ആയിരത്തിലേറെ കെഎസ്ഇബി ജീവനക്കാർ വിരമിക്കുന്നു; ഒഴിവുകൾ പക്ഷേ, പിഎസ്സിയിലെത്തില്ല; താൽക്കാലിക നിയമനം ‘ഹൈവോൾട്ടേജി’ൽ

Mail This Article
കെഎസ്ഇബിയിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 1,099 പേർ. ഏറ്റവും കൂടുതൽ റിട്ടയർമെന്റ് ഓവർസിയർ തസ്തികയിൽനിന്നാണ്–388 പേർ. 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും 23 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർമാരും 119 ലൈൻമാൻമാരും വിരമിക്കുന്നുണ്ട്.
സെക്‌ഷൻ ഓഫിസുകളിൽ ലൈൻമാൻ തസ്തികയിൽ ഉൾപ്പെടെ ജീവനക്കാരുടെ കുറവ് വന്നതോടെ പരിചയസമ്പന്നരായ മുൻ ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണ് ബോർഡിന്റെ തീരുമാനം. 65 വയസ്സിൽ താഴെയുളള വിരമിച്ച ജീവനക്കാരെയും പരിചയ സമ്പന്നരായ കരാർ ജീവനക്കാരെയുമാണു നിയമിക്കുക. ഓഗസ്റ്റ് 4 വരെയോ അതിനു മുൻപ് ബോർഡ് ഉത്തരവിടുന്നതു വരെയോ ആയിരിക്കും നിയമനം. കെഎസ്ഇബിയിലെ തസ്തിക പുനഃസംഘടന പൂർത്തിയാകുംവരെ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യേണ്ടെന്ന് മാനേജ്മെന്റ് നേരത്തേ തീരുമാനിച്ചതാണ്.