കേരള ബ്ലാസ്റ്റേഴ്സ് താരം കൊച്ചിയിൽവച്ച് ബൈക്കപകടത്തിൽപെട്ടു, താടിയെല്ലിനു പരുക്ക്

Mail This Article
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് വാഹനാപകടത്തിൽ പരുക്ക്. ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിവ് മിഡ്ഫീൽഡർ ഫ്രെഡി ലാലവ്മൗമയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി കുണ്ടന്നൂരിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റത്. താരത്തിന്റെ താടിയെല്ലിനു പരുക്കുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
താരത്തിന് ഇനി എന്ന് കളിക്കാൻ സാധിക്കുമെന്നു വ്യക്തമല്ല. മെഡിക്കൽ സംഘം താരത്തിന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യന്‍ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്. ആറു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് നാലു വിജയങ്ങളുമായി 13 പോയിന്റുണ്ട്.
അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മറികടന്നത്. നവംബർ 25 ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. 21 വയസ്സുകാരനായ ഫ്രെഡി ഡിഫൻസിവ് മിഡ്ഫീൽഡറായാണു കളിക്കുന്നത്. ഈ വർഷമാണു താരം ടീമിനൊപ്പം ചേർന്നത്. നിലവിൽ 2026 വരെ ഫ്രെഡിക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഡിഫൻസിവ് മിഡ്ഫീൽഡർ ജീക്സൻ സിങ്ങും പരുക്കേറ്റു കളത്തിനു പുറത്താണ്.