രണ്ടാം വിജയവുമായി മസ്കിന്റെ ന്യൂറാലിങ്ക്; ചിന്തകൊണ്ട് ഉപകരണങ്ങളുടെ നിയന്ത്രണം സാധ്യമാകുമ്പോള്‍!
Mail This Article
ചിന്തയാൽ കംപ്യൂട്ടിങ് ഉപകരണങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശം നേടിയെടുക്കാനായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനി ന്യൂറാലിങ്ക് രണ്ടാമതൊരു രോഗിയില്‍ കൂടെ പിടിപ്പിച്ചിരിക്കുകയാണ്. ലെക്‌സ് ഫ്രൈഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റില്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാമത്തെ പരീക്ഷണവും ഇതുവരെ വിജയകരമാണ് എന്നാണ് മസ്‌ക് പറഞ്ഞത്. കംപ്യൂട്ടര്‍ മൗസ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചിന്ത മാത്രം ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ലക്ഷ്യം നേടുക എന്ന ഉദ്ദേശമാണ് ന്യൂറാലിങ്കിന്റെ 'പ്രൈം സ്റ്റഡി' വിഭാഗത്തിന് ഉള്ളത്.
ന്യൂറാലിങ്ക് ഉപകരണം നട്ടെല്ലു തളര്‍ന്നുപോകുകയും മറ്റും ചെയ്ത രോഗികളുടെ തലയോട്ടി റോബോട്ടിക് സര്‍ജറി വഴി തുരന്നാണ് പിടിപ്പിക്കുന്നത്. ആദ്യത്തെ ഉപകരണം നോളണ്ട് അര്‍ബോഗ് എന്ന രോഗിയിലാണ് പിടിപ്പിച്ചത്. ഇത്തരം പരീക്ഷണവുമായി മുന്നോട്ടുപോകാനുള്ള അനുമതി അമേരിക്കയുടെ എഫ്ഡിഎ ആണ് ന്യൂറാലിങ്കിന് നല്‍കിയത്. അനുമതി കിട്ടിയ ശേഷം ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള ആളുകളെ ക്ഷണിക്കുകയായിരുന്നു. തനിക്ക് ചിന്ത മാത്രം ഉപയോഗിച്ച് കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാനാകുന്നുണ്ടെന്ന് നോളണ്ട് അവകാശപ്പെട്ടിരുന്നു. അതേസമയം, നോളണ്ടിന്ഇപ്പോള്‍ വിഡിയോ ഗെയിം കളിക്കാനും, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടത്താനും, ലാപ്‌ടോപ്പലെ കര്‍സര്‍ നീക്കാനുമൊക്കെ സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.
എന്താണ് ന്യൂറാലിങ്കിന്റെ പ്രൈം സ്റ്റഡി?
പ്രിസൈസ് റോബോട്ടികലി ഇംപ്ലാന്റഡ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് പ്രൈം. മെയ് മാസത്തിലാണ് ഈ പഠനം രണ്ടാമത്തെ രോഗിയില്‍ നടത്താനുള്ള അനുമതി ന്യൂറാലിങ്കിന് ലഭിച്ചത്. ആര്‍ക്കാണ് രണ്ടാമതായി ഉപകരണം പിടിപ്പിച്ചത് എന്നതിനെക്കുറിച്ച് കാര്യമായ വിവരമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, അത് നോളണ്ടിനെ പോലെ നട്ടെല്ല് തളര്‍ന്ന ഒരാളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, റോഡപകടമാണ് ഈ വ്യക്തിയെ നിലവിലെ അവസ്ഥയിലേക്ക് എത്തിച്ചതെന്നും മസ്‌ക് പറഞ്ഞു.
