‘പരിഹാസശരങ്ങളേറ്റ് കാത്തിരുന്നത് പതിറ്റാണ്ടുകൾ; ഇത് സന്തോഷാധിക്യത്താൽ കരഞ്ഞുതീർത്ത രാത്രി’: ഹൃദ്യം, ന്യൂകാസിൽ ആരാധകന്റെ കുറിപ്പ്

Mail This Article
നീണ്ട 70 വർഷങ്ങൾ! ആഭ്യന്തര ടൂർണമെന്റുകളിൽ ഒരു കിരീടത്തിനായി ന്യൂകാസിൽ യുണൈറ്റഡ് കാത്തിരുന്നത് ഇത്രയും കാലമാണ്. ഒടുവിൽ, വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ, ആ കാത്തിരിപ്പിനു രാജകീയമായിത്തന്നെ വിരാമമിട്ട് അവർ ഇംഗ്ലിഷ് ലീഗ് കപ്പിൽ ചുംബിച്ചിരിക്കുന്നു. കലാശപ്പോരാട്ടത്തിൽ, സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കരുത്തരായ ലിവർപൂളിനെ 2–1ന് തകർത്താണ് ന്യൂകാസിലിന്റെ കിരീടധാരണം. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം പ്രിയപ്പെട്ട ടീം കിരീടം ചൂടുമ്പോൾ, അവരുടെ ആരാധകരുടെ സന്തോഷം എത്രമാത്രമായിരിക്കും! പരിഹാസശരങ്ങളേറ്റ് വർഷങ്ങൾ കാത്തിരുന്നതിനെക്കുറിച്ച്, ആ കാത്തിരിപ്പു സഫലമാക്കി കിരീടം ചൂടുമ്പോൾ മനസ്സിലിരമ്പിയ വികാരങ്ങളെക്കുറിച്ച്, ഒരു ന്യൂകാസിൽ ആരാധകന്റെ കുറിപ്പ്...
കിരീട സാധ്യതകളിൽ പിന്നിലായിരുന്ന ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂളിനെ പരാജയപ്പെടുത്തി ഇംഗ്ലിഷ് ലീഗ് കപ്പ് നേടിയത് ആരാധകനെന്ന നിലയിൽ എനിക്ക് സമ്മാനിച്ചത് അതിവൈകാരിക നിമിഷങ്ങളാണ്. നിലവിലെ ടീം ആരാധകരിൽ ചുരുക്കം പേർക്കൊഴികെ മിക്കവർക്കും ന്യൂകാസിൽ ടീമിന്റെ സുവർണ തലമുറയേക്കുറിച്ച് പഴയ ആളുകളിൽനിന്ന് പറഞ്ഞുകേട്ടതും വായിച്ചതുമായുള്ള അറിവ് മാത്രമേയുള്ളൂ. ഹൃദയത്തോടു ചേർത്തുവച്ച പ്രിയ ടീം പോഡിയത്തിൽ നിൽക്കുന്നത് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായിട്ടില്ല. എന്നിട്ടും അവർ ക്ഷമയോടെ കാത്തിരുന്നു. കിരീടങ്ങളില്ലാതിരുന്നിട്ടും വിശ്വസ്തരായി നിലകൊണ്ടു. ഒടുവിൽ ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് 2025 മാർച്ച് 17ന് അവസാനമായിരിക്കുന്നു!
അമ്മാവൻ വാങ്ങിക്കൊണ്ടു വരുന്ന ഇംഗ്ലിഷ് മാസികയിലൂടെയാണ് കായികലോകവുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. കറുപ്പും വെളുപ്പും ചിത്രങ്ങൾ മാത്രം കണ്ടുകൊണ്ടിരുന്ന പത്രങ്ങൾക്കും വരികൾക്കുമിടയിൽ കളർ ചിത്രങ്ങളുമായി വന്ന മാസിക ഒരു അത്ഭുതമായിരുന്നു. കളർ ചിത്രങ്ങൾ മാത്രം ഉള്ള പുസ്തകത്തിന്റെ അവസാനതാളുകളിലെവിടെയോ വച്ചാണ് ആ ചിത്രം മനസ്സിൽ തട്ടിയത്. കറുപ്പും വെളുപ്പുമിട്ടു നിൽക്കുന്ന കുറേപ്പേർ. കൗതുകത്തോടെ അവരുടെ പേരും ടീമിന്റെ പേരും തിരഞ്ഞു. അന്ന് ഉത്തരം കിട്ടിയില്ലെങ്കിലും ആ കറുപ്പും വെളുപ്പും ഇടകലർന്ന കുപ്പായം മനസ്സിൽനിന്നു പോയില്ല. പിന്നീടും വല്ലപ്പോഴും മാത്രം അവരുടെ ചിത്രങ്ങൾ മാസികയിൽ വന്നു. അപ്പോഴെല്ലാം അതിൽ മനസ്സുടക്കി.
