ന് ഒഴിവാകുന്ന അഞ്ചാമത്തെ താരമായി സ്റ്റാർക്ക്. ഇവർക്കു പകരം അഞ്ച് പുതിയ താരങ്ങളെ ഉൾപ്പെടുത്തി 15 അംഗ ടീമിനെയും ഓസ്ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റൻ.
ക്യാപ്റ്റൻ പാറ്റ് കമിൻസ് ഉൾപ്പെടെ ഓസ്ട്രേലിയൻ ടീമിലെ മൂന്നു താരങ്ങൾ പരുക്കുമൂലം പിൻമാറിയിരുന്നു. കമിൻസിനു പുറമേ പേസ് ബോളർ ജോഷ് ഹെയ്‌സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർ ടീമിനു പുറത്തായിരുന്നു. ഇവർക്കു പുറമേ, ടീമംഗമായിരിക്കെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.
ടീമിലെ പ്രമുഖരായ അഞ്ച് താരങ്ങൾ പുറത്തായതോടെ ഇവർക്കു പകരം ബെൻ ഡ്വാർഷിയൂസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, സ്പെൻസർ ജോൺസൺ, തൻവീർ സാംഗ, ഷോൺ ആബട്ട് എന്നിവരെ ഉൾപ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം കൂപ്പർ കൊണോലിയെ ട്രാവലിങ് റിസർവായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ടീം
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