ഗൂഗിളിന്റെ ഭാവി അമിത് മേത്തയുടെ കയ്യില്‍; ഇന്റര്‍നെറ്റിന്റെ ഗതി നിര്‍ണയിക്കാന്‍ ജഡ്ജി അമിത്

Mail This Article
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ അമേരിക്കയില്‍ നടന്നതിലേക്കും വച്ച് ഏറ്റവും വലിയ ആന്റിട്രസ്റ്റ് നീക്കം പാതിവഴിയിലെത്തിയിരിക്കുകയാണ്. പ്രതി സേര്‍ച്ച് ഭീമന്‍ ഗൂഗിളും വാദി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റുമാണ്. സേര്‍ച്ചില്‍ ഒന്നാം സ്ഥാനത്തു തുടരാന്‍ ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടു എന്നാണ് ആരോപണം. കേസ് കേള്‍ക്കുന്നത് ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്ത ആണ്. പത്ത് ആഴ്ചത്തെ വാദമാണ് നടക്കുന്നത്. അത് പാതി വഴിയില്‍ എത്തിക്കഴിഞ്ഞു, മേത്തയുടെ വിധി ഗൂഗിളിനെതിരായാൽ ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ഗതി പൂര്‍ണ്ണമായും മാറിയേക്കുമൈന്ന് അസോഷ്യേറ്റഡ് പ്രസ് (എപി) പറയുന്നു.
ഇന്റര്‍നെറ്റിനെ മാറ്റിമറിക്കുമോ മേത്ത?
ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഗൂഗിളിന്റെ ചിറകരിയുമോ മേത്ത എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ടെക് ലോകം. സേര്‍ച്ചിലെ തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനായി ഗൂഗിള്‍ വഴിവിട്ട രീതികള്‍ ഗൂഗിള്‍ കൈക്കൊണ്ടെന്ന് അദ്ദേഹം വിധിച്ചാല്‍ ഇന്റര്‍നെറ്റിന്റെ ഗതി തന്നെ മാറിയേക്കും. ഇതോടെ ഓണ്‍ലൈനില്‍ ഒട്ടനവധി പുതിയ മേഖലകള്‍ ഉപയോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും തുറന്നുകിട്ടുമെന്നും എപി എഴുതുന്നു. വിവരാന്വേഷികള്‍ക്കും വിനോദാസ്വാദകര്‍ക്കും വാണിജ്യ മേഖലയ്ക്കും ഇത് പുത്തന്‍ ദിശകള്‍ സമ്മാനിക്കും. ഗൂഗിള്‍ കെട്ടിനിർത്തിയിരിക്കുന്ന തടയണകള്‍ തുറന്നുവിടാന്‍ ജഡ്ജി ആവശ്യപ്പെട്ടാല്‍ സ്റ്റാര്‍ട്ടപ്പുകൾക്കും തേഡ്പാര്‍ട്ടി എതിരാളികള്‍ക്കും അത് ചാകരയാകും. ഗൂഗിള്‍ കടുത്ത വെല്ലുവിളികള്‍ നേരിടും. ‘‘അതോടെ ഇന്റര്‍നെറ്റ് കൂടുതല്‍ മികച്ച നിലവാരത്തിലേക്കു പോകും’’ – യെല്‍പ് ആപ്പിന്റെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ലൂതര്‍ ലൊവ് പറയുന്നു. ഗൂഗിളിന്റെ ഏറ്റവും കടുത്ത വിമര്‍ശകരിലൊരാളാണ് യെല്‍പ്. തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ക്ക് അനുകൂലമാക്കാനായി എവിടെയും ‘തലയിടുന്ന’ ഗൂഗിളിന്റെ സ്വഭാവത്തെ മറ്റു കമ്പനികളും വിമര്‍ശിച്ചിട്ടുണ്ട്.
