സന്തോഷ് ട്രോഫിക്ക് ‘രാപകൽ’ പരിശീലനം; ഫ്ലഡ്‌ലൈറ്റിൽ പരിശീലനവുമായി കേരള ടീം
Mail This Article
കോട്ടയം ∙ രാത്രി വെട്ടത്തിലെ കളി പഠിക്കാൻ കേരള സന്തോഷ് ട്രോഫി ടീം കോട്ടയത്ത്. ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ഫ്ലഡ്‌ലൈറ്റിൽ മത്സരങ്ങളുള്ളതിനാലാണ് കേരള ടീം കോട്ടയം അതിരമ്പുഴ സർവകലാശാല ക്യാംപസിലെ ഗ്രൗണ്ടിലെത്തിയത്. ‘‘ഫ്ലഡ്‌ലൈറ്റിൽ കളിക്കുമ്പോൾ നിഴൽ പോലും സ്വാധീനിക്കും, പ്രത്യേകിച്ച് ഗോൾ കീപ്പർക്കാണ് ഫ്ലഡ്‌ലൈറ്റിൽ നല്ല പരിശീലനം വേണ്ടത്’’– കേരള കോച്ച് ബിബി തോമസ് പറഞ്ഞു.
നേരത്തേ, കാസർകോട് തൃക്കരിപ്പൂരിൽ കടപ്പുറത്തും ടർഫിലും ടീം പരിശീലനം നടത്തിയിരുന്നു. തുടർന്ന് അവസാന വട്ട പരിശീലനം എറണാകുളത്തു നടത്തി വന്നതിന്റെ തുടർച്ചയായാണ് ഫ്ലഡ്‌ലൈറ്റിലെ കളി പരിചയപ്പെടാൻ ടീം കോട്ടയത്തേക്കു വണ്ടി പിടിച്ചത്. എംജി സർവകലാശാല ടീമുമായി പരിശീലന മത്സരം കളിച്ച ശേഷമാണ് ടീം കൊച്ചിക്കു മടങ്ങിയത്. പരിശീലകൻ ബിബിയും സഹ പരിശീലകൻ ഹാരി ബെന്നിയും സൈഡ് ബെഞ്ചിലിരുന്നു കളി പറഞ്ഞപ്പോൾ ഗ്രൗണ്ടിൽ കളി നിയന്ത്രിച്ചതു ഗോൾ കീപ്പർ എസ്.ഹജ്മലാണ്.
ടീമംഗങ്ങളുടെ ഓരോ നീക്കത്തിനും ഗോൾ പോസ്റ്റിൽ നിന്നു ഹജ്മലിന്റെ കമന്റുകൾ. ഏറ്റവും കൂടുതൽ ഹജ്മൽ വിളിച്ചു പറഞ്ഞത് ഒറ്റക്കാര്യം: ‘‘ഒന്നു കമ്യൂണിക്കേറ്റ് ചെയ്തു കളിക്കെടാ’’.. കേരള ടീം ഇന്നു വൈകിട്ട് ഹൈദരാബാദിലേക്കു പുറപ്പെടും. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഗോവയ്ക്കെതിരെ 15നാണ് കേരളത്തിന്റെ ആദ്യ കളി.