കരളിന് താഴെയായി കാണപ്പെടുന്ന ചെറിയ അവയവമാണ് പിത്താശയം അഥവാ ഗാള്‍ ബ്ലാഡര്‍. കരള്‍ ഉൽപാദിപ്പിക്കുന്ന ബൈല്‍ ദ്രാവകത്തെ ശേഖരിച്ചു വയ്ക്കുകയാണ് പിത്താശയത്തിന്‍റെ പ്രധാന ജോലി. നാം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പിത്താശയം ചുരുങ്ങുകയും ബൈല്‍ ദ്രാവകം ബൈല്‍ ഡക്ട് വഴി ചെറുകുടലിലേക്ക് എത്തുകയും ചെയ്യും. പാതി ദഹിച്ച ആഹാരവുമായി കലരുന്ന ബൈല്‍ കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ചിലപ്പോള്‍ ബൈല്‍ ദ്രാവകത്തില്‍ അമിതമായ തോതില്‍ കൊളസ്ട്രോളോ ബിലിറൂബിനോ ഉണ്ടാകുമ്പോഴോ ആവശ്യത്തിന് ബൈല്‍ സാള്‍ട്ട് ഇല്ലാതെ വരികയോ ചെയ്യുമ്പോൾ ചെറിയ കല്ലുകള്‍ പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്. ഗാള്‍ സ്റ്റോണുകള്‍ എന്നാണ് ഇവയ്ക്ക് പേര്. പിത്താശയം ബൈല്‍ ദ്രാവകത്തെ പൂര്‍ണമായും പുറന്തള്ളാതിരിക്കുമ്പോഴും ഗാള്‍ സ്റ്റോണുകള്‍ രൂപപ്പെടാം. ദഹനക്കേട്, മനംമറിച്ചില്‍, ക്ഷീണം, ഛര്‍ദ്ദി, വലത്തേ തോളില്‍ വേദന, തോളുകള്‍ക്കിടയില്‍ പുറം ഭാഗത്ത് വേദന, ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ, അടിവയറ്റില്‍ വിട്ടുമാറാത്ത വേദന എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ.