ബീച്ച് ഹാൻഡ്ബോളിൽ വനിതാ ടീം ഹരിയാനയോട് പൊരുതിത്തോറ്റു; ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ വെള്ളി

Mail This Article
ഋഷികേശിനു സമീപം ശിവപുരിയിലെ മണൽപ്പരപ്പിൽ കേരള വനിതകൾക്കു വെള്ളിത്തിളക്കം. വനിതകളുടെ ബീച്ച് ഹാൻഡ്ബോൾ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ഹരിയാനയോടു പരാജയപ്പെട്ടെങ്കിലും വെള്ളി മെഡലിന്റെ തലപ്പൊക്കത്തിൽ തന്നെയാണു കേരളം മടങ്ങുന്നത്.
ഗോൾകീപ്പർ എസ്. ഐശ്വര്യയുടെ ആരോഗ്യ പ്രശ്നമാണു കേരളത്തിനു ക്ഷീണമായത്. അണുബാധയെത്തുടർന്ന് ഐശ്വര്യ ആശുപത്രിയിലായതോടെ ഗോൾപോസ്റ്റിൽ കേരളത്തിന്റെ കരുത്ത് ചോർന്നു. റെയിൽവേയുടെ രാജ്യാന്തര താരങ്ങൾ നിരന്ന ഹരിയാനയോടു പിടിച്ചു നിൽക്കാൻ കേരളത്തിനു കഴിഞ്ഞില്ല (54–12). ഗെയിംസിനായി 3 ദിവസം മാത്രമാണു പരിശീലന ക്യാംപ് നടന്നതെന്നും ഇതു തയാറെടുപ്പുകളെ ബാധിച്ചുവെന്നും താരങ്ങൾ പറഞ്ഞു.
ഖോഖൊയിൽ വെങ്കലം
പുരുഷ വിഭാഗം ഖോഖൊയിൽ കേരളത്തിന് വെങ്കലം. സെമിയിൽ കരുത്തരായ ഒഡീഷയോടു കേരളം പൊരുതി തോറ്റു (32–26). ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായ ബി. നിഖിൽ ഉൾപ്പെട്ട കേരള ടീം മികച്ച പ്രകടനമാണു സെമിയിൽ നടത്തിയത്. എസ്. ശ്രീജേഷ് (8), ക്യാപ്റ്റൻ എസ്. വിശാഖ് (6), എം. മനു, എസ്.എസ്. ബിച്ചു (4 വീതം) എന്നിവർ കേരളത്തിനു വേണ്ടി കൂടുതൽ പോയിന്റുകൾ നേടി.
കേരളത്തിന്റെ വിജയങ്ങൾ
∙ വാട്ടർ പോളോ: വനിത, പുരുഷ വിഭാഗങ്ങളിൽ കേരളം സെമി ഫൈനലിന് അരികെ. പുരുഷ വിഭാഗത്തിൽ ഹരിയാനയെയും (16–1), വനിത വിഭാഗത്തിൽ ഒഡീഷയെയും (15–0) കേരളം പരാജയപ്പെടുത്തി.
∙ ബാസ്കറ്റ്ബോൾ (5x5): വനിതകളിൽ ഗ്രൂപ്പ് ചാംപ്യൻമാരായി കേരളം സെമിയിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ചു (76–44).
∙ വോളിബോൾ: പുരുഷൻമാരിൽ കർണാടകയെ തോൽപിച്ചു കേരളം സെമിയിലെത്തി (25–21, 25–18, 25–16). വനിതകളും കർണാടകയെതന്നെ തോൽപിച്ച് സെമിയിലേക്ക് മുന്നേറി (25–12, 25–16, 25–17).