ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.
2016ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 മേയ് 28നു ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫിനു വേണ്ടി സജി ചെറിയാനും യുഡിഎഫിന് ഡി. വിജയകുമാറും ബിജെപിക്കു പി.എസ്. ശ്രീധരൻ പിള്ളയും ജനവിധി തേടി. മൂന്നു മുന്നണികൾക്കു പുറമേ ആം ആദ്മി, എസ്‍യുസിഐ കമ്യൂണിസ്റ്റ് തുടങ്ങിയ ചെറുപാർട്ടികളും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. സജി ചെറിയാൻ വിജയിച്ചു.