കിളിമഞ്ചാരോയുടെ നെറുകയിൽ ഇന്ത്യൻ പതാക വീശി ഇന്ത്യൻ സേനാംഗം അശോക നന്ദിനി മൊഹന്തി
Mail This Article
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയുടെ നെറുകയിൽ ഇന്ത്യൻ പതാക വീശി ഇന്ത്യൻ സേനാംഗമായ അശോക നന്ദിനി മൊഹന്തി. കൊച്ചിൻ ഷിപ്‌യാഡിലെ സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് ആണ് അശോക. ഇന്ത്യൻ സേനയ്ക്കു തന്നെ അഭിമാനമാകുന്ന ഈ നേട്ടം 12ന് ആയിരുന്നു. സാഹസിക യാത്ര പൂർത്തിയാക്കി 18ന് അശോക നാട്ടിലെത്തും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയതിന്റെ രണ്ടാം വാർഷികത്തിലാണ് നാൽപത്തിമൂന്നുകാരിയായ അശോക കിളിമഞ്ചാരോയുടെ നെറുകയിൽ ഇന്ത്യൻ പതാക പാറിച്ചത്.
സിഎപിഎഫിന്റെ പർവതാരോഹക സംഘത്തിനൊപ്പമായിരുന്നു എവറസ്റ്റ് യാത്രയെങ്കിൽ ഇത്തവണ സേനയുടെ പിന്തുണയോടെ ഒറ്റയ്ക്കുള്ള യാത്രയായിരുന്നു അശോകയുടേത്. സേനയിൽ എത്തും മുൻപേ എൻസിസിയിൽ പ്രവർത്തിക്കുന്ന കാലത്ത് പർവതാരോഹണത്തിൽ പരിശീലനം നേടിയിട്ടുള്ള അശോകയുടെ സാഹസിക യാത്രകളിലേക്കുള്ള പ്രയാണം ഇപ്പോൾ സേനയുടെ പിന്തുണയോടെയാണ്.
സമുദ്രനിരപ്പിൽ നിന്ന് 5895 മീറ്റർ ഉയരത്തിലുള്ള കിളിമഞ്ചാരോയിലേക്കുള്ള യാത്ര പ്രത്യേകതയുള്ളതാകുന്നത് അതിന്റെ ഭൂപ്രകൃതി കൊണ്ടും അന്തരീക്ഷമർദം, താപനില എന്നിവയിലെ കാഠിന്യം കൊണ്ടുമാണ്. സേനയിലെ പരിശീലനം കൊണ്ടു നേടിയെടുത്ത കായികക്ഷമതയും മാനോബലവുമാണ് ഉയരവും കാഠിന്യവുമേറിയ വഴി കീഴടക്കാൻ തന്നെ പ്രാപ്തയാക്കിയതെന്നു അശോക പറഞ്ഞു.
ഒഡീഷ സ്വദേശിയായ അശോക കഴിഞ്ഞ ജൂണിലാണ് കൊച്ചിൻ ഷിപ്‌യാഡിൽ ചുമതലയേൽക്കുന്നത്. കൊല്ലം സ്വദേശിയായ എസ്. റെജി ആണ് ഭർത്താവ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡൽഹി കേന്ദ്ര ഓഫിസിൽ ഡപ്യൂട്ടി ഡയറക്ടറാണ് റെജി. ഇരുവരും സിഐഎസ്എഫിൽ ഒരുമിച്ചു ജോലി ചെയ്യുന്ന കാലത്താണു പരിചയപ്പെടുന്നത്. എട്ടു വർഷം മുൻപായിരുന്നു വിവാഹം. ഇന്ത്യൻ അർധസൈനിക വിഭാഗത്തിലെ വനിതകളുടെ ശക്തി വിളിച്ചുപറയുന്ന നേട്ടം കൂടിയാകുകയാണ് അശോകയുടെ ഈ വിജയമെന്നു സേനയുടെ അഭിനന്ദന കുറിപ്പിൽ പറയുന്നു.