ബുമ്ര, പാണ്ഡ്യ ബ്രദേഴ്സ്, റോബിൻ മിൻസ്, വിഘ്നേഷ് പുത്തൂർ...; ഇന്ത്യയിലുടനീളം സഞ്ചരിച്ച് മുംബൈയുടെ ‘പിള്ളേരെ പിടിത്തക്കാർ’!

Mail This Article
ജാർഖണ്ഡിലെ ലോക്കൽ ടൂർണമെന്റുകളിൽ മാത്രം കളിച്ചിട്ടുള്ള ഇരുപത്തിരണ്ടുകാരൻ റോബിൻ മിൻസ് എങ്ങനെ ഐപിഎലിൽ എത്തി? കേരള സീനിയർ ടീമിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂരിന് ഐപിഎലിൽ അവസരം ലഭിച്ചതെങ്ങനെ? ബോളിങ് ആക്‌ഷന്റെ പേരിൽ എല്ലാവരാലും ‘തഴയപ്പെട്ട’ ജസ്പ്രീത് ബുമ്ര, ഇന്ന് ലോകത്തെ ഒന്നാം നമ്പർ പേസർ ആകാനുള്ള കാരണക്കാർ ആരാണ്?
ചോദ്യങ്ങൾ തിരിച്ചും മറിച്ചും ആവർത്തിച്ചാലും ഉത്തരം ഒന്നുതന്നെ– മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീം ! ആഭ്യന്തര താരങ്ങളെ തിരഞ്ഞുപിടിച്ച് ക്യാംപിലെത്തിച്ച് ഐപിഎലിലൂടെ വളർത്തി ഇന്ത്യൻ ടീമിനു സമ്മാനിക്കുന്ന ‘ടാലന്റ് ഫാക്ടറിയാണ്’ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം. അക്കൂട്ടത്തിലെ പുതിയ അഡ്മിഷനാണ് വിഘ്നേഷ് പുത്തൂരും റോബിൻ മിൻസും!
∙ വിഘ്നേഷ് വന്ന വഴി
കഴിഞ്ഞ സെപ്റ്റംബറിൽ തിരുവനന്തപുരത്തു കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) നടന്നപ്പോൾ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടും മുൻ മുംബൈ താരവുമായ സൗരഭ് തിവാരി എത്തിയിരുന്നു. അവിടെ വച്ചാണ് ആലപ്പി റിപ്പിൾസ് താരമായ ചൈനാമാൻ ബോളർ വിഘ്നേഷിനെ സൗരഭ് ശ്രദ്ധിച്ചത്.

ഉടൻ തന്നെ മുംബൈ ടീമിന്റെ ‘സാധ്യതാ ലിസ്റ്റിൽ’ വിഘ്നേഷിനെ ഉൾപ്പെടുത്തി. പിന്നാലെ താരലേലത്തിൽ മുംബൈ വിഘ്നേഷിനെ സ്വന്തമാക്കി. പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കുകയും ചെയ്തു.
∙ എന്താണ് സ്കൗട്ടിങ്?
ആഭ്യന്തര തലത്തിലെ മികച്ച കായികതാരങ്ങളെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്നവരെയാണ് സ്കൗട്ട് എന്നു വിളിക്കുക. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ സ്കൗട്ടുമാരാണ് ഇത്തരത്തിൽ ആദ്യം ലോകശ്രദ്ധ നേടിയത്. അർജന്റീനയിലെ റൊസാരിയോയിൽനിന്നു ലയണൽ മെസ്സിയെ സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു കൊണ്ടുവന്ന കാർലോസ് റെക്സാച്ചിനെപ്പോലുള്ള സ്കൗട്ടുമാർ ലോകപ്രശസ്തർ.
ഇതേ മാതൃകയിലാണ് ഐപിഎലിലെ സ്കൗട്ടിങ്ങും. ഐപിഎലിൽ എല്ലാ ടീമുകൾക്കും സ്കൗട്ടുമാരുണ്ട്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവരെ കണ്ടെത്തി ടീമിലെത്തിക്കുന്നതാണ് ഇവരുടെ ജോലി.
∙ ബുമ്രയെ കണ്ടെത്തൽ
2013ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ജസ്പ്രീത് ബുമ്രയെ മുംബൈ ഇന്ത്യൻസ് കണ്ടെത്തിയത്. മുംബൈയുടെ സ്കൗട്ടായിരുന്ന, മുൻ ഇന്ത്യൻ കോച്ച് ന്യൂസീലൻഡുകാരൻ ജോൺ റൈറ്റ് അന്നു മത്സരങ്ങൾ കാണാനെത്തിയിരുന്നു. ബറോഡ താരമായിരുന്ന ബുമ്രയുടെ കൗതുകകരമായ ബോളിങ് ആക്‌ഷനും ഭേദപ്പെട്ട പേസും റൈറ്റ് ശ്രദ്ധിച്ചു.

