‘മിമിക്രിക്ക് നടക്കുന്ന സമയം മീൻ വിൽക്കാൻ പൊയ്ക്കൂടെ എന്ന് ഭാര്യ ചോദിച്ചു’
Mail This Article
ജീവിതം മാറ്റി മറയ്ക്കാൻ ഒരു കഥാപാത്രം മതിയെന്നു പറയുന്നത് കോട്ടയം സ്വദേശി നസീർ സംക്രാന്തിയെ സംബന്ധിച്ചിടത്തോളം നൂറുവട്ടം ശരിയാണ്. സിനിമയിലും സ്റ്റേജിലും ഏതൊക്കെ വേഷങ്ങളിൽ നസീർ പ്രത്യക്ഷപ്പെട്ടാലും, ഒന്നിരുത്തി നോക്കി മലയാളികൾ പറയും, ആഹാ...ഇത് നമ്മുടെ തട്ടീം മുട്ടീമിലെ കമലാസനൻ അല്ലേന്ന്! ഒരൊറ്റ കഥാപാത്രത്തിലൂടെ ജീവിതം മാറിമറിഞ്ഞ കലാകാരനാണ് നസീർ സംക്രാന്തി.
ഏതു വേദിയിലും ഒരു പൊട്ടിച്ചിരി സമ്മാനിക്കുന്നതിനുള്ള മരുന്ന് നസീറിന്റെ കയ്യിലുണ്ടാകും. എന്നാൽ ജീവിതത്തിൽ വലിയൊരു സങ്കടക്കടൽ നീന്തിക്കയറിയിട്ടുണ്ട് ഈ കലാകാരൻ. ‘അന്ന് അനുഭവിച്ച സങ്കടത്തിന് എല്ലാത്തിനും കൂട്ടി ദൈവം ഇപ്പോൾ തരുന്നുണ്ട്. എന്നാലും പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ വീണ്ടും സങ്കടം വരും’,– കണ്ണീരിൽ ചാലിച്ച പുഞ്ചിരിയോടെ നസീർ സംക്രാന്തി പറയുന്നു. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപുള്ള ജീവിതത്തെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും മനോരമ ഓൺലൈനിന്റെ 'സീ റിയൽ സ്റ്റാർ' എന്ന പരിപാടിയിലൂടെ നസീർ സംക്രാന്തി പങ്കുവച്ചു.
ഉമ്മാന്റെ കഷ്ടപ്പാടു കണ്ട് പഠിപ്പു നിർത്തി
എന്റെ വാപ്പാടെ സ്ഥലം തലയോലപ്പറമ്പ് ആണ്. പക്ഷെ, ഞാൻ ജനിച്ചതും വളർന്നതും കോട്ടയം സംക്രാന്തിയിലാണ്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാപ്പ മരിക്കുന്നത്. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ഞാൻ രണ്ടാമത്തെ ആളാണ്. വാപ്പ മരിച്ചപ്പോൾ എന്നെ പഠിപ്പിക്കുന്നതിന് മലപ്പുറം തിരൂരങ്ങാടി യത്തീംഖാനയിലേക്ക് പറഞ്ഞയച്ചു. ഒരു നോമ്പിന് ഞാൻ വീട്ടിൽ വരുമ്പോൾ കാണുന്നത് ഞങ്ങൾ മക്കളെ പോറ്റാൻ വേണ്ടി ഉമ്മ അടുത്ത വീടുകളിലൊക്കെ പണിക്ക് പോകുന്നതാണ്. അതോടെ ഞാൻ പഠിപ്പു നിറുത്തി. യത്തീംഖാനയിലേക്ക് തിരികെ പോയില്ല. എനിക്കന്ന് വെറും 11 വയസാണ് പ്രായം. ഉമ്മയുടെ കഷ്ടപ്പാട് ഇല്ലാതാക്കണം എന്ന ഒറ്റ ആഗ്രഹം മാത്രമെ അന്നു മനസിലുണ്ടായിരുന്നുള്ളൂ. അങ്ങനെ, എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ പണികൾക്കും ഞാൻ പോയിത്തുടങ്ങി.
