ADVERTISEMENT

‘മുടി വെട്ടാൻ നടക്കാണോ ? അയ്യേ ബ്യൂട്ടീഷനോ ? വേറെ പണിയൊന്നും കിട്ടീലേ...’ 16 വർഷം മുമ്പ് പ്രഫഷൻ തിരഞ്ഞെടുത്തപ്പോൾ ഇരട്ട സഹോദരങ്ങളായ സജിത്തിനും സുജിത്തിനും നേരിടേണ്ടി വന്ന പരിഹാസങ്ങൾ ഇങ്ങനെ നീണ്ടു പോകും. ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിങ്ങനെ ആളു കൂടുന്ന സദസ്സിൽ ഈ വാചകങ്ങൾ മുഴങ്ങും, പരിഹാസച്ചിരി ഉയരും. 

പക്ഷേ അവർ തളർന്നില്ല. മേക്കപ് ബ്രഷും കത്രികയും കൂടുതൽ ചേർത്തു പിടിച്ചു. എറണാകുളത്തെ പല സലൂണുകളിലായി ജോലി ചെയ്തു. പ്രഫഷനെ ജീവിനു തുല്യം സ്നേഹിച്ചു. കാലം കടന്നു പോയി. ഇന്ന് സജിത്തും സുജിത്തും (സജിത്ത്&സുജിത്ത്) ഒരു ബ്രാൻഡ് നെയിം ആണ്. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുമാർ.  ബ്യൂട്ടി സലൂണിന്റെ ഉടമസ്ഥര്‍.

അച്ഛന്റെ കൺസ്ട്രഷൻ ബിസിനസ് മക്കൾ ഏറ്റെടുക്കും എന്നു കരുതിയവരെ അദ്ഭുതപ്പെടുത്തിയാണ് സജിത്തും സുജിത്തും മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞത്. സുജിത്ത് ഹോട്ടൽ മാനേജ്മെന്റിനും സജിത്ത് ബ്യൂട്ടീഷൻ കോഴ്സിനും ചേർന്നു. പഠനശേഷം ജോലിക്കു കയറി. പിന്നീട് ഹോട്ടൽ ജോലി വേണ്ടെന്നുവച്ച സുജിത്ത് ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച് സഹോദരന്റെ അതേ ഫീൽഡിലേക്ക് ഇറങ്ങി. എതിർപ്പുകളേയും വെല്ലുവിളികളേയും അതിജീവിച്ച് മുന്നേറിയ കഥ സജിത്തും സുജിത്തും മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

എതിര്‍പ്പുകളിലൂടെ മുന്നോട്ട്

അന്ന് ബ്യൂട്ടീഷൻ എന്നൊക്കെ പറയുമ്പോൾ ആളുകൾക്ക് എന്തോ പോലെയാണ്. അച്ഛനും ബന്ധുക്കളും ശക്തമായി എതിർത്തു. എങ്കിലും അമ്മ നളിനിയും ചേച്ചി സുജയും പിന്തുണ നൽകി. ബ്യൂട്ടീഷൻമാരെക്കുറിച്ച് വളരെ മോശം ചിന്ത നിലനിൽക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. നിരവധി കളിയാക്കലുകൾ നേരിട്ടു. എങ്കിലും പിന്മാറിയില്ല.

sajith-sujith-8

ഞങ്ങൾ പല സലൂണുകളിൽ ജോലി ചെയ്തു. സാധ്യതകൾ പരിമിതമായിരുന്ന കാലമായിരുന്നു അത്.  പരമാവധി ജോലിയെടുക്കുക കൂടുതൽ കാര്യങ്ങൾ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. വർക്‌ഷോപ്പുകളിലൊക്കെ പങ്കെടുത്ത് പുതിയ അറിവുകൾ നേടികൊണ്ടിരുന്നു.

