റോബിന് 33 തികഞ്ഞു, ബാച്ചിലറായുള്ള അവസാന പിറന്നാൾ; പ്രിയപ്പെട്ടവന് ആശംസകളുമായി ആരതി പൊടി

Mail This Article
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോബിൻ രാധാകൃഷ്ണന്‍. സംരംഭകയായ ആരതി പൊടിയെയാണ് റോബിൻ വിവാഹം ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോഴിതാ റോബിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തിയിരിക്കുകയാണ് ആരതി പൊടി.

‘ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങൾ എന്നത്തേക്കാളും ആകർഷകവും മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ ഇടം’. റോബിനൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ആരതി കുറിച്ചു. നിറയെ ചുവന്ന ബലൂണുകളുമായി നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

ആരതിയുടെ പോസ്റ്റിന് താഴെ കമന്റുമായി റോബിനും എത്തിയിട്ടുണ്ട്. ‘സർപ്രൈസിന് നന്ദി. ഒരു ബാച്ചിലർ എന്ന നിലയിൽ എന്റെ അവസാനത്തെ പിറന്നാളാണിത്. 33 വയസ്സ് തികഞ്ഞിരിക്കുന്നു’. എന്ന് റോബിൻ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തുന്നത്. വിവാഹം എന്നാണ് എന്ന ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.