ചരിത്രം

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായിരുന്ന മൈക്രോസോഫ്റ്റിന് അമേരിക്ക മൂക്കുകയറിട്ടതിന്റെ ഫലമായാണ് നാമിന്ന് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളെ കാണുന്നതു തന്നെ. ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ച കമ്പനി പ്രഭാവത്തോടെ മുന്നേറുന്ന കാലത്തായിരുന്നു ലാറി പേജ്, സെര്‍ഗെയ് ബ്രിന്‍ എന്നീ രണ്ടു ചെറുപ്പക്കാര്‍ ഗൂഗിള്‍ തുടങ്ങിയിരുന്നതെങ്കില്‍, അത് മൈക്രോസോഫ്റ്റ് വാങ്ങി വിന്‍ഡോസിനൊപ്പം ചേര്‍ത്തേനെ. ഫെയ്‌സ്ബുക്കിനും ആ ഗതി വന്നേനെ. കുത്തക നിലനിര്‍ത്തുകയാണ് മൈക്രോസോഫ്റ്റ് എന്ന് ആരോപിച്ച്, അമേരിക്ക ആന്റിട്രസ്റ്റ് വാദം തുടങ്ങിയത് 2001 ഫെബ്രുവരി 26 നാണ്. മൈക്രോസോഫ്റ്റിനെതിരെയുള്ള വിധി വന്നത് ആ വർഷം ജൂണ്‍ 28നും. സമാനമായ സാഹചര്യമാണ് ഇപ്പോൾ ഗൂഗിളിന്റെ കാര്യത്തിലുമുള്ളത്. അതായത്, ഇനി മേത്തയുടെ കൈകളിലാണ് ഗൂഗിളിന്റെ ഭാവി.
ഗൂഗിള്‍
സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളായിരുന്ന പേജും ബ്രിന്നും 1990കളുടെ അവസാനമാണ് ഗൂഗിള്‍ തുടങ്ങുന്നത്. അത് ക്ഷണത്തില്‍ത്തന്നെ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി. സേര്‍ജ് മാജിക്കിനു പുറമെ ആപ്പിള്‍, മോസില തുടങ്ങിയ കമ്പനികള്‍ക്ക് പണം നല്‍കി അവരുടെ ബ്രൗസറുകളിലും ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനായി കയറിക്കൂടി എന്നുള്ളത് ഗൂഗിള്‍ നേരിടുന്ന കടുത്ത ആരോപണങ്ങളിലൊന്നാണ്. ഇതാണ് ഗൂഗിളിന് അപ്രമാദിത്വം നേടി നല്‍കിയ നീക്കങ്ങളിലൊന്ന് എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വാദിക്കുന്നു. ഇതിനായി ആപ്പിളിനു മാത്രം പ്രതിവര്‍ഷം ഇപ്പോള്‍ 2000 കോടി ഡോളറോളം നല്‍കുന്നു എന്നാണ് ആരോപണം. അതേസമയം, ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിന്‍ മാറ്റുന്നതില്‍ നിന്ന് തങ്ങള്‍ ആരെയും തടഞ്ഞിരുന്നില്ലെന്ന് ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നു.

ശീലമാക്കിയെന്ന് നദെല
ഗൂഗിള്‍-ആപ്പിള്‍ ഇടപാടിനെതിരെ മേത്ത വിധി പറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ഗൂഗിളിന് ക്ഷീണം ചെയ്‌തേക്കില്ല. കാരണം ആര്‍ക്കും തിരിച്ച് ഗൂഗിളിനെ ഡീഫോള്‍ട്ട് സെര്‍ച്ച് എൻജിനാക്കാം. കേസിലെ വാദത്തിനിടയില്‍ കോടതിയില്‍ ഹാജരായ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല പറഞ്ഞത് പലര്‍ക്കും ഗൂഗിള്‍ ഒഴിച്ചു കൂടാനാകാത്ത ശീലമായിക്കഴിഞ്ഞു എന്നാണ്. ‘‘നിങ്ങള്‍ രാവിലെ ഉണരുന്നു, പല്ലു തേക്കുന്നു, ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്നു’’ – നദെല പറഞ്ഞു. അതേസമയം, ഡീഫോള്‍ട്ട് സേര്‍ച്ചിന് പണം നല്‍കരുതെന്ന വിധി വന്നില്ലെങ്കില്‍ തങ്ങള്‍ ബിങ്ങിനു പണം നല്‍കി ആ സ്ഥാനം നേടുമെന്നും നദെല കൂട്ടിച്ചേര്‍ത്തു. സേര്‍ച്ചിന്റെ കാര്യത്തിലാണ് വാദം നടക്കുന്നതെങ്കിലും, കേസില്‍ സർക്കാരിനാണു വിജയമെങ്കില്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഉദാഹരണത്തിന്, ആപ്പിള്‍ സൃഷ്ടിച്ചെടുത്ത ടെക്‌നോളജി പരിസ്ഥിതിക്കെതിരെ ആയേക്കാം അടുത്ത വാളോങ്ങൽ എന്നും കരുതപ്പെടുന്നു.