സജിത്ത് & സുജിത്ത്

13 വർഷം മുമ്പ് പാലാരിവട്ടത്തെ ഒരു സലൂണിലാണ്  ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങുന്നത്. സിനിമാ താരങ്ങളെ പരിചയപ്പെടുന്നതും ആ സമയത്താണ്. മിത്ര കുര്യൻ, രാധിക, മൈഥലി, ആഷിഖ് അബു, അമൽ നീരദ് എന്നിവരെല്ലാം അവിടെ കസ്റ്റമേഴ്സ് ആയിരുന്നു. ആറു വർഷത്തോളം അവിടെ ജോലി ചെയ്തു. അതിനുശേഷം പനമ്പിള്ളി നഗറിലുള്ള ഒരു സലൂണിലേക്ക് മാറി. താരങ്ങൾ ഉൾപ്പടെയുള്ള പല കസ്റ്റമേഴ്സും ഞങ്ങളെ തേടി അവിടേക്ക് വന്നു. ഞങ്ങളുടെ ജോലിക്ക് വിലയുണ്ടെന്ന് മനസ്സിലാക്കിയ ഒരു സമയമായിരുന്നു അത്. ‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുന്നതും  അവിടെവെച്ചാണ്.

sajith-sujith-4

എട്ടു വർഷം മുമ്പ് രമ്യ നമ്പീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള വളർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഭാവന, ശേത്വ മേനോൻ, ഭാമ എന്നിങ്ങനെ ആ പട്ടിക നീണ്ടു. എല്ലാവരുമായും വലിയ സൗഹൃദം രൂപപ്പെട്ടു. 

സ്വന്തം സലൂൺ

2014ൽ ആണ് സ്വന്തം സലൂൺ തുടങ്ങുന്നത്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപര്യമില്ലാത്തതിനാൽ സലൂൺ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. പക്ഷേ ജോലി ചെയ്യുന്ന സലൂണിന്റെ ഉടമസ്ഥർ ലാഭം കൂട്ടാൻ വേണ്ടി സമ്മർദം ചെലുത്തുന്നതും ആവശ്യമായ പ്രൊഡക്ട്സ് ലഭ്യമാക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചു. അനാവശ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നതും കൂടുതൽ നേരം ജോലി ചെയ്യിക്കുന്നതുമൊക്കെ പരിധിവിട്ടതോടെ മാനസികവും ശീരീരികവുമായി ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. അതോടെ ജോലി നിർത്തി വീട്ടിലിരിക്കാൻ അമ്മ ഞങ്ങളോട് പറഞ്ഞു. 

sajith-sujith-7

അങ്ങനെ വീട്ടിലിരുന്നപ്പോഴാണ് സ്വന്തമായി സലൂൺ തുടങ്ങാൻ തീരുമാനിച്ചത്. രമ്യാ നമ്പീശന്റെ പ്രചോദനം കരുത്തായി. ഒരാഴ്ച കൊണ്ട് അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്തു. കലൂർ-കത്രിക്കടവ് റോഡിൽ ചെറിയൊരു കെട്ടിടത്തിൽ സലൂൺ ആരംഭിച്ചു. തിരക്കുകളെല്ലാം മാറ്റിവെച്ചു വന്ന് രമ്യയാണ് ഉദ്ഘാടനം ചെയ്തത്. പതിയെ സലൂണ്‍ വളർന്നു. വലിയൊരു കെട്ടിടത്തിലേക്ക് മാറി. അതും ഉദ്ഘാടനം ചെയ്തത് രമ്യ  ആയിരുന്നു. വിദേശ ഷോയ്ക്കുള്ള യാത്ര ഒരു ദിവസം വൈകിച്ചാണ് രമ്യ അന്നു വന്നത്. ഒരു സഹോദരിയെപ്പോലുള്ള കരുതലാണ് രമ്യയിൽ നിന്നുണ്ടായത്. എന്തായാലും പിന്നീട് ഞങ്ങൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