രണ്ടാമത്തെ രോഗിയുടെ തലച്ചോറില്‍ പിടിപ്പിച്ച 400 ഇലക്ട്രോഡുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മസ്‌ക് പറഞ്ഞു. ന്യൂറാലിങ്ക് ഉപകരണത്തില്‍ 1,024 ഇലക്ട്രോഡുകളാണ് മൊത്തം ഉള്ളത്. ഇവ ഉപയോഗിച്ചാണ് തലച്ചോര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പിടിച്ചെടുത്ത് പുറത്തേക്ക്അയയ്ക്കുന്നത്. ന്യൂറാലിങ്ക് ഉപകരണം 2026 കഴിയുമ്പോഴേക്ക് 1000 പേരില്‍ പിടിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മസ്‌ക് പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഐഫോണ്‍ 16 സീരിസല്‍ ക്യമറ ലംബമായി പിടിപ്പിച്ചിരിക്കുന്നത് എന്തിന്?
ഐഫോണ്‍ 16 സീരിസ് സെപ്റ്റംബറില്‍ ആയിരിക്കും ആപ്പിള്‍ കമ്പനി ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുക. എന്നാല്‍, ഈ ഫോണുകളെക്കുറിച്ചുള്ള പല വിവരങ്ങളും ലീക് ആയി പുറത്തുവന്നിട്ടുണ്ട്. അടുത്ത സീരിസിന്റേത് എന്ന അവകാശവാദവുമായി ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇവ അവസാനമായിപുറത്തുവിട്ടിരിക്കുന്നത് വിശ്വാസ്യത അത്ര പോരാത്ത മജിന്‍ ബു (Majin Bu) എന്ന ലീക്കറാണ്.
പ്രോ സീരിസ് അല്ലാത്ത ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളുടെ പിന്‍ ക്യാമറകള്‍ ലംബമായി പിടിപ്പിച്ചിരിക്കുന്നു എന്നാണ് ചിത്രങ്ങളില്‍ നിന്ന് മനിസിലാക്കാന്‍ സാധിക്കുന്നത്. ചിത്രങ്ങള്‍ക്ക് ആധികാരികത ഉണ്ടോ എന്ന കാര്യം വ്യക്തമാകണമെങ്കില്‍ അവതരണം വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളെ പോലെയല്ലാതെ, 16 സീരിസില്‍ പിന്‍ ക്യാമറകള്‍ ലംബമായി പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം സ്‌പേഷ്യല്‍ വിഡിയോ റെക്കോഡിങ് ശേഷി നല്‍കിയിരിക്കുന്നത് ആയിരിക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു.
കമ്പനിയുടെ എആര്‍ ഹെഡ്‌സെറ്റായ ആപ്പിള്‍ വിഷന്‍ പ്രോയില്‍ കാണാനാണ് സ്‌പേഷ്യല്‍ വിഡിയോ, അല്ലെങ്കില്‍ 3ഡി വിഡിയോ റെക്കോഡ് ചെയ്യുന്നത്. നിലവില്‍ ഇത് ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമേ സാധ്യമാകൂ. ബുവിന് വിശ്വാസ്യത പോരെങ്കിലും ഈ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആപ്പിളിന്റെ അവരോഹണമോ? ബഫറ്റിന്റെ നീക്കം പറയുന്നതെന്ത്?
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിള്‍ കമ്പനിയുടെ ഓഹരികളുടെ വില ഉയര്‍ച്ച അസൂയാവഹമായിരുന്നു. അത് അവസാനിക്കാറായോ? ബുദ്ധിപൂര്‍വ്വം നിക്ഷേപം നടത്തുന്ന, ലോകത്തെ ഇപ്പോഴത്തെ 10-ാമത്തെ വലിയ കോടീശ്വരനായ ബഫറ്റിന്റെ നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അദ്ദേഹത്തിന്റെ കമ്പനി ബെര്‍ക്‌ഷെയര്‍ ഹാത്‌വെ വാങ്ങിവച്ചിരുന്ന 140 ബില്ല്യന്‍ ഡോളര്‍ മൂല്ല്യമുള്ള ഓഹിരികളുടെ പകുതിക്കടുത്ത് 2024 രണ്ടാം പാദത്തില്‍ വിറ്റു കാശാക്കി.
