കോപ അമേരിക്ക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കുമോ? നിലവിൽ നന്നായി കളിക്കുന്നുണ്ടെന്ന് മെസ്സിയുടെ മറുപടി

Mail This Article
മയാമി ∙ വരുന്ന ജൂണിൽ നടക്കുന്ന കോപ അമേരിക്ക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. തനിക്ക് ഇപ്പോൾ നന്നായി കളിക്കാൻ കഴിയുന്നുണ്ടെന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മെസ്സി ബിഗ് ടൈം പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 37 വയസ്സ് തികയാൻ മാസങ്ങൾ മാത്രം ശേഷിക്കെ തന്റെ ബൂട്ടഴിക്കാൻ പ്രായം ഒരു ഘടകമല്ലെന്നും മെസ്സി വ്യക്തമാക്കി.
‘‘നന്നായി കളിക്കുന്നില്ലെന്നോ, കളി ആസ്വദിക്കാനാവുന്നില്ലെന്നോ സഹതാരങ്ങളെ സഹായിക്കാനാവില്ലെന്നോ തോന്നുന്ന നിമിഷം ഞാൻ വിരമിക്കും. സ്വയം വിമർശനം നന്നായി നടത്തുന്ന ആളാണ് ഞാൻ. എന്റെ കളി നന്നാവുന്നതും മോശമാവുന്നതും എനിക്ക് മനസ്സിലാവും. മോശമാണെന്നു തോന്നിയാല്‍ പ്രായത്തെക്കുറിച്ച് ചിന്തിക്കാതെ ഞാൻ കളി നിർത്തും. നിലവിൽ നന്നായി കളിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഭാവിയേക്കുറിച്ച് ആശങ്കപ്പെടാതെ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ട്. അതിനാൽ കുറച്ചുകാലം കൂടി തുടരാനാവുമെന്നാണ് പ്രതീക്ഷ’’ –മെസ്സി പറഞ്ഞു.
ക്ലബ് ഫുട്ബോളിൽ 17 വർഷം ബാർസലോണയ്ക്കായി കളിച്ച മെസ്സി 2021ൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ എത്തി. അവിടെനിന്ന് കഴിഞ്ഞ വർഷമാണ് അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിൽ ചേക്കേറിയത്. പരുക്കുകാരണം എല്‍സാവദോറിനും കോസ്റ്റാറിക്കയ്ക്കുമെതിരായ അർജന്‍റിനയുടെ അവസാന രണ്ട് സൗഹൃദ മത്സരങ്ങളിൽ മെസ്സി കളിച്ചിരുന്നില്ല. കോപ അമേരിക്കയോടെ വിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അർജന്‍റൈൻ നായകൻ തന്റെ നിലപാടു വ്യക്തമാക്കിയത്.