‘യൂണിവേഴ്സ് ബോസിനെ സിക്സറടിച്ച് തോൽപിക്കാൻ മാത്രമായോ; ഹിറ്റ്മാൻ, താങ്കളെന്തു മാജിക്കാണ് ചെയ്തത്?’

Mail This Article
ന്യൂഡൽഹി ∙ ‘ഹിറ്റ്മാൻ... താങ്കളെന്തു മാജിക്കാണ് ചെയ്തത്? യൂണിവേഴ്സ് ബോസിനെ സിക്സറടിച്ച് തോൽപിക്കാൻ മാത്രമായോ !!’’ ചോദിക്കുന്നത് മറ്റാരുമല്ല, യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ൽ തന്നെയാണ്. ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ ക്രിസ് ഗെയ്‌ലിനെ കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ മറികടന്നത്. ഇതേക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഗെയ്‌ൽ.
ഉത്തർപ്രദേശിലെ ടെൻ10 ലീഗിൽ കളിക്കുന്ന പ്രാദേശിക ക്രിക്കറ്റ് ടീമിന്റെ പ്രചാരണ പരിപാടിക്ക് ഡൽഹിയിലെത്തിയ മുൻ വെസ്റ്റിൻഡീസ് താരം മനോരമയോട് സംസാരിക്കുന്നു...
∙ ഐപിഎൽ വിട്ടതിനുശേഷം ഏതു ടീമിനോടാണ് കൂടുതൽ ഇഷ്ടം?
ഞാൻ എന്നും ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ഫാനാണ്. ഇപ്പോൾ എല്ലാ ടീമുകളുടെയും കളി ആസ്വദിച്ച് കാണാറുണ്ട്. പുതിയ ഒട്ടേറെപ്പേർ എന്റർടെയ്നിങ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. പക്ഷേ, (കണ്ണിറുക്കി ചിരിച്ചുകൊണ്ട്) ഇപ്പോഴും ഐപിഎൽ ഒരു ‘യൂണിവേഴ്സ് ബോസിനെ’ മിസ് ചെയ്യുന്നുണ്ട്.
∙ സ്വന്തം റെക്കോർഡുകൾ ഓരോന്നായി തിരുത്തപ്പെടുകയാണല്ലോ. എന്തു തോന്നുന്നു?
ക്രിക്കറ്റിൽ ഒരു റെക്കോർഡും എന്നും നിലനിൽക്കുന്നതല്ലല്ലോ. നല്ല കളിക്കാർ എപ്പോഴും പുതിയ പുതിയ ഉയരങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കും. സിക്സറുകളുടെ എണ്ണത്തിൽ എന്നെ മറികടന്ന രോഹിത് ശർമയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹം ഹിറ്റ്മാനാണ്, ഹിറ്റ് ചെയ്യുക എന്നതാണ് രോഹിത്തിന്റെ ചിന്ത തന്നെ. ഒരിക്കൽ ഞങ്ങൾ ഒന്നിച്ച് കാണികളെ രസിപ്പിച്ചു, അദ്ദേഹം ഇപ്പോഴും ആ രസച്ചരട് പൊട്ടിക്കാതെ മുന്നോട്ടു പോകുന്നതിൽ സന്തോഷമേയുള്ളു.
∙ ഗെയ്‌ലിനെ പേടിയുള്ള ബോളർമാർ ഏറെയുണ്ട്. എന്നാൽ, ഏതെങ്കിലും ബോളറെ ഗെയ്‌ൽ പേടിച്ചിട്ടുണ്ടോ?
വെല്ലുവിളികൾ എനിക്കിഷ്ടമാണ്. ഒരു ബോളറെയും ഭയന്നു മാറിനിന്നിട്ടില്ല, എന്നാൽ, അൽപം ഹോംവർക്ക് ചെയ്തശേഷം നേരിട്ട ഒട്ടേറെ ബോളർമാരുണ്ട്.
∙ ഒരു റോൾസ് റോയ്സ് കാർ വാങ്ങിച്ചതിലും അധികം പണം ചെലവാക്കിയാണ് ആ കാറിന് ഇഷ്ട നമ്പർ നേടിയത് എന്നു കേട്ടിട്ടുണ്ട്. ജീവിതം ആഘോഷിക്കുകയാണോ ക്രിസ് ഗെയ്‌ൽ?
ഉറപ്പായും. എല്ലാവരും പരമാവധി ആസ്വദിച്ച് ജീവിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. വിഷമിച്ചു നിൽക്കാതെ ചാടിയിറങ്ങി ആഘോഷിക്കുക, നമ്മളാണ് ഏറ്റവും മികച്ചത് എന്നങ്ങു ചിന്തിച്ചാൽ മതി, പിന്നെയെല്ലാം നമ്മൾ വിചാരിക്കുന്നപോലെ ചെയ്യാനാകും.
∙ ഈ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഏതൊക്കെ ടീമുകളെത്തും എന്നാണു കരുതുന്നത്?
ചാംപ്യൻസ് ട്രോഫി വീണ്ടും നടക്കുന്നതിൽ സന്തോഷമുണ്ട്, എന്നാൽ ഇത്തവണ വെസ്റ്റിൻഡീസ് ഇല്ലാത്തതിൽ വിഷമവുമുണ്ട്. യൂണിവേഴ്സ് ബോസിന്റെ ടീമില്ലാതെയാണ് ചാംപ്യൻഷിപ് നടക്കുന്നതെങ്കിലും ബോസ് കളി കാണാനുണ്ടാവും. സെമിഫൈനലിനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ടീമുകൾ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയാണ്.