ഇനി അദ്ദേഹത്തിന്റെ കൈയ്യിലുള്ളത് ഏകദേശം 84 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികളാണ്. തന്റെ കൈയ്യില്‍ ആപ്പിള്‍ ഓഹരികള്‍ ഉണ്ടെന്ന് ബഫറ്റ് ആദ്യമായി വെളിപ്പെടുത്തിയത് 2016ലാണ്. അതിനു ശേഷം ആപ്പിളിന്റെ ഓഹരി വില വാനംമുട്ടെ ഉയര്‍ന്നു-കണക്കുവച്ചു പറഞ്ഞാല്‍ ഏകദേശം 900 ശതമാനം! അടുത്തിടെ തങ്ങള്‍ വലിയ വളര്‍ച്ച കാണിക്കുമെന്നൊക്കെ ആപ്പിള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ബഫറ്റിലെ നിക്ഷേപകന് അതൊന്നും ആശാവഹമായി തോന്നുന്നില്ലെന്ന് വ്യക്തം. അതേസമയം, ബഫറ്റിന്റെ നീക്കം കണ്ട് പേടിക്കേണ്ടന്നാണ് വോള്‍ സ്ട്രീറ്റ് ആപ്പിള്‍ നിക്ഷേപകരോട്പറഞ്ഞിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പൺ എഐ മോഡല്‍ അവതരിപ്പിച്ച് മെറ്റാ
ഓപ്പണ്‍ നിര്‍മിത ബുദ്ധി (എഐ) സിസ്റ്റം സ്ഥാപിക്കുക എന്ന ഉദ്ദേശവുമായി തുടങ്ങിയ, ലോകത്തെ ഇപ്പോഴത്തെ പ്രധാനപ്പെട്ട എഐ കമ്പനികളിലൊന്നായ ഓപ്പണ്‍എഐ ഇപ്പോള്‍ 'അടഞ്ഞ' കമ്പനി ആയി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം മസ്‌ക് അടക്കമുള്ളവര്‍ക്കുണ്ട്.
മറ്റാര്‍ക്കും കൈകടത്താനാകാത്ത രീതിയില്‍ തങ്ങളുടെ ഡാറ്റാ സെറ്റുകളും, അല്‍ഗോറിതങ്ങളും വച്ചിരിക്കുന്ന കമ്പനികളെ ക്ലോസ്ഡ്-സോഴ്‌സ് എഐ എന്ന വിഭാഗത്തില്‍ പെടുത്തുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റി, ഗൂഗിളിന്റെ ജെമിനൈ തുടങ്ങിയവ ഈ ഗണത്തില്‍ പെടും. എന്നാല്‍ ഇതിനു ബദലായി തങ്ങള്‍ ഒരു ഓപണ്‍-സോഴ്‌സ് എഐ സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ എന്ന് മെറ്റാ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുകയാണ്.
ഇതിനായി ലാമ 3.1 405ബി ( Llama 3.1 405B) അടക്കമുള്ള മോഡലുകളാണ് കമ്പനി ലഭ്യമാക്കയിരിക്കുന്നത്. ആര്‍ക്കും എഐയുടെ ഗുണങ്ങള്‍ നേരിട്ട് എടുക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും ഇത്തരം ഓപണ്‍-സോഴ്‌സ് എഐ സിറ്റങ്ങള്‍. ക്ലോസ്ഡ്-സോഴ്‌സ് എഐ സിസ്റ്റങ്ങള്‍ എത്ര ഗുണപ്രദമാണെങ്കിലുംഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യകള്‍ പരസ്യമല്ല. എന്നാല്‍, ഓപണ്‍-സോഴ്‌സ് എഐ സിസ്റ്റങ്ങള്‍ കൂടുതല്‍ ജനവിശ്വാസമാര്‍ജ്ജിച്ചേക്കാം എന്നാണ് കരുതുന്നത്.