ഫുട്ബോൾ മത്സരങ്ങൾ കാണാൻ തുടങ്ങിയത് 1990ലെ ഇറ്റാലിയൻ ലോകകപ്പ് മുതലാണ്. മനോരമ താളുകളിൽ നിറഞ്ഞു നിന്ന മറഡോണ എഫക്ട് ആയിരുന്നു ഒരു പ്രധാന കാരണം. അന്നത്തെ ഏതൊരു ബാല്യവും പോലെ ക്രിക്കറ്റായിരുന്നു കമ്പം. വല്ലപ്പോഴും വിരുന്നെത്തുന്ന ഒളിംപിക്‌സും ലോകകപ്പും ടെലിവിഷനിൽ കാണും.
അതിനൊരു മാറ്റം വന്നത് വീട്ടിൽ ഡിഷ് ആന്റിനയുടെ വന്നതോടെയാണ്. ഡബ്ല്യുഡബ്ല്യുഎഫും ഫുട്‍ബോളും കണ്ടപ്പോൾ ആവേശം കൂടി. ഫുട്‌ബോളിനെ അടുത്തറിയാൻ തുടങ്ങി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ കാണാൻ തുടങ്ങിയപ്പോൾ വീണ്ടും ആ കുപ്പായക്കാരെ കണ്ടു; ന്യൂകാസിൽ യുണൈറ്റഡ്. പൂമ്പാറ്റ പുഷ്പത്തോട് അടുക്കുന്നത് പോലെ പതുക്കെപ്പതുക്കെ അവരോടടുത്തു. അങ്ങനെ, അവരുടെ കളി ലൈവ് ഉണ്ടെങ്കിൽ മുടങ്ങാതെ കാണാൻ തുടങ്ങി. അതു മുടങ്ങിയാൽ ഹൈലൈറ്റ്സും.

എത്രയെത്ര പ്രിയ താരങ്ങൾ.... ഗോളടിച്ച ശേഷം കൈ ഉയർത്തിയുള്ള ഷിയററുടെ ആഘോഷം, മാർട്ടിൻസിന്റെ തലകുത്തി മറിച്ചിൽ, ഓവന്റെ പുഞ്ചിരി, നോളന്റെ മുഷ്ടി ചുരുട്ടൽ.... അങ്ങനെ എത്രയോ അവിസ്മരണീയ ദൃശ്യങ്ങൾ. സ്പീഡ്, കബായെ, ബെൻ അറഫ, ഹ്യോഗോ വിയാന, സോളാണോ, ജെനാസ്, ജോനാസ് ഗുട്ടിറെസ്, റോബർട്ട് പ്രിയതാരങ്ങളുടെ പട്ടിക നീളുന്നു. ടച്ച് ലൈനിൽ സർ ബോബി റോബ്‌സൺ, കീഗൻ, ഷിയറർ, സൂനസ്, ബിഗ് സാം, പാർഡു, ഇന്നിതാ റാഫയും.
