ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്‍സ്പറിനെ വീഴ്ത്തി ആർസനൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആർസനലിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 2–1ന് തോൽപ്പിച്ചു. പരുക്കേറ്റ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ്, സസ്പെൻഷൻ നേരിടുന്ന മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് എന്നിവരെ കൂടാതെ കളത്തിലിറങ്ങിയ ആർസനൽ, 64–ാം മിനിറ്റിൽ ഗബ്രിയേൽ നേടിയ ഹെഡർ ഗോളിലാണ് വിജയം പിടിച്ചെടുത്തത്.

വിജയത്തോടെ, നാലു കളികളിൽനിന്ന് 10 പോയിന്റുമായി ആർസനൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ന്യൂകാസിൽ യുണൈറ്റഡിനും 10 പോയിന്റുണ്ടെങ്കിലും മൂന്നാമതാണ്. കഴിഞ്ഞ ദിവസം നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റ ലിവർപൂൾ നാലാം സ്ഥാനത്താണ്. നാലു കളികളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി 12 പോയിന്റുമായി ഒന്നാമതുണ്ട്.

സ്പാനിഷ് ലാലിഗയിൽ ബാർസിലോന കുതിപ്പു തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം കുറിച്ചു. ജിറോണ എഫ്‍സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് വലൻസിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും, അത്‍ലറ്റിക് ക്ലബ് ലാസ് പാൽമാസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു.

യുവതാരം ലമീൻ യമാലിന്റെ ഇരട്ടഗോൾ മികവിലാണ് ബാർസയുടെ അഞ്ചാം ജയം. 30, 37 മിനിറ്റുകളിലാണ് യമാൽ ലക്ഷ്യം കണ്ടത്. ബാർസയുടെ മറ്റു ഗോളുകൾ ഡാനി ഓൽമോ (47–ാം മിനിറ്റ്), പെഡ്രി (64–ാം മിനിറ്റ്) എന്നിവരുെട വകയാണ്. ജിറോണയുടെ ആശ്വസ ഗോൾ 80–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രിസ്റ്റ്യൻ സ്റ്റുവാനി നേടി. യുവതാരം ഫെറാൻ ടോറസ് 86–ാം മിനിറ്റിൽ ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ബാർസ മത്സരം പൂർത്തിയാക്കിയത്.

വിജയത്തോടെ ലാലിഗയിലെ പോയിന്റ് പട്ടികയിൽ അഞ്ച് വിജയങ്ങൾ സഹിതം 15 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനം നിലനിർത്തി. അത്‌ലറ്റിക്കോ മഡ്രിഡ് (11), റയൽ മഡ്രിഡ് (11), വിയ്യാ റയൽ (11) എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.

English Summary:

Arsenal Conquers Tottenham in Thrilling North London Derby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com