പടച്ചോൻ പറഞ്ഞു, നീ കലാകാരനായി ജീവിച്ചാൽ മതി
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ കലാപരിപാടികളിൽ എനിക്ക് താൽപര്യമുണ്ടായിരുന്നു. പഠിപ്പു നിർത്തി പണിക്കു പോയിത്തുടങ്ങിയിട്ടും കലയോടുള്ള ബന്ധം അവസാനിപ്പിച്ചില്ല. അന്ന് പരിപാടികൾക്ക് പാട്ട് പാടാൻ പോകും. അതായിരുന്നു തുടക്കം. പിന്നീട് കലാഭവന്റെയും മറ്റും കാസറ്റുകൾ കണ്ട് മിമിക്രിയോടു താൽപര്യം തോന്നി അതിലേക്ക് തിരിഞ്ഞു. അതാണ് വഴിത്തിരിവായത്. അന്ന് പാട്ടിനു പോയിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു. മിമിക്രിയിൽ എന്തോ ഒരു ഭാഗ്യത്തിന് ക്ലിക്കായി. നീയിതു കൊണ്ട് ജീവിച്ചാൽ മതിയെന്ന് പടച്ചോൻ പറഞ്ഞു തന്ന പോലെ!
കമലാസനൻ ആള് പുലിയാ!
തട്ടീം മുട്ടീം പരമ്പരയുടെ സംവിധായകനുമായി എനിക്ക് പരിചയം ഉണ്ടായിരുന്നു. എപ്പോഴെങ്കിലും ഒരു വേഷം ചെയ്യാൻ വിളിക്കണേയെന്ന് ഇടയ്ക്കിടെ ഞാൻ പറയാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസത്തെ വർക്കിന് എന്നെ വിളിച്ചതാണ്. ഒരു പണിക്കും പോകാതെ, വെള്ളയും വെള്ളയും ഇട്ട്, ഒരു ഡയറിയും കക്ഷത്തിൽ വച്ചു നടക്കുന്ന ചില ആളുകളില്ലേ? അങ്ങനെയൊരു കഥാപാത്രത്തെ ചെയ്യാനാണ് വിളിച്ചത്. പേര് കമലാസനൻ. ഞാൻ ചെയ്തത് സംവിധായകൻ ഉണ്ണി ചേട്ടനും ലളിത ചേച്ചിക്കും മഞ്ജു പിള്ളയ്ക്കും ഇഷ്ടമായി. അങ്ങനെ ഒരു ദിവസത്തെ വർക്ക് ചെയ്യാൻ വന്ന ഞാൻ ആ പരമ്പരയിലെ സ്ഥിരം കഥാപാത്രമായി. ഇപ്പോൾ സിനിമയിൽ കിട്ടിക്കൊണ്ടിരിക്കുന്ന വേഷങ്ങളൊക്കെയും കമലാസനിലൂടെ വന്നവയാണ്. പുറത്തിറങ്ങുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. വർഷങ്ങളായി സ്റ്റേജ് പരിപാടികൾ ചെയ്തിട്ടും കിട്ടാത്ത സ്വീകാര്യതയാണ് ഈ ഒരൊറ്റ കഥാപാത്രം എനിക്ക് നേടിത്തന്നത്.
ലൈവ് സ്കിറ്റ് ചെയ്യാൻ ഇഷ്ടം
എനിക്ക് ഏറ്റവും ഇഷ്ടം ലൈവ് സ്കിറ്റ് ചെയ്യുന്നതാണ്. റെക്കോർഡ് ചെയ്തിട്ട് അതിനു ചുണ്ടനക്കുന്ന പരിപാടി താൽപര്യമില്ല. അതിനു ഒരു സുഖമില്ല. നമുക്ക് എന്തെങ്കിലും കയ്യിൽ നിന്ന് ഇട്ടു ചെയ്യണമെങ്കിൽ അത് ലൈവ് പരിപാടിയിലെ നടക്കൂ. റെക്കോർഡ് ചെയ്തതാണെങ്കിൽ എന്തെങ്കിലും ഒരു കാര്യം അപ്പോൾ മനസിൽ വന്നാൽ പറയാൻ കഴിയില്ല. ലൈവിൽ ആകുമ്പോൾ നമുക്ക് കുറച്ചു കൂടി പൊലിപ്പിക്കാൻ കഴിയും.
