ADVERTISEMENT

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, കംപ്യൂട്ടറുകള്‍ക്കും, എന്തിന് ആപ്പിള്‍ വിഷന്‍ പ്രോ പോലെയുള്ള ഹെഡ്‌സെറ്റുകള്‍ക്കും അപ്പുറത്ത്, നമ്മള്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കംപ്യൂട്ടിങ് രീതികളാണോ ഹ്യുമെയ്ന്‍ എന്ന കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന 'എഐ പിന്‍' എന്ന ഉപകരണത്തിലുള്ളത്? നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമാണ് പുതിയ ഉപകരണം എന്നത് അറിയിക്കാനാണ് എഐ എന്ന പ്രയോഗം. പക്ഷെ ഇതിലെ 'എഐ'ക്ക് ഊന്നല്‍ നല്‍കുക വഴി 'മൂന്നാമതൊരുകണ്ണ്' എന്ന അർഥം നല്‍കാനുള്ള ശ്രമവും ഉണ്ടെന്നു പറയുന്നു.

മുന്‍ ആപ്പിള്‍ ഉദ്യോഗസ്ഥരുടെ കമ്പനി

ആപ്പിള്‍ കമ്പനിയില്‍ 'അവിശ്വസനീയമായ 22 വര്‍ഷം' ജോലിയെടുത്ത ഇമ്രാന്‍ ചൗധരിയും, അദ്ദേഹത്തിന്റെ ഭാര്യയായ (മുന്‍ ആപ്പിള്‍ ഉദ്യോഗസ്ഥ) ബെതനി ബോണ്‍ഗിയോര്‍നോയുംചേര്‍ന്നു സൃഷ്ടിച്ച 'ഹ്യുമെയ്ന്‍' എന്ന കംപ്യൂട്ടിങ് ഉപകരണമാണ് പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഹ്യൂമെയ്ന്‍ എ'ഐ' പിന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ കുറച്ചുകാലമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു വരികയായിരുന്നു. ആപ്പിള്‍ വിഷന്‍ പ്രോ പോലെയുള്ള മുഖത്തുപിടിപ്പിക്കാവുന്ന കംപ്യൂട്ടറൊന്നും ആയിരിക്കില്ലെന്നും, ഇതാണ് മൊബൈല്‍ കംപ്യൂട്ടിങിന്റെ ഭാവിയെന്നും ചൗധരിക്ക് അഭിപ്രായമുണ്ട്.

ai-2 - 1

അപ്പോള്‍ എന്താണ് ഈ ഹ്യുമെയ്ന്‍ എഐ പിന്‍?

പ്രൊജക്ടര്‍ കേന്ദ്രീകൃതമായ വെയറബള്‍ എഐ അസിസ്റ്റന്റ് ആണ് എഐ പിന്‍. അടുത്തിടെയാണ് കമ്പനി ഇതിന്റെ ഒരു പ്രദര്‍ശനം നടത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 2023ല്‍ നടത്തിയ പാരിസ് ഫാഷന്‍ വീക്കില്‍ ഇതണിഞ്ഞാണ് സൂപ്പര്‍ മോഡല്‍ നഓമി ക്യംപ്‌ബെല്‍ റണ്‍വേയില്‍ നടന്നത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡ് ആയ കൊപെര്‍നിയുമായി (Coperni)ചില ധാരണകളില്‍ ഹ്യുമെയ്ന്‍ ഏര്‍പ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എഐ പിന്‍ സ്മാര്‍ട്ട്‌ഫോണ്‍ പോലെയുള്ള മറ്റു ഉപകരണങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കേണ്ട ഒന്നല്ല. അതിന് സ്വന്തമായി പ്രവര്‍ത്തിക്കാനാകും. ഫോണിന്റേതു പോലെയുള്ള ഇന്റര്‍ഫെയ്‌സ് പ്രതലങ്ങളിലേക്ക് പ്രൊജക്ടു ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിനോട് സംസാരിക്കാനുമാകും.

