മാനിക്യൂർ ദീർഘകാലം നിലനിൽക്കാൻ 6 വഴികൾ
Mail This Article
ഒരുപാടു കാശുമുടക്കി സുന്ദരനൊരു മാനിക്യൂർ ചെയ്തിട്ട് അതു കുറച്ചു ദിവസങ്ങൾ പോലും നീണ്ടുനിന്നില്ലെങ്കിലോ? പെൺകുട്ടികൾ പൊതുവേ പറയുന്ന പരാതിയാണത്. മാനിക്യൂർ ചെയ്തു സുന്ദരമാക്കിയ കൈകളുടെ ഭംഗി ദീർഘകാലം നിലനിർത്താൻ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ മതി.
നെയിൽ പോളിഷ് ഇടും മുൻപ് നഖങ്ങൾ ഫയൽ ചെയ്യണം
നഖങ്ങളുടെ വശങ്ങൾ മിനുസമായിരിക്കാനാണ് നെയിൽ ഫയൽ ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ നഖങ്ങളുടെ അറ്റം വിണ്ടുപൊട്ടുന്നത് തടയാം. നഖങ്ങൾ ഷേപ് ചെയ്യാനും ഫയലിങ് സഹായിക്കും. ഒരേ ദിശയിൽത്തന്നെ നഖങ്ങൾ ഫയൽ ചെയ്യാൻ ശ്രദ്ധിക്കണം. തുടക്കക്കാർ നഖങ്ങളുടെ വശങ്ങളിൽ വേണം ആദ്യം ഫയൽ ചെയ്തു തുടങ്ങാൻ. അങ്ങനെ പതുക്കെ നഖങ്ങളുടെ മധ്യത്തിൽ വരെ ഫയൽ ചെയ്യണം. ക്യൂട്ടിക്കിളിനോടു സാദൃശ്യമുള്ളതുപോലെ നഖങ്ങൾ ഫയൽ ചെയ്താൽ അമിതമായി ഫയൽ ചെയ്യുന്നത് ഒഴിവാക്കാം.
നെയിൽ പോളിഷ് അണിയാം, വൃത്തിയായി
നഖങ്ങളിൽ പോളിഷ് അണിയുന്നതിനു മുൻപ് നെയിൽപോളിഷ് കുപ്പി നല്ലവണ്ണം കുലുക്കുന്ന പതിവ് ചിലർക്കുണ്ട്. അങ്ങനെ ചെയ്യുമ്പോൾ എയർ ബബിൾസ് ഉണ്ടാകുന്നതിനാൽ നഖങ്ങളിൽ നെയിൽ പോളിഷ് ഇടുമ്പോൾ നല്ല ഫിനിഷ് കിട്ടില്ല. ആദ്യത്തെ കോട്ട് നെയിൽ പോളിഷ് ഇടും മുൻപ് നഖത്തിന്റെ മുകൾ വശത്തെ പകുതിയിൽ ഒരു ബേസ്കോട്ട് ഇടാം. അതിനുശേഷം നഖം മുഴുവനായി മൂടുന്ന തരത്തിൽ നെയിൽ പോളിഷ് ഇടാം.
നെയിൽ പോളിഷ് പടരാതിരിക്കാൻ
നഖത്തിൽ നന്നായി നെയിൽ പോളിഷ് ഇട്ടു കഴിഞ്ഞാൽ അത് ഉണങ്ങിയതിനു ശേഷം നഖത്തിനു മുകളിൽ ഏതെങ്കിലും എണ്ണ പുരട്ടാം. പോളിഷ് ദീർഘകാലം പൊളിഞ്ഞുപോകാതിരിക്കാൻ ഈ വിദ്യ സഹായിക്കും. നഖത്തിന്റെ ആരോഗ്യത്തിനും ഇതു വളരെ നല്ലതാണ്. പോളിഷ് വിരലുകളിലേക്ക് പടരുന്നതു തടയാനും ഇത് സഹായിക്കും.
നെയിൽ പോളിഷ് കനംകുറച്ചിടുക
ചിലർ ഒന്നിനു മുകളിൽ ഒന്നായി പല ലെയറായി നെയിൽ പോളിഷ് കട്ടികൂട്ടി ഇടാറുണ്ട്. കട്ടികൂട്ടിയിടുമ്പോഴാണ് നെയിൽ പോളിഷുകൾ വേഗം അടർന്നു പോകുന്നത്. അതുകൊണ്ട് നെയിൽ പോളിഷ് ഇടുമ്പോൾ വളരെ കനം കുറച്ചിടാൻ ശ്രദ്ധിക്കണം. കനം കൂടിയ കോട്ടുകൾ ഉണങ്ങാൻ ഏറെ സമയമെടുക്കും. അതുകൊണ്ടാണ് അതിൽ വളരെ വേഗം പോറലുകളും വിള്ളലുകളും വന്ന് അടർന്നു പോകുന്നത്.
വീട്ടുജോലികൾ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക
വീട്ടുജോലികൾ ചെയ്യുമ്പോൾ വെള്ളവും കെമിക്കലുമായി കൈകൾക്കും നഖങ്ങൾക്കും നേരിട്ട് സമ്പർക്കമുണ്ടാകുന്നതുകൊണ്ട് അത് കൈകളുടെ ഭംഗിയെയും നഖങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ടു തന്നെ വീട്ടുജോലികൾ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ടോപ് കോട്ടിടാം
മാനിക്യൂർ ചെയ്തശേഷം കൈകളുടെ ഭംഗി നീണ്ടകാലം നിലനിൽക്കണമെങ്കിൽ ഇടയ്ക്കിടെ നെയിൽ പോളിഷിന് ടോപ്കോട്ട് ഇടാം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇത് ആവർത്തിക്കണം. അങ്ങനെ ചെയ്താൽ ദീർഘകാലം നഖങ്ങൾ ഭംഗിയോടെയിരിക്കും.
English Summary : 6 ways to make your manicure last longer