മഞ്ജു വാരിയർ ഭാഗ്യം

മഞ്ജു ചേച്ചി വഴിയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ‘എന്നും എപ്പോഴും’ എന്ന സിനിമയുടെ സമയത്താണ് മഞ്ജു ചേച്ചിയെ പരിചയപ്പെടുന്നത്. ആ സിനിമയിലെ മേക്കപ് ആർടിസ്റ്റ് ജാൻമണി ദാസും ഞങ്ങളുടെ സുഹൃത്തും മേക്കപ് ആർടിസ്റ്റുമായ ഉണ്ണിയും വഴിയാണ് ചേച്ചിയുടെ മുടി ബ്ലോഡർ ചെയ്യാൻ അവസരമൊരുങ്ങുന്നത്. അത് ചേച്ചിക്ക് ഇഷ്ടമായി. ആ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ദിവസം ചേച്ചി ഞങ്ങളുടെ സലൂണിൽ വന്നു.  പിന്നെ ഓരോ സിനിമയ്ക്കും ഫോട്ടോഷൂട്ടിനും മുമ്പ് ചേച്ചി വരും.  ഹെയർസ്റ്റൈൽ മാറ്റും. ഇപ്പോൾ ആറു വർഷമായി മഞ്ജു ചേച്ചിയുടെ മുടി സ്റ്റൈൽ ചെയ്യുന്നത് ഞങ്ങളാണ്. 

sajith-sujith-2

സൗഹൃദം ശക്തി

സിനിമ മേഖലയിലുള്ളവരിൽ ഏറ്റവും അടുത്ത സുഹൃത്ത് അനുശ്രീയാണ്. അനുവിനെ കുടുംബാംഗം എന്നു വിശേഷിപ്പിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ലോക്ഡൗൺ സമയത്ത് അനു വീട്ടിൽ വന്നിരുന്നു. സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്. ഞങ്ങൾ ഫോട്ടോഷൂട്ട് ഒക്കെ നടത്തി ആഘോഷമാക്കി.

അതുപോലെ മീര നന്ദനും വളരെ അടുത്ത സുഹൃത്താണ്. പുതിയ മേക്കപ് പ്രൊഡക്ട്സ് പരിചയപ്പെടാനും ‌വിദേശത്തുനിന്ന് എത്തിക്കാനുമൊക്കെ മീര സഹായിക്കാറുണ്ട്. ദുബായിൽ പോകുമ്പോള്‍ ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കാനും ഒപ്പം സമയം ചെലവിടാനുമൊക്കെ മീര ഉണ്ടാകും. നിഖില വിമലും അപർണ നായരുമൊക്കെ വളരെയധികം പിന്തുണയും സ്നേഹവും നൽകുന്നവരാണ്. സുഹൃത്തുക്കളുടെ നിര വളരെ നീണ്ടതാണ്. പേര് പറയുകയാണെങ്കിൽ തീരില്ല.

sajith-sujith-anusree

ഫേക്ക് ആകാതിരുന്നാൽ മികച്ച സൗഹൃദങ്ങൾ സൃഷ്ടിക്കാനാകും. മോശമാണെങ്കിൽ മോശമെന്നും നല്ലാതാണെങ്കിൽ നല്ലതെന്നും പറയണം. അപ്പോഴത്തെ നേട്ടം മാത്രം നോക്കി പ്രവർത്തിക്കാറില്ല. അതുപോലെ മനസ്സു തുറന്ന് സംസാരിക്കും. പക്ഷേ ഒരിക്കലും മറ്റൊരാൾ പറഞ്ഞത് വേറെ ഒരാളോട് പറയില്ല. അതെല്ലാം സൗഹൃദം രൂപപ്പെടുന്നതിലും വിജയിക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

sajith-sujith-5

അപ്ഡേഷൻ മുഖ്യം

നമ്മൾ അപ്ഡേറ്റ് ആയികൊണ്ടിരിക്കണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. പഠനം ഒരിക്കലും തീരുന്നില്ല. സലൂൺ തുടങ്ങിയതിനുശേഷം പുതിയ പ്രൊഡക്ടുകളുമായി വന്ന് ബന്ധപ്പെട്ടവർ പഠിപ്പിക്കും. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ രണ്ടും മൂന്നും ദിവസത്തെ വർക്‌ഷോപ്പുകളിൽ പങ്കെടുക്കാറുണ്ട്. ഇനിയും ഒരുപാട് പഠിക്കണം. വർക്കുകൾ കൂടുതൽ മെച്ചപ്പെടുത്തണം.