പുതിയ ഉപഭോക്താക്കൾക്ക് എക്‌സില്‍ ഇനി പോസ്റ്റ് ഇടാൻ ഫീസ്
എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുതിയ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ഇനി പോസ്റ്റുകള്‍ ഇടണമെങ്കിലും, ഏതെങ്കിലും ട്വീറ്റിന് മറുപടി അയയ്ക്കണമെങ്കിലും ലൈക് ചെയ്യണമെങ്കിലും പണം നല്‍കേണ്ടി വന്നേക്കും. ഈ 'നിയമം' ഇപ്പോള്‍ തന്നെയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത് ന്യൂസീലൻഡിലും ഫിലിപ്പീന്‍സിലും ആണ്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇത് ബാധകമായിരിക്കില്ല.
ഇനി എക്‌സില്‍ അക്കൗണ്ട് ഉണ്ടാക്കുന്നവർ ഒരു ഡോളര്‍ നല്‍കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ‘ബോട്ട്’ അല്ല അക്കൗണ്ട് എടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കനാണത്രേ ഇത്. അതേസമയം, സൗജന്യമായിരുന്ന ട്വിറ്ററില്‍ കൊണ്ടുവന്നിരിക്കുന്ന ഈ മാറ്റം വളരെ വലുതാണെന്ന വിലയിരുത്തലും ഉണ്ട്. നിലവില്‍ സൗജന്യമായി ഉപയോഗിക്കാവുന്ന സമൂഹ മാധ്യമങ്ങളെല്ലാം ഈ വഴിക്കു തിരിഞ്ഞേക്കാം.
മസ്‌കിന്റെ ഏറ്റെടുക്കലിനു ശേഷം എക്‌സിന്റെ ട്രാഫിക് കുറഞ്ഞു
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇപ്പോള്‍ എക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനു ശേഷം എക്‌സിന്റെ ആഗോള ട്രാഫിക് 14 ശതമാനം ഇടിഞ്ഞെന്ന് സിമിലര്‍വെബ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ എണ്ണവും 14.8 ശതമാനം ഇടിഞ്ഞു. എന്നാല്‍, മസ്‌കിന്റെ പ്രൊഫൈലും പോസ്റ്റുകളും കാണുന്നവരുടെ എണ്ണത്തില്‍ 96 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും പറയുന്നു. അതേസമയം, തിരിച്ചടി എക്‌സിനു മാത്രമല്ല ഫെയ്‌സ്ബുക്കിനും ഉണ്ടെന്നും പറയുന്നു. എന്നാല്‍, മസ്‌കും എക്‌സ് മേധാവി ലിന്‍ഡാ യകാരിനോയും പറയുന്നത് ട്വിറ്റര്‍ ഉപേക്ഷിച്ചു പോയവരൊക്കെ ഇപ്പോള്‍ തിരിച്ചെത്തിത്തുടങ്ങിയെന്നാണ്. പ്രതിദിനം 500 ദശലക്ഷം പുതിയ പോസ്റ്റുകളാണ് എക്‌സില്‍ വരുന്നതെന്നും കമ്പനി പറയുന്നു.
ഫെയ്‌സബുക് കുറച്ചുനേരത്തേക്ക് നിലച്ചു

മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും കുറച്ചുനേരത്തേക്ക് നിലച്ചു എന്ന് റിപ്പോര്‍ട്ട്. ഒന്നും പോസ്റ്റു ചെയ്യാനാവുന്നില്ലെന്ന് പല ഉപയോക്താക്കളും റിപ്പോര്‍ട്ടു ചെയ്തു. ഫെയ്‌സ്ബുക് ആപ്പ് ഉപയോഗിക്കുന്നവരില്‍ 50 ശതമാനം പേര്‍ക്കും വെബില്‍ ഈ സേവനം ഉപയോഗിക്കുന്ന 33 ശതമാനം പേര്‍ക്കും പ്രശ്‌നം നേരിട്ടു എന്നാണ് വിലയിരുത്തല്‍. ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റും ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം പലര്‍ക്കും നിലച്ചതിന്റെ കണക്കുകള്‍ പങ്കുവയ്ക്കുന്നു.
ഗൂഗിളിന്റെ റഷ്യന്‍ ഉപവിഭാഗം പാപ്പരായി
ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ റഷ്യന്‍ ഉപവിഭാഗം (subsidiary) പാപ്പരായെന്ന് ആര്‍ഐഎ ന്യൂസ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ റഷ്യന്‍ വിഭാഗം 2022 ലാണ് കോടതിയെ പാപ്പരായെന്ന് അറിയിച്ചത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് അടക്കമുളള പല വസ്തുവകകളും റഷ്യന്‍ അധികാരികള്‍ പിടിച്ചെടുത്തതിനാലാണ് കമ്പനി പാപ്പരായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സർക്കാർ ആവശ്യപ്പെട്ട ഉള്ളടക്കം നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പ്രതികാരമായാണ് നടപടിയെന്നാണ് സൂചന.