എടുത്തുചാടി ‘പണി’വാങ്ങിക്കരുതേ; പുതിയകാലത്തെ പ്രണയം ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Mail This Article
പ്രണയിക്കാൻ വളരെയെളുപ്പമാണ്. പക്ഷേ, ആരോഗ്യപരമായി ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാനാണ് പ്രയാസം. പ്രണയിക്കുന്നവരും പ്രണയത്തകർച്ച നേരിട്ടവരും ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. അത് ഒരു പരിധി വരെ സത്യവുമാണ്. പെട്ടന്നുള്ള എടുത്തുചാട്ടത്തിൽ പ്രണയിക്കുന്നവരിൽ പലരും അതു മുന്നോട്ടു കൊണ്ടു പോകാനാകാതെ പ്രയാസപ്പെടാറുണ്ട്. മറ്റു ചിലർ മറ്റൊരു ഗത്യന്തരവുമില്ലാതെ ആ പ്രണയത്തിൽത്തന്നെതുടരാറുമുണ്ട്. പക്ഷേ ആരോഗ്യകരമായ പ്രണയബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
പരസ്പരം മനസ്സിലാക്കാൻ സമയം നൽകാം
ചിലരെ കാണുമ്പോൾ മുൻജന്മ ബന്ധം തോന്നുന്നു, അല്ലെങ്കിൽ ആദ്യ കാഴ്ചയിൽത്തന്നെ പ്രണയം തോന്നിപ്പോയി എന്നപേരിലൊക്കെ ചിലർ പ്രണയിച്ചു തുടങ്ങാറുണ്ട്. പക്ഷേ അത്തരം എടുത്തു ചാടിയുള്ള പ്രണയം പലപ്പോഴും ആരോഗ്യകരമായിരിക്കണമെന്നില്ല. പരസ്പരം സംസാരിച്ച ശേഷം സ്വഭാവവും പെരുമാറ്റരീതികളുമൊക്കെ മനസ്സിലാക്കിയ ശേഷം പരസ്പരം യോജിച്ചു പോകാമെങ്കിൽ മാത്രം ഒരു പ്രണയബന്ധത്തിലേക്ക് കടക്കുന്നതാണ് നല്ലത്. ആദ്യ കാലത്ത് സ്വഭാവത്തിലെ നല്ലതു മാത്രം പരസ്പരം പ്രകടിപ്പിച്ച് ബന്ധം സ്ഥാപിച്ച ശേഷം ടോക്സിക് ആകാൻ തുടങ്ങിയാൽ അതൊരിക്കലും നന്നാവില്ല. അതുകൊണ്ട് ആരോഗ്യകരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്വഭാവത്തിലെ പോസിറ്റിവ് വശവും നെഗറ്റിവ് വശവും പങ്കാളിയാകാൻ പോകുന്നയാളോട് തുറന്നു പ്രകടിപ്പിക്കണം.
അതിർവരമ്പുകൾ പരസ്പരം ലംഘിക്കാതിരിക്കാം
ഏതൊരു ബന്ധത്തിലും അതിർവരമ്പുകൾ സൃഷ്ടിക്കുന്നതു പോലെ പ്രണയത്തിലും കൃത്യമായി അതിർവരമ്പുകൾ നിർണയിക്കുന്നത് ആദ്യകാലം മുതൽ തന്നെ ഗുണം ചെയ്യും. മര്യാദവിട്ടു പെരുമാറാതിരിക്കാൻ ഈ നിയന്ത്രണം തീർച്ചയായും ഇരുവരെയും സഹായിക്കും. കണ്ടുമുട്ടുന്ന ദിവസം മുതൽ അമിത സ്വാതന്ത്ര്യം അനുവദിച്ചാൽ മുന്നോട്ടുള്ള ജീവിതത്തിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയാക്കും. സംസാരത്തിലും പ്രവൃത്തിയിലും മാന്യതയും മര്യാദയും പുലർത്തുന്നത് ബന്ധം ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും.
പരസ്പരം നൽകുന്ന സമയത്തിനും മൂല്യം നൽകാം
വല്ലപ്പോഴും കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന തരം ബന്ധമാണെങ്കിൽ ഒരിക്കലും ദീർഘനേരം കാത്തിരിക്കാനുള്ള അവസരം ഇടവരുത്താതിരിക്കുക. ജീവിതത്തിലെ പലവിധ തിരക്കുകളിൽ നിന്ന് പ്രണയത്തിനായി അവർ സമയം നീക്കി വയ്ക്കുമ്പോൾ അതിനു വില കൊടുക്കാതെ അവരെ അപമാനിക്കരുത്. ദീർഘസമയം കാത്തിരിക്കുന്നത് അപരനോയുള്ള മനോഭാവത്തിൽ മടുപ്പുണ്ടാക്കും. കൃത്യനിഷ്ഠയില്ലാത്തയാളെയാണല്ലോ പ്രണയിക്കാൻ തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള നിരാശയുണ്ടാകാനും അത് കാരണമാകും.
പറയാനുള്ളതു മുഴുവൻ കേട്ടശേഷം മാത്രം പ്രതികരിക്കാം
ഏതൊരു ബന്ധത്തിലെന്നതു പോലെയും പ്രണയ ബന്ധത്തിലും വാക്‌തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. പക്ഷേ അപ്പുറത്തു നിൽക്കുന്നയാൾക്ക് സംസാരിക്കാൻ അവസരം നൽകാതെ, അല്ലെങ്കിൽ അവർക്ക് സംസാരിക്കാനുള്ളത് മുഴുവൻ കേൾക്കാതെ പ്രതികരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. പറയാനുള്ളത് എന്തായാലും അത് ക്ഷമയോടെ പരസ്പരം കേൾക്കാനുള്ള മനസ്സാണ് ആരോഗ്യകരമായ ബന്ധത്തിൽ ഇരുവർക്കും വേണ്ടത്. പറയുന്നതു പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാം. മനസ്സിലുള്ളത് കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കണം. അപ്പുറത്തു നിൽക്കുന്നയാളിന് എന്തു തോന്നുമെന്നു കരുതി അർഥസത്യങ്ങൾ പറയാതെ, പറയാനുള്ള കാര്യങ്ങൾ വ്യക്തമായി, സത്യസന്ധതയോടെ അവതരിപ്പിക്കാം.
ആത്മനിയന്ത്രണം കൈവിടരുത്
ചില സമയത്തെങ്കിലും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മളെ മനസ്സിലാക്കാൻ അപ്പുറത്തു നിൽക്കുന്നയാൾക്ക് സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ അപരനോട് തർക്കിച്ചു ജയിക്കാൻ നിൽക്കാതെ ആത്മനിയന്ത്രണം പാലിക്കാം. മറ്റുള്ളവരുടെ വികാരങ്ങളെയും പെരുമാറ്റത്തെയും നമുക്കു നിയന്ത്രിക്കാൻ കഴിയില്ല. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ നമുക്കുള്ളൂ എന്ന് തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിച്ചാൽ ബന്ധം ആരോഗ്യപരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.