ഹ്യുമെയ്ന്‍ എ'ഐ' പിന്‍

അണിയറ പ്രവർത്തർക്കല്ലാതെ ആര്‍ക്കും ഇതിനെപ്പറ്റി അധികം അറിയില്ല ഈ ഉപകരണത്തെക്കുറിച്ച്. പക്ഷെ, ചൗധരി നടത്തിയ ടെഡ് ടോക്കും, പുറത്തുവിട്ട ചിത്രവും വച്ചു അനുമാനങ്ങള്‍ നടത്തുകയായിരുന്നു ചെയ്തു വന്നത്. ഹ്യുമെയ്‌നിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എഐ എന്ന പ്രയോഗം എഴുതുന്നതും കൂടുതല്‍ ഉദ്വേഗം വളര്‍ത്തിയിട്ടുണ്ട്. അവര്‍ Aiഎന്നാണ് എഴുതുന്നത്. ചെറിയ അക്ഷരം ഐ എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചോദ്യം. 

ai-3 - 1

ആ പ്രയോഗം കൊണ്ട് ഐ അല്ലെങ്കില്‍ 'കണ്ണ്' എന്നു തന്നെ ആയിരിക്കാം ഉദ്ദേശിച്ചിരിക്കുന്നതെന്നും, മനുഷ്യന്റെ തൃക്കണ്ണ് ആകാനുള്ള ശ്രമമായിരിക്കാം ഹ്യുമെയ്‌ന്റേത് എന്നും കരുതുന്നവരുണ്ട്.

ഇതുവരെ ലഭ്യമായ വിവരം വച്ചു പറഞ്ഞാല്‍ ഷര്‍ട്ടിന്റെ പോക്കറ്റിലും മറ്റും അണിയാവുന്ന, ക്യാമറയുള്ള ഒരു കൊച്ചുപകരണമായിരിക്കും ഹ്യുമെയ്ന്‍ എ'ഐ' പിന്‍. ഒരു പക്ഷെ ഇതുപയോഗിച്ച് ഫോണ്‍ ചെയ്യാനും മറ്റും സാധിച്ചേക്കും. ഇതിന് കൈവെള്ളയിലേക്കും അത്തരം പ്രതലങ്ങളിലേക്കും കീബോഡ് ഒക്കെ പ്രൊജക്ടു ചെയ്യാന്‍ സാധിക്കും.

അതുക്കും മേലെ

കംപ്യൂട്ടിങ് ഉപകരണങ്ങള്‍ 'അപ്രത്യക്ഷമാക്കി,' എഐയില്‍ ചാലിച്ചെടുത്ത ഒരു ഭാവിയാണ് ഇമ്രാനും ഭാര്യയും വിഭാവനം ചെയ്ത് അവതരിപ്പിക്കുന്നത്. 'ഹ്യുമെയ്ന്‍' മെഷീന്‍ലേണിങ് ഉപയോഗിച്ച് അത് അണിയുന്ന ആളെക്കുറിച്ച് പഠിച്ചെടുക്കുന്നു.

ഭാഷ അറിയില്ലാത്ത ഒരു രാജ്യത്തു ചെന്നാല്‍ നിങ്ങള്‍ നങ്ങള്‍ അറിയാവുന്ന ഭാഷയില്‍ സംസാരിച്ചാല്‍ ഹ്യുമെയ്ന്‍ നിങ്ങള്‍ പറഞ്ഞത് കേള്‍വിക്കാരന്റെ ഭാഷയിലേക്ക് മൊഴിമാറ്റി നല്‍കുമെന്നും ഇമ്രാന്‍ പറയുന്നു. ഹ്യുമെയ്‌നിന് സ്മാര്‍ട്ട്‌ഫോണുകളുടെയും, കംപ്യൂട്ടറുകളുടെയും, വിഷന്‍ പ്രോ പോലെയുള്ള ഹെഡ്‌സെറ്റുകളുടെയും സ്‌ക്രീനുകളില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാന്‍ സാധിക്കുമോ?

കൈകള്‍ ഫ്രീയാക്കാം

ഹാന്‍ഡ്‌സ് ഫ്രീ കംപ്യൂട്ടിങ് എന്നത് ടെക്‌നോളജി കമ്പനികള്‍ താലോലിക്കുന്ന ഒരു സ്വപ്‌നമാണ്. സ്മാര്‍ട്ട്‌ഫോണ്‍ കൈകള്‍ സര്‍വ്വ സമയത്തും ഉപയോഗിക്കുന്നു. എന്നാല്‍, വിഷന്‍ പ്രോ പോലെയുള്ള ഹെഡ്‌സെറ്റുകള്‍ കണ്ണുകള്‍ അടക്കം മൂടിക്കെട്ടുന്നു. ഒരിടത്ത് ഒരു പരിപാടി നടക്കുന്നു.

ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷം. നിങ്ങള്‍ക്ക് അത് റെക്കോഡ് ചെയ്യണം. രണ്ടുകൈയ്യിലും ഫോണും (അല്ലെങ്കില്‍ ക്യാമറ) പിടിച്ച് ഫ്രെയിം, ആ പരിപാടിയില്‍ കാര്യമായി പങ്കെടുക്കാതെ നില്‍ക്കുന്ന അവസ്ഥ കാണാം ഇപ്പോള്‍. 

