വിജയ് കൃഷ്ണ നാളെയുടെ വാഗ്ദാനം; താരങ്ങൾക്ക് റിക്കവറി ടൈം നൽകണം: ജോസഫ് ജി. ഏബ്രഹാം എഴുതുന്നു
Mail This Article
ട്രാക്കിൽ വിജയത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് 100 മീറ്റർ. പക്ഷേ അതിലേക്കുള്ള ഏറ്റവും കഠിനമായ പാതയാണ് സ്പ്രിന്റ് ഹർഡിൽസ്. കടമ്പകൾക്കു മീതെ പറവകളെപ്പോലെ പറന്നുനീങ്ങിയ കൗമാര ഹർഡിൽസ് പോരാട്ടങ്ങളായിരുന്നു ഇന്നലെ സ്കൂൾ മീറ്റിന്റെ ട്രാക്കിലെ ആവേശക്കാഴ്ച.
ഫൊട്ടോഫിനിഷിൽ ഫലം നിർണയിക്കുന്നതും മെഡൽ ജേതാക്കൾക്കിടയിലെ അകലം മൈക്രോ സെക്കൻഡുകൾ മാത്രമാകുന്നതും നമ്മുടെ കുട്ടികളുടെ മികവും പോരാട്ടങ്ങളുടെ തീവ്രതയുമാണ് വ്യക്തമാക്കുന്നത്. സീനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ അവസാന നിമിഷംവരെ പിന്നിൽനിന്നശേഷം ഉജ്വലമായ ഫിനിഷിലൂടെ ഒന്നാമതെത്തി റെക്കോർഡിട്ട തൃശൂർ ഒല്ലൂർ സ്വദേശി വിജയ് കൃഷ്ണ നാളെയുടെ വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം.
തിരുനാവായ നവാമുകുന്ദ, പാലക്കാട് വടവന്നൂർ, ഇടുക്കി കാൽവരിമൗണ്ട്, മലപ്പുറം ആലത്തിയൂർ, കാസർകോട് കുട്ടമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം പുതിയ ചാംപ്യൻ സ്കൂളുകൾ ഉയർന്നുവരുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് ഒട്ടേറെ കായിക താരങ്ങളെ ഇവർക്കു കണ്ടെത്താനും വളർത്തിയെടുക്കാനും കഴിഞ്ഞെന്നതാണ് വലിയ കാര്യം. ഇതുപോലെ കേരളത്തിന്റെ എല്ലായിടത്തും കൃത്യമായ ടാലന്റ് ഐഡന്റിഫിക്കേഷൻ നടന്നിരുന്നെങ്കിൽ അത്‌ലറ്റിക്സിൽ നമുക്ക് എത്രമാത്രം താരങ്ങളെ ലഭിക്കുമായിരുന്നു!
ഹർഡിൽസ് പോലുള്ള കടുപ്പമേറിയ മത്സരങ്ങൾ കഴിയുന്നയുടൻ അത്‌ലീറ്റുകൾക്ക് റിക്കവറിക്കു കുറച്ചുസമയം ആവശ്യമാണ്. ഇതിനുള്ള സൗകര്യമൊരുക്കാൻ സംഘാടകർ ശ്രദ്ധിക്കണം. റിക്കവറിക്കു മുൻപേ കുട്ടികളെ മാധ്യമ ഇന്റർവ്യൂവിനും മറ്റും പറഞ്ഞയയ്ക്കരുത്. ഇത് ആ കുട്ടികളുടെ ഭാവിയെ ബാധിച്ചേക്കാം. ഞങ്ങളെയെല്ലാം താരങ്ങളാക്കിയതു മാധ്യമങ്ങളാണ്. ഭാവിയിലും മാധ്യമങ്ങളിൽ മിന്നിത്തിളങ്ങാൻ നമുക്കു കായികതാരങ്ങളെ വേണം!