ദ്വയാർത്ഥ കോമഡികൾക്ക് നിൽക്കാറില്ല
മറ്റുള്ളവർ ഉണ്ടാക്കി വച്ച കോമഡി ചെയ്യുന്നത് എനിക്കിഷ്ടമില്ല. അവർ ചെയ്യുന്നതൊക്കെ ഞാൻ നന്നായി ആസ്വദിക്കും. പക്ഷേ, അത് കോപ്പി അടിക്കുന്ന ശീലം എനിക്കില്ല. എന്റെതായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി ചിരിപ്പിക്കുക എന്നതാണ് എന്റെ രീതി. പഴത്തൊലിയിൽ തെന്നി വീണ് കോമഡി ഉണ്ടാക്കുക, കസേരയിൽ നിന്ന് താഴെ വീണു കോമഡി ഉണ്ടാക്കുക തുടങ്ങിയ പരിപാടികൾക്കൊന്നും നിൽക്കാറില്ല. എനിക്കെന്തോ അതൊന്നും ഇഷ്ടമല്ല. ദ്വയാർഥ കോമഡികളും തെറികളുമൊക്കെ വലിയ സംഭവമാണെന്നു വിചാരിക്കുന്നവരുണ്ട്. വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ ഇതു കാണാൻ പറ്റുമോ? സ്വന്തമായി കഷ്ടപ്പെട്ടാലെ നല്ല കോമഡികൾ ഉണ്ടാക്കാൻ പറ്റൂ. നല്ല പോലെ ചിന്തിക്കണം... അളുകളെ നിരീക്ഷിക്കണം. അവരിൽ നിന്നു കിട്ടുന്ന സംഭവങ്ങൾ നമ്മൾ ക്യാമറയ്ക്കു മുന്നിൽ ചെയ്തു കാശ് വാങ്ങും.
നസീറിന്റെ മോളമ്മ
മൂന്നു മക്കളാണ് നസീറിന്. നാഷ്മിൻ, നിഷാന, നാഷിൻ. മൂത്ത രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. താഴെയുള്ളത് ഒരു മകനാണ്–നാഷിൻ. മോളമ്മ എന്നു വിളിക്കുന്ന ജസീനയാണ് ഭാര്യ. "മോളമ്മയ്ക്ക് നാലു പേരുകളുണ്ട്. മോളമ്മ, ഫാത്തിമ, ജസീന പിന്നെ ഉമ്മുക്കുൽസു. ഏതു വിളിക്കണമെന്ന് എനിക്കു തന്നെ കൺഫ്യൂഷനാണ്," നസീർ കുസൃതിയോടെ പറഞ്ഞപ്പോൾ ജസീന പൊട്ടിച്ചിരിച്ചു. ഈ മിമിക്രി എന്നു പറഞ്ഞു നടക്കുന്ന സമയം കൊണ്ട് ഒരു പെട്ടി മീനെടുത്ത് സൈക്കിളിൽ വച്ചു പോയി കച്ചോടം ചെയ്യാൻ മേലേ എന്നൊക്കെ പണ്ടൊരിക്കൽ മോളമ്മ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ അതൊക്കെ മാറി. ഇനി ആ സൈക്കിളിൽ തൊട്ടുപോകരുതെന്നാണ് നിർദേശം തന്നിരിക്കുന്നത്, നസീർ പറഞ്ഞു. അതിനു തുടർച്ചയായി ജസീനയുടെ വാക്കുകൾ ഇങ്ങനെ– "ഇക്ക മിമിക്രി പരിപാടിക്ക് പോകുന്നത് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. ചിരിക്കുന്ന കാര്യത്തോട് അന്നേ എനിക്ക് വലിയ താൽപര്യമാണ്."
