ADVERTISEMENT

യുദ്ധം ബഹിരാകാശത്തേക്കു നീങ്ങിയാലും മേൽക്കോയ്മ ഉറപ്പിക്കാനൊരുങ്ങുകയാണ് ചൈന. അമ്പരപ്പിക്കുന്ന സവിശേഷതകളുള്ള കണ്‍സെപ്റ്റ് പോര്‍വിമാനം 'ബെയ്ദി' ചൈന അവതരിപ്പിച്ചിരുന്നു. സുഹായില്‍ നടക്കുന്ന ചൈനയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനത്തിനിടെയാണ് ആറാം തലമുറയില്‍ പെട്ട ബെയ്ജി ബി-ടൈപ്പ് പോര്‍വിമാനത്തിന്റെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടത്. ചൈനീസ് വിമോചന സേനക്കുവേണ്ടി ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന(AVIC)യാണ് ബെയ്ദിയെ നിര്‍മിക്കുന്നത്. 

ലോകമെങ്ങുമുള്ള വ്യോമയാന സാങ്കേതികവിദ്യകളെ സ്വാധീനിക്കാന്‍ സാധിക്കും വിധം ആധുനിക സൗകര്യങ്ങളുള്ളതാണ് ചൈനയുടെ ഈ പോര്‍വിമാനം. വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും കരയിലേക്കും ആക്രമണം നടത്താന്‍ ബെയ്ദിക്ക് സാധിക്കും. പറക്കുമ്പോള്‍ വായുവിന്റെ തടസം പരമാവധി കുറയ്ക്കും വിധമാണ് പോര്‍വിമാനത്തിന്റെ ഉടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്‍ ബെയ്ദിയെ സഹായിക്കുന്നുമുണ്ട്. 

'വെളുത്ത ചക്രവര്‍ത്തി'യെന്നാണ് ബെയ്ദി എന്ന വാക്കിന്റെ അര്‍ഥം. ഭൂമിയുടെ അന്തരീക്ഷവും കടന്ന് ബഹിരാകാശം വരെ സഞ്ചരിക്കാന്‍ ബെയ്ദിക്കാവുമെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ അത്യാധുനിക വ്യോമയാന സാങ്കേതികവിദ്യകള്‍ക്കായുള്ള നാന്‍ടിയാന്‍മെന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ബെയ്ദി വികസിപ്പിച്ചെടുത്തത്. സുഹായ് വ്യോമ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായി മാറിയ ബെയ്ദിയുടെ ചിത്രങ്ങള്‍ വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. 

സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാനും ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തെത്തി ബഹിരാകാശത്തും സഞ്ചരിക്കാനുമുള്ള കഴിവുകളാണ് ബെയ്ദിയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോഴും ബെയ്ദിയെ സംബന്ധിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് ചൈന ശ്രമിക്കുന്നത്. 'വിമാനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങളിലും കോക്പിറ്റിലെ സൗകര്യങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ ബെയ്ദി ടൈപ് ബി പോര്‍വിമാനത്തില്‍ വരുത്തിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ എളുപ്പത്തില്‍ തീര്‍ക്കാനാവുമെന്നതും ഈ പോര്‍വിമാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു' എന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത്. 

ചാര വിമാനങ്ങളായ ജെ-35എ, ജെ-20 എന്നിവയും ചാര ഡ്രോണായ സിഎച്ച്-7ഉം എച്ച്ക്യു-19 വ്യോമ പ്രതിരോധ സംവിധാനവും ചൈനയിലെ വ്യോമ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-35 പോര്‍വിമാനത്തോട് രൂപത്തിലുള്ള സാദൃശ്യം കൊണ്ട് ശ്രദ്ധേയമായ ചൈനീസ് പോര്‍വിമാനമാണ് ജെ-35എ. നിരവധി ആയുധങ്ങളും ജെ 15 പോര്‍വിമാനവും പ്രദര്‍ശനത്തില്‍ ചൈന ഉള്‍പ്പെടുത്തിയിരുന്നു. 

Image Credit: representational Purpose Only
Image Credit: representational Purpose Only

ബൈയ്ദി ബി-ടൈപിന്റെ വരവോടെ ചൈനയുടെ ആകാശത്തെ കരുത്ത് വര്‍ധിച്ചിരിക്കുകയാണ്. ആകാശത്തു മാത്രമല്ല ബഹിരാകാശത്തു കൂടി മേധാവിത്വം ഉറപ്പിക്കുകയാണ് ചൈനയുടെ നാന്‍ടിയാന്‍മെന്‍ പ്രൊജക്ടിന്റെ ലക്ഷ്യം. 'സ്വര്‍ഗത്തിലെ ദക്ഷിണ കവാടം' എന്നാണ് നാന്‍ടിയാന്‍മെന്‍ എന്ന വാക്കിന്റെ അര്‍ഥം. ചൈന ആറാം തലമുറ പോര്‍വിമാനം കണ്‍സെപ്റ്റായി അവതരിപ്പിച്ചതോടെ ഈ മേഖലയിലും രാജ്യാന്തര തലത്തില്‍ മത്സരമുണ്ടാവാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

English Summary:

‘Space Dogfight’! China Readies Fighter Jet For Space War; Could Hunt Satellites With Its 6th-Gen Jet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com