അതു വേണ്ട, കൈകളെ സ്വതന്ത്രമാക്കി, നിങ്ങളെ ആഘോഷങ്ങള്‍ക്കു വിട്ടുനല്‍കി, അതെല്ലാം റെക്കോഡ് ചെയ്തു തരാന്‍ ഹ്യുമെയ്‌നിന് സാധിക്കും എന്നാണ് അവകാശവാദം. ഇതൊക്കെ പ്രയോഗത്തില്‍ വരുമ്പോള്‍ എങ്ങനെയിരിക്കുമെന്ന ചോദ്യത്തിന്, 'കാത്തിരുന്നു കാണാം' എന്ന മറുപടി മാത്രമെ പറയാനാകൂ. നിലവിലെ ക്യാമറാ ടെക്‌നോളജിക്ക് സ്വന്തമായി ഫ്രെയിം ചെയ്യാനൊന്നും സാധിക്കില്ലല്ലോ.

എഐ പിന്‍ എന്തു പുതുമ കൊണ്ടുവരുന്നു?

ക്യംപ്‌ബെലും മറ്റു മോഡലുകളും തങ്ങളുടെ ഉടയാടകളിലാണ് എഐ പിന്‍ അണിഞ്ഞിരുന്നത്. ഇതില്‍ നിരവധി സെന്‍സറുകള്‍ ഉണ്ടെന്നാണ് സൂചന. ഇവ വഴി ഉടമയ്ക്ക് സ്വാഭാവികവും, അയത്‌നലളിതമായും എഐ പിന്നിനോട് ഇടപെടാനാകും.

ഉപകരണങ്ങളുമൊത്തുള്ള മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഇത് പുതിയൊരു തുടക്കം കുറിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഉപയോക്താവിന്റെ സ്വകാര്യതയ്ക്കും ഉന്നല്‍ നല്‍കുന്നു എന്നും, 'ഹെയ് സിരി,' 'അലക്‌സാ' പോലെയുള്ള ഉണര്‍ത്തുവാക്കുകള്‍ഇല്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാമെന്നും ഇമ്രാനും, ബെതനിയും അവകാശപ്പെടുന്നു.

സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോം

നൂതന സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജി ഉപയോഗിച്ചാണ് എഐ പിന്‍ പ്രവര്‍ത്തിക്കുന്നത്. എഐ ശക്തിപകരുന്ന ഒപ്ടിക്കല്‍ റെക്കഗ്നിഷന്‍ സിറ്റം അതിന് ഉണ്ട്. ലെയ്‌സര്‍ഉപയോഗിച്ചാണ് പ്രതലങ്ങളിലേക്ക് കീബോഡ് അടക്കമുള്ള കാര്യങ്ങള്‍ പ്രൊജക്ടു ചെയ്യുന്നത്. ചെറിയ ചതുര ബോക്‌സിന്റെ ആകൃതിയാണ് ഇതിനുള്ളത്.

ഐഫോണുകളിലെ ഡൈനനമിക് ഐലന്‍ഡിനു സമാനമായ ഒരു കട്ട്-ഔട്ടും ഇതില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന്റെ പിന്‍ഭാഗം ആപ്പിളിന്റെ പഴയകാല ഉപകരണങ്ങളെഅനുസ്മരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതു വരെ ലഭിക്കുന്ന വിവരങ്ങള്‍ വച്ച് എഐ പിന്‍ ഒരു ആഢംബര ഉപകരണമാണെന്നു തോന്നുന്നു. ഇതിന് എന്തു വില വരും എന്ന കാര്യത്തെക്കുറിച്ചൊന്നും ഇപ്പോള്‍ വിവരമില്ല. എഐ പിന്‍ എന്ന പേര് ഹ്യുമെയ്ന്‍ പുറത്തുവിടുന്നത് ഈ വര്‍ഷം ജൂണിലാണ്. ആളുകള്‍ക്ക് എവിടെയും കൊണ്ടു നടക്കാവുന്ന ഒരു ഉപകരണമാണിതെന്നും, പേഴ്‌സണല്‍ മൊബൈല്‍ കംപ്യൂട്ടിങില്‍ ഒരു പുതിയ യുഗമാണ് ഇതിലൂടെ തുറക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. സ്വാഭാവികമായും, സ്‌ക്രീനുകളില്ലാതെയുംഇത് ഉപയോഗിക്കാം. അതിന് അതിന്റെതായ അവബോധവും ഉണ്ട്. ഹ്യുമെയന്‍ എഐ പിന്നിന്റെ ഔദ്യോഗിക അവതരണം നവംബര്‍ 9ന് നടക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com