ADVERTISEMENT

സിനിമ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തുകളുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ട താരം കൂടിയായ ഗായത്രി, ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു ചുവട്‌ വയ്ക്കുകയാണ്. സ്വന്തമായി നെയിൽ ആർട്ട് സ്റ്റുഡിയോ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് താരം. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. ബിസിനസിലെ പുതിയ കാൽവയ്പ്പിനെ കുറിച്ച് പറയുകയാണ് ഗായത്രി. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറയുന്നു.

‌നെയിൽ ഇറ്റ് ബൈ ഗായത്രി അരുൺ

എന്റെ ഭർത്താവ് ഒരു ബിസിനസ് മാനാണ്. അദ്ദേഹത്തോട് ഞാൻ എപ്പോഴും പറയുമായിരുന്നു ബിസിനസും മറ്റുമൊന്നും എനിക്ക് പറ്റില്ല. അത്രയും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കഴിവൊന്നും എനിക്കില്ല എന്ന്. പക്ഷേ എന്തോ പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ ഒരു സംരംഭം തുടങ്ങണമെന്ന് പറയുകയും അത് പടിപടിയായി തടസമൊന്നും കൂടാതെ നടക്കുകയും ചെയ്തു. അതാണ് നെയിൽ ഇറ്റ് ബൈ ഗായത്രി അരുൺ.ചെറുപ്പം മുതൽ ഉള്ള ഏറ്റവും വലിയ ആഗ്രഹം അഭിനേത്രി ആവുക എന്നുള്ളതായിരുന്നു. കഥയും കവിതകളും എല്ലാം ജീവിതത്തിൽ ഇടയ്ക്കു കയറി വന്ന അനുഗ്രഹങ്ങൾ മാത്രം. അതുപോലെയാണ് ഞാൻ ഈ പുതിയ ബിസിനസിനെയും കാണുന്നത്. നെയിൽ ആർട്ട് കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് അതുപോലെ ഒരു ബിസിനസ് ആരംഭിച്ചാലോ എന്ന ആലോചന ഉണ്ടാകുന്നത്. എന്റെ നാട് ചേർത്തലയാണ്. അവിടെനിന്നും എറണാകുളം സിറ്റിയിൽ എത്തിയാൽ മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയിൽ ഇതുപോലെയുള്ള സേവനങ്ങൾ ലഭിക്കുകയുള്ളൂ. അത് ആലോചിച്ചപ്പോൾ എന്തുകൊണ്ട് സ്വന്തം നാട്ടിൽ തന്നെ അത്തരം ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. ചേർത്തലയിൽ നിന്നും കൊച്ചിയിലേയ്ക്ക് എത്തുക എന്നു പറഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ അവിടെ വരെ പോവുകയും വേണ്ട എന്നാൽ അവിടെ കിട്ടുന്ന പ്രൊഫഷനൽ സൗകര്യങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടിലും കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് സ്റ്റുഡിയോ നാട്ടിൽ തന്നെ തുടങ്ങാൻ തീരുമാനിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ആർട്ടിസ്റ്റുകളെ തന്നെ ഇവിടെ എത്തിക്കാനാണ് ശ്രമം.

മുഴുവൻസമയ സംരംഭകയാകില്ല

ഒരു മുഴുവൻസമയ സംരംഭക ആകാനൊന്നും ഞാനില്ല. ഇതുവരെ ചെയ്തത് എന്തൊക്കെയാണ് അതൊക്കെ ഇനിയും തുടരും. അഭിനയത്തിന് തന്നെയാണ് പ്രയോറിറ്റി. അതോടൊപ്പം എഴുത്തും കൊണ്ടുപോകണം. ബിസിനസ് എന്ന് പറയുന്നത് വളരെ ഉത്തരവാദിത്വം നിറഞ്ഞ ഒരു കാര്യമാണ്.നമ്മളെ ആശ്രയിച്ച് കുറേയേറെപ്പേർ പിന്നിലുണ്ടാകും. അവരുടെ കാര്യങ്ങൾ നോക്കണം, നമ്മൾ ആളുകൾക്ക് കൊടുക്കുന്ന സേവനം ഏറ്റവും മികച്ചതായിരിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒരു ബിസിനസ് നടത്തി കൊണ്ടുപോകുന്ന ആൾ ശ്രദ്ധിക്കണം. ശരിക്കു പറഞ്ഞാൽ ഒരു സിനിമയിൽ ഡയറക്ടറുടെ സ്ഥാനമാണ് ബിസിനസിൽ അതിന്റെ തലപ്പത്തിരിക്കുന്ന ആൾക്കുള്ളത്. വളരെ ഉത്തരവാദിത്വമുള്ള ഒരു ഡ്യൂട്ടിയാണ് ഞാൻ ഏറ്റെടുക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. അത് ഭംഗിയായി നിർവഹിക്കാൻ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

സ്ത്രീകൾക്ക് സ്വന്തമായ വരുമാനം വേണം

എല്ലാ സ്ത്രീകൾക്കും ചെറുതെങ്കിലും ഒരു വരുമാനമാർഗം വേണമെന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യം. അതിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് പറയുകയാണ്. ചെറുതായിട്ടെങ്കിലും ഒരു വരുമാനമാർഗം സ്ത്രീകൾ കണ്ടെത്തണം. സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ പരിതാപകരമാണ്. ഫിനാൻഷ്യൽ സെക്യൂർ ആവുക എന്നത് ആൺ പെൺ വ്യത്യാസമില്ലാത്ത കാര്യമാണ്. ഈ പുതിയ സംരംഭത്തിലൂടെ സാമൂഹിക സംരംഭകത്വം തന്നെയാണ് ഉദ്ദേശിക്കുന്നത്. ഒരു സ്ഥാപനം തുടങ്ങുന്നതിന് അപ്പുറത്തേക്ക് ഹോം മേക്കേഴ്സായ സ്ത്രീകൾക്ക് വേണ്ടി ഒരു അക്കാദമി തുടങ്ങാനും പദ്ധതിയുണ്ട്. നെയിൽ ആർട്ട് പഠിക്കുക വളരെ ചെലവേറിയ കാര്യമാണ്. അത് എല്ലാവർക്കും താങ്ങാവുന്ന നിലയിൽ ഫീസ് കുറച്ച് സംരംഭകരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ പഠിപ്പിക്കുക എന്നതാണ് പുതിയ അക്കാദമിയിലൂടെ ഞാൻ ലക്ഷ്യമിടുന്നത്.

English Summary:

From Acting to Entrepreneurship: Gayathri Arun Opens Her Own Nail Art Studio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com