മത്സരശേഷം ബുമ്രയുമായി സംസാരിച്ച റൈറ്റ്, അന്നു തന്നെ മുംബൈ ടീം മാനേജർ രാഹുൽ സാങ്‌വിയെ ബന്ധപ്പെടുകയും ബുമ്രയെ ടീമിൽ എടുക്കണമെന്നു നിർദേശിക്കുകയും ചെയ്തു. പിറ്റേന്നു തന്നെ മുംബൈ ടീം ബുമ്രയുമായി കരാറൊപ്പിട്ടു.
∙ മിൻസ് എന്ന മിടുക്കൻ
കഴിഞ്ഞ സീസണിലാണ് ജാർഖണ്ഡിൽ നിന്നുള്ള ഹാർഡ് ഹിറ്റർ റോബിൻ മിൻസിനെ മുംബൈ ടീമിന്റെ സ്കൗട്ടിങ് സംഘം കണ്ടെത്തുന്നത്. അത്തവണ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മിൻസ് താരലേലത്തിൽ റജിസ്റ്റർ ചെയ്തു. വലിയ ചെലവില്ലാതെ മിൻസിനെ സ്വന്തമാക്കാമെന്ന മുംബൈയുടെ കണക്കുകൂട്ടൽ തെറ്റിച്ചത് ഗുജറാത്ത് ടൈറ്റൻസാണ്.

മിൻസിനെക്കുറിച്ച് കേട്ടറിഞ്ഞ ഗുജറാത്ത് 3.60 കോടി രൂപയ്ക്കു ജാർഖണ്ഡ് താരത്തെ സ്വന്തമാക്കി. എന്നാൽ, ആ സീസണിൽ പരുക്കുമൂലം മിൻസിനു കളിക്കാൻ സാധിച്ചില്ല. അതോടെ ഇത്തവണ വീണ്ടും ലേലത്തിനെത്തി. 65 ലക്ഷം രൂപയ്ക്കാണ് ഇത്തവണ മിൻസിനെ മുംബൈ സ്വന്തമാക്കിയത്.
∙ പാണ്ഡ്യ ബ്രദേഴ്സ്
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും മുംബൈയിലെത്തിയത്. 2015ൽ ബറോഡയ്ക്കു വേണ്ടി രഞ്ജി ട്രോഫി മത്സരം കളിക്കുമ്പോഴാണ് ഹാർദിക് റഡാറിൽപ്പെട്ടത്. ഹാർദിക്കിന്റെ മികവ് തിരിച്ചറിഞ്ഞ സ്കൗട്ടിങ് ടീം ആ വർഷത്തെ ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കു താരത്തെ മുംബൈയിൽ എത്തിച്ചു. ഹാർദിക്കിനു പിന്നാലെ സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും മുംബൈയിലേക്കു കൊണ്ടുവന്നു.

പിന്നീടുള്ള സീസണുകളിൽ മുംബൈയുടെ മധ്യനിര കൈകാര്യം ചെയ്തിരുന്നത് പാണ്ഡ്യ സഹോദരൻമാരായിരുന്നു. ഇഷാൻ കിഷൻ, തിലക് വർമ, രാഹുൽ ചാഹർ തുടങ്ങിയവരും ഇത്തരത്തിൽ മുംബൈ ടീമിലൂടെ വളർന്നവരാണ്.