വിവാഹവും മരണവും ഒരേ ദിവസം
ഞങ്ങളുടെ വിവാഹം വലിയ വാർത്തയായിരുന്നു. കോമഡിയായി പറയുന്ന കാര്യമല്ല അത്. ഞങ്ങളുടെ നിക്കാഹ് നടന്ന ദിവസമാണ് മോളമ്മയുടെ വാപ്പ മരിക്കുന്നത്. നിക്കാഹിന്റെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്ന് വിളി വന്നു, വാപ്പയ്ക്ക് അസുഖം കൂടുതലാണ്, ചെല്ലണം എന്നു പറഞ്ഞിട്ട്. ഞങ്ങൾ വിവാഹ വേഷത്തിലാണ് ആശുപത്രിയിലേക്ക് ചെല്ലുന്നത്. ആശുപത്രിയിൽ നിന്ന് ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തുന്നതിനു മുൻപെ വാപ്പ പോയി. കല്ല്യാണം എന്നു പറയുന്നത് തന്നെ സങ്കടത്തിന്റെ കാര്യമാണ്. മൊത്തത്തിൽ നോക്കിയാൽ ഞാൻ സങ്കടത്തിന്റെ നിറകുടമല്ലേ?! പുഞ്ചിരിയോടെ നസീർ ചോദിക്കുന്നു. ‘‘പക്ഷെ, എല്ലാത്തിനും കൂട്ടി ദൈവം ഇപ്പോൾ തരുന്നുണ്ട്. എന്നാലും പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ വീണ്ടും സങ്കടം വരും’’- നസീർ അൽപനേരത്തേക്ക് നിശബ്ദനായി.
ഇനിയുള്ളത് ചെറിയ സ്വപ്നങ്ങൾ
ആദ്യം ആഗ്രഹിച്ച് എടുത്തത് ഒരു ടുവീലറായിരുന്നു. ഇപ്പോൾ കയ്യിലുള്ള ടുവീലർ ആദ്യത്തേത് വിറ്റതിനു ശേഷം വാങ്ങിയതാണ്. എന്റെ നാട്ടിലെ കറക്കങ്ങളെല്ലാം അതിലാണ്. എനിക്ക് ടുവീലർ ഓടിക്കാൻ മാത്രമെ അറിയുള്ളൂ. ഇപ്പോഴൊരു എസ്.യു.വി വാങ്ങിയിട്ടുണ്ട്. പുറത്തേക്കൊക്കെ പോകുന്നത് അതിലാണ്. എന്നാലും എന്റെ കൂടപ്പിറപ്പ് പോലെ എപ്പോഴും കൂടെയുള്ളത് ടുവീലറാണ്. ഇതൊക്കെയായിരുന്നു എന്റെ ചെറിയ സ്വപ്നങ്ങൾ. ഇനിയുള്ളത് ഒരു വീട് പണിയുക എന്ന ആഗ്രഹമാണ്. പടച്ചോന്റെ തുണ കൊണ്ട് അതും നടക്കുമെന്നാണ് പ്രതീക്ഷ,– നസീർ തന്റെ കയ്യൊപ്പുള്ള നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും ഗേറ്റിനു മുന്നിൽ കമലാസനന്റെ യുവ ആരാധകർ വന്നെത്തി. അവരോട് കുശലം പറഞ്ഞുകൊണ്ട് നസീർ സംക്രാന്തി പുറത്തേക്കിറങ്ങി. ഒടുവിൽ അവർക്കൊപ്പം ഒരു സെൽഫിയും. ഇനി സംക്രാന്തി കവലയിലേക്ക്... കൂട്ടുകാരോട് വിശേഷം പറഞ്ഞിരിക്കാനുള്ള പോക്കാണ്. മജീദിക്കാന്റെ കടയിൽ നിന്ന് ഒരു മുറുക്കാനും സ്പെഷൽ നാരങ്ങാ സർബത്തും. പരിപാടി ഇല്ലെങ്കിൽ നസീറിന്റെ സന്തോഷങ്ങൾ ഇതൊക്കെയാണ്.