ജോലിഭാരവും, വിശ്രമമില്ലായ്മയും; അടിപതറി ഐടി, മാധ്യമ മേഖലകളിലെ യുവാക്കൾ

Mail This Article
തൊഴിൽരംഗത്ത് ഏറ്റവുമധികം സമ്മർദ്ദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെ യുവാക്കളെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേയുടെ കണ്ടെത്തൽ.
ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണു പഠനത്തിൽ വ്യക്തമാക്കുന്നത്.
ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണു തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. റീട്ടെയ്ൽ, വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് (68%) താരതമ്യേന സമ്മർദം കുറവാണ്. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നത്.
പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം അനുഭവിക്കുന്നതെന്നും സർവേ സൂചിപ്പിക്കുന്നു. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്. ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണു കൂടുതൽ. ഇതും സാമ്പത്തിക അരക്ഷിതാവസ്ഥയുമാണു തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തിയത്. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.