ഗില്ലിന്റെ സെഞ്ചറിക്കു മറുപടിയില്ല, ഇംഗ്ലണ്ട് 214ന് ഓള്‍ഔട്ട്! അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

Mail This Article
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ടീം ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. ആദ്യം ബാറ്റു ചെയ്ത് 356 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ, മറുപടിയിൽ ഇംഗ്ലണ്ടിനെ 214 റൺസിനു ചുരുട്ടിക്കെട്ടി. അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് 142 റണ്‍സ് വിജയം. ആദ്യ രണ്ടു കളികളും തോറ്റ് ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ‘വൈറ്റ് വാഷ്’ എന്ന നാണക്കേടും ചുമന്നാണ് ഇന്ത്യയിൽനിന്നു മടങ്ങുന്നത്. സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലാണു കളിയിലെ താരം. പരമ്പരയിൽ ഇന്ത്യ 3–0ന് മുന്നിലെത്തി.
ടോം ബാന്റനും (41 പന്തിൽ 38), ഗുസ് അക്കിൻസനും (19 പന്തിൽ 38) ആണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. ബെൻ ഡക്കറ്റ് (22 പന്തിൽ 34), ജോ റൂട്ട് (29 പന്തിൽ 24), ഫിൽ സോൾട്ട് (21 പന്തിൽ 23) എന്നിവരും പൊരുതിനോക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണർമാരായ ഫിൽ സോൾട്ടിനെയും ബെൻ ഡക്കറ്റിനെയും അര്‍ഷ്ദീപ് സിങ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ആദ്യ പത്തോവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്ത ഇംഗ്ലണ്ട്, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പ്രതിരോധത്തിലായി. ഹാരി ബ്രൂക്കും (19 റൺസ്), ക്യാപ്റ്റൻ ജോസ് ബട്‍ലറും (ആറ്), മധ്യനിരയിലെ വമ്പനടിക്കാരനായ ലിയാം ലിവിങ്സ്റ്റനും (ഒൻപത്) അതിവേഗം പുറത്തായപ്പോൾ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചു. വാലറ്റത്ത് അക്കിൻസണിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലിഷ് സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.


ഗില്ലിന് സെഞ്ചറി, ശ്രേയസും കോലിയും തിളങ്ങി, ഇന്ത്യയ്ക്കു വമ്പൻ സ്കോർ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 356 റൺസെടുത്തു പുറത്തായി. ശുഭ്മൻ ഗിൽ സെഞ്ചറി നേടി ഇന്ത്യയെ മുന്നിൽനിന്നു നയിച്ചു. 95 പന്തുകളിൽനിന്നാണ് ഗില്‍ ഏകദിന ക്രിക്കറ്റ് കരിയറിലെ ഏഴാം സെഞ്ചറി നേടിയത്. 102 പന്തുകൾ നേരിട്ട താരം 112 റൺസെടുത്തു പുറത്തായി. ആദിൽ റാഷിദിന്റെ പന്തിൽ ഗിൽ ബോൾഡാകുകയായിരുന്നു.ശ്രേയസ് അയ്യർ (64 പന്തിൽ 78), വിരാട് കോലി (55 പന്തിൽ 52) എന്നിവർ അർധ സെഞ്ചറിയുമായി തിളങ്ങി. കെ.എൽ. രാഹുൽ (29 പന്തിൽ 40), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 17), വാഷിങ്ടൻ സുന്ദർ (14 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ ഒരു റൺ മാത്രമെടുത്തു പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത്തിന്റെ മടക്കം.രോഹിത്തിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് ശുഭ്മൻ ഗില്ലും വിരാട് കോലിയും കൈകോർത്തതാണു രക്ഷയായത്. ആറു റൺസിൽ നിൽക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീണത് 122 റൺസിലായിരുന്നു. 19–ാം ഓവറില്‍ ആദിൽ റാഷിദിന്റെ അവസാന പന്തിൽ വിരാട് കോലി പുറത്തായി. ഫോം കണ്ടെത്താനാകാതെ തുടർച്ചയായി പരാജയപ്പെട്ട കോലിക്ക് ആശ്വാസമാകും ഈ അർധ സെഞ്ചറി.

പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകർത്തടിച്ചതോടെ ഇന്ത്യ 200 ഉം കടന്നു മുന്നേറി. സ്കോർ 226 ൽ എത്തിയപ്പോഴായിരുന്നു ഗില്ലിന്റെ മടക്കം. 39–ാം ഓവറിൽ ആദിൽ റാഷിദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട് ക്യാച്ചെടുത്ത് അയ്യരെയും മടക്കി. 40 റൺസെടുത്ത രാഹുലിനെ സാക്കിബ് മഹ്മൂദ് എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ് നാലു വിക്കറ്റുകൾ വീഴ്ത്തി.

