ഒളിംപിക്സിലേക്ക് മിഴി തുറന്ന് പാരിസ്; ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്നു രാത്രി 11ന്
Mail This Article
ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണിൽ ഇന്നു ലോക കായിക വിപ്ലവത്തിനു സ്റ്റാർട്ടിങ് വിസിൽ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാർ ‘സിറ്റിയൂസ്, ഓൾട്ടിയൂസ്, ഫോർട്ടിയൂസ്’ എന്നു നീട്ടിപ്പാടും. രക്തരൂഷിത പോരാട്ടങ്ങൾക്കു പകരം പാരിസിൽ മെഡൽ തേടിയുള്ള സൗഹൃദമത്സരങ്ങൾക്ക് അരങ്ങൊരുങ്ങും.
ഇന്ത്യൻ സമയം ഇന്നു രാത്രി 11നു പാരിസിന്റെ പറുദീസാ കവാടങ്ങൾ ഒളിംപിക്സിനായി തുറക്കപ്പെടും. തുടർന്നുള്ള 16 ദിവസങ്ങളിൽ മനുഷ്യരാശിയുടെ മെയ്ക്കരുത്തിന്റെയും മനക്കരുത്തിന്റെയും അതിരുകൾ മാറ്റി നിർണയിക്കപ്പെടും. ആകാശത്തെ നക്ഷത്രങ്ങളെ വിസ്മയിപ്പിക്കുന്ന താരങ്ങൾ മണ്ണിൽ പിറവികൊള്ളും. വെളിച്ചത്തിന്റെ വിശ്വനഗരം ഭൂമിയിൽ കൊളുത്തിവച്ച വലിയൊരു ദീപശിഖ പോലെ ജ്വലിക്കും.
പാരാകെ കാത്തിരിക്കുന്ന ആ സമ്മോഹന മുഹൂർത്തത്തിലേക്ക് ഇനിയൊരു പകൽദൂരം മാത്രം. ലെ മോൻദ് അത്തോം സെ മൊമോ മനിഫിക്..അതെ, ആ മനോഹര നിമിഷത്തിനായി ലോകം കാത്തിരിക്കുന്നു...
ഉദ്ഘാടനച്ചടങ്ങിന് മഴഭീഷണി
പാരിസ്∙ ഒളിംപിക്സിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് മഴഭീഷണി. പാരിസിൽ ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ സെൻ നദിയിൽ ക്രമീകരിച്ചിരിക്കുന്ന ഉദ്ഘാടന പരിപാടികൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സംഘാടകർ.
പാരിസിലും പരിസരങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക സമയം രാത്രി 7.30നാണ്(ഇന്ത്യ സമയം രാത്രി 11) ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. 3 മണിക്കൂറാണ് ചടങ്ങിന്റെ ദൈർഘ്യം.