സെന്റ് ജയിംസ് പാർക്കിനെക്കുറിച്ചു കൂടി പറയാതിരിക്കുന്നതെങ്ങനെ! അതൊരു വികാരമാണ്. ആർത്തലയ്ക്കുന്ന കാണികൾ, വേഗമുള്ള കളി ഇഷ്ടപ്പെടുന്നവർ, പിന്തിരിപ്പൻ കളിക്ക് കൂവി വിളിക്കുന്നവർ, അര ലക്ഷത്തിലധികം കാണികൾ ആർത്തുവിളിക്കുന്ന കാഴ്ച... എന്നെങ്കിലും അവർക്കിടയിൽ ഇരുന്ന് ഞാൻ കളി കാണും. എല്ലാവരും സ്വന്തം ആരാധകരാണ് വലുതെന്ന് പറയുമ്പോഴും ഞാൻ വിശ്വസിക്കുന്നു എന്റെ ക്ലബ്ബിന്റെ ആരാധകരാണ് ഏറ്റവും മികച്ചതെന്ന്. അഞ്ചു ഗോൾ സ്വന്തം വലയിൽ വീണാൽപ്പോലും നിരാശരായി ഇറങ്ങിപ്പോകുന്നവരെ ഞാനവിടെ കണ്ടിട്ടില്ല. ഏതു പ്രിമിയർ ലീഗ് മത്സരത്തിനും സ്റ്റേഡിയം നിറഞ്ഞിരിക്കും. സീസൺ ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റുതീരുന്നു.

ഇതൊക്കെയാണെങ്കിലും ആരാധകർ അർഹിച്ചതൊന്നും ആഷ്‌ലിയുടെ ഉടമസ്ഥതയിലുള്ള മാനേജ്‌മെന്റ് തിരിച്ചുകൊടുത്തിരുന്നില്ല. ലാഭത്തിൽ മാത്രം കണ്ണുനട്ടിരുന്ന് അവർ ട്രാൻസ്‌ഫർ വിപണിയിൽ വേണ്ടത്ര ഇടപെടലുകൾ നടത്തിയില്ല. കളിക്കാരെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ രണ്ടു തവണ ടീം ഒന്നാം ഡിവിഷനിൽനിന്ന് തരംതാഴ്ത്തപ്പെട്ടു.
സൗദി ആസ്ഥാനമായുള്ള കൺസോർഷ്യം ഏറ്റെടുത്തതോടെയാണ് ഒടുവിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ സമയം തെളിഞ്ഞത്. അവർ എഡ്ഡി ഹോവിനെ പരിശീലകനായി കൊണ്ടുവന്നു. തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന ടീമിനെ അയാൾ പ്രിമിയർ ലീഗിൽ നിലനിർത്തി. അടുത്ത വർഷം ചാംപ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തു. ഒടുവിലിതാ പതിറ്റാണ്ടുകൾക്കു ശേഷം ഒരു മേജർ കിരീടവും ടീമിനെ തേടിയെത്തിയിരിക്കുന്നു.
ഈ രാത്രിയിൽ ഏങ്ങിയേങ്ങിക്കരഞ്ഞു. ഇതിനിടെ ഫോണിൽ ഒട്ടേറെ സുഹൃത്തുക്കളുടെ അഭിനന്ദന സന്ദേശങ്ങളെത്തി. ഫുട്ബോളെന്ന വികാരം കൊണ്ട് മാത്രം അടുപ്പക്കാരായവർ. ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത എത്രയോ പേർ. അവരൊക്കെ ന്യൂകാസിലിന്റെ കിരീടവിജയത്തിനിടെ ഓർത്തു എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.
നിർഗുണ ക്ലബ് എന്നും കിരീടമില്ലാത്തവരെന്നും ഒട്ടേറെ പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. അതൊക്കെ അർഹിച്ചത് തന്നെയായിരുന്നു. എങ്കിലും ഇത്രകാലം പിന്തുണച്ചതിന് ഒടുവിൽ ഫലം കിട്ടിയിരിക്കുന്നു. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളുടെ ആരാധകരും സമാനമായ രീതിയിൽ പരിഹാസങ്ങളേറ്റു വാങ്ങാറുണ്ട്. അവരൊടെല്ലാം പറയാൻ ഒന്നു മാത്രം:
Don’t ever give up on your club, keep supporting it, it’s your club and trust me one day you will get your club back and it will be everything you wanted it to be...
(റാന്നി സ്വദേശിയായ ലേഖകൻ, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. വർഷങ്ങളായി സ്പോർട്സ് ഫോളോ ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി കായിക ലേഖനങ്ങളും വിശകലനങ്ങളും എഴുതാറുണ്ട്)