വെല്ലുവിളികൾ

മോശം അനുഭവങ്ങളും ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. കസ്റ്റമേഴ്സിൽ  പലതരം സ്വഭാവക്കാരുണ്ടാകുമല്ലോ. ജോലി കഴിയുമ്പോൾ ചിലരുടെ സ്വഭാവം മാറും. ബ്രൈഡൽ മേക്കപ്പിനെല്ലാം പോയി കാര്യം കഴിയുമ്പോൾ നമ്മളെ ഒരു ശല്യം പോലെ കാണുന്നവരുണ്ട്. എല്ലാം കഴിഞ്ഞ് കുറ്റം മാത്രം പറയുന്നവരുണ്ട്. സലൂണില്‍ കാത്തിരിക്കേണ്ടി വന്നാൽ തട്ടിക്കയറുന്നവരുണ്ട്. തിരക്കുമൂലം ഒഴിവാക്കാൻ ശ്രമിച്ചാൽ ദേഷ്യപ്പെടുന്നവരുണ്ട്. പണം തന്നിട്ടല്ലേ ചെയ്യുന്നത് എന്ന ഭാവത്തോടു കൂടിയാണ് ചിലരുടെ പെരുമാറ്റം. സത്യത്തിൽ പാഷൻ കൊണ്ടാണ് സാധ്യമാകുന്നതിന്റെ പരമാവധി വർക്കുകൾ ചെയ്യുന്നത്. പണത്തോടുള്ള ആർത്തി കൊണ്ടല്ല. 

sajith-sujith-6

വിജയരഹസ്യം

ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത് വിജയത്തിനു പിന്നാലെ വലിയൊരു ഘടകമാണ്. പരസ്പരമുള്ള സഹകരണവും നിയന്ത്രണവുമൊക്കെ കൂടുതൽ മികവോടെ ജോലി ചെയ്യാൻ സഹായിക്കുന്നുണ്ട്. ചർച്ചകൾ ചെയ്യാനും ആത്മവിശ്വാസം നൽകാനുമൊക്കെ ഒരാൾ ഒപ്പമുണ്ടല്ലോ. പിന്നെ ഇരട്ടകളായതുകൊണ്ട് കിട്ടിയ ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. പഠിക്കാൻ ഒരുപാട് ബാക്കിയുണ്ടെന്ന ബോധ്യമുണ്ട്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.

ബ്രൈഡൽ മേക്കപ്പും സെലിബ്രിറ്റി സ്റ്റൈലിങ്ങുമൊക്കെ കാരണം കുടുംബത്തിലെ തന്നെ പല പരിപാടികളിലും പങ്കെടുക്കാൻ സാധിക്കാറില്ല. ശരിക്ക് ഉറങ്ങാൻ പോലും പറ്റാത്ത ദിവസങ്ങളുണ്ടാവും. പക്ഷേ, പ്രഫഷനോടുള്ള പാഷൻ കൊണ്ട് എല്ലാം മറികടക്കും.

പിന്നെ അമ്മയുടേയും ചേച്ചിയുടേയും പിന്തുണ എടുത്തു പറയേണ്ടതാണ്. സലൂണിന്റെ പ്രവർത്തനങ്ങളിൽ ചേച്ചി ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഞങ്ങളുടെ തിരക്കു പിടിച്ച ഓട്ടത്തിനിടയിലും ചേച്ചിയുടെ ശ്രദ്ധ സലൂണിന്റെ വളർച്ചയ്ക്ക് സഹായമാകുന്നു.

sajith-sujith-11

സ്വപ്നങ്ങൾ

ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒതുങ്ങിക്കൂടാനായിരുന്നു എന്നും ഇഷ്ടം. സ്റ്റൈലിസ്റ്റ് ആവുമെന്നോ സലൂൺ തുടങ്ങുമെന്നോ ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. 130 ലേറെ സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്യുന്നുണ്ട്. വർക്കുകൾക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നു. നിരവധി സുഹൃത്തുക്കളെ ലഭിച്ചു. അന്ന് പരിഹസിച്ചവർ ഞങ്ങൾ സുഹൃത്തെന്നും ബന്ധുവെന്നുമെല്ലാം അഭിമാനത്തോടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി പോകുന്നു. ഞങ്ങൾ ഹാപ്പിയാണ്. കൂടുതൽ പഠിക്കുക, നന്നായി ജോലി ചെയ്യുക. അതു മാത്രമാണ് ആഗ്രഹം.

English Summary : Celebrity stylist Sajith&Sujith success story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com