പിത്താശയത്തിലെ അര്‍ബുദം കണ്ടെത്താന്‍ ബുദ്ധിമുട്ട്; ലക്ഷണങ്ങള്‍ ഇവ
Mail This Article
ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അത്രയെളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല പിത്താശയത്തിലെ അര്‍ബുദം. വൈകിയുള്ള രോഗനിര്‍ണ്ണയം അര്‍ബുദം സമീപ അവയവങ്ങളിലേക്ക് പടരാന്‍ ഇടയാക്കുന്നു.
അടിവയറിന് വലത് ഭാഗത്ത് മുകളിലായുള്ള വേദന, അകാരണമായ ഭാരനഷ്ടം, വയറില്‍ ഗ്യാസ് കെട്ടല്‍, മഞ്ഞപിത്തം എന്നിവയെല്ലാം പിത്താശയത്തിലെ അര്‍ബുദ ലക്ഷണങ്ങളാണെന്ന് ന്യൂഡല്‍ഹി ആക്ഷന്‍ കാന്‍സര്‍ ഹോസ്‌പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ് ഡോ. മനീഷ് ശര്‍മ്മ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പല ഘടകങ്ങള്‍ പിത്താശയ അര്‍ബുദത്തിലേക്ക് നയിക്കാം
1. പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ
2. അമിതവണ്ണം, പിത്താശയത്തിന്റെ കുടുംബചരിത്രം, ജനിതക കാരണങ്ങള്‍
3. കൊഴുപ്പ് ഉയര്‍ന്നതും ഫൈബര്‍ കുറഞ്ഞതുമായ ഭക്ഷണക്രമം
4. പ്രായാധിക്യവും പിത്താശയ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. 65 വയസ്സിന് മുകളിലുള്ള സ്‌ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് പിത്താശയ അര്‍ബുദ സാധ്യത അധികമാണ്.
5. പ്രാദേശിക വ്യത്യാസങ്ങളും രോഗബാധയ്‌ക്ക് പിന്നിലെ ഘടകമാണ്. വടക്കേ ഇന്ത്യയില്‍, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പിത്താശയ അര്‍ബുദത്തിന്റെ നിരക്ക് അധികമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പിത്താശയത്തിലെ കല്ലുകള്‍ മൂലം ഇവ നീക്കം ചെയ്യുന്ന അവസരത്തിലാണ് പലപ്പോഴും അര്‍ബുദം കണ്ടെത്താറുള്ളത്. എംആര്‍ഐ, സിടിസ്‌കാനുകള്‍, അള്‍ട്രാസൗണ്ട് പരിശോധന എന്നിവയും രോഗനിര്‍ണ്ണയത്തില്‍ സഹായിക്കും.
ടി1 മുതല്‍ ടി4 വരെ നാലു ഘട്ടങ്ങളാണ് പിത്താശയ അര്‍ബുദത്തിനുള്ളത്. ടി1, ടി2 ഘട്ടങ്ങളില്‍ അര്‍ബുദം പിത്താശയത്തിനുള്ളില്‍ തന്നെയായിരിക്കും. ടി3 ഘട്ടത്തില്‍ സമീപ പ്രദേശങ്ങളിലേക്കും ടി4 ഘട്ടത്തില്‍ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും അര്‍ബുദം പടര്‍ന്നിട്ടുണ്ടാകും.
ടി1, ടി2 ഘട്ടങ്ങളില്‍ അര്‍ബുദം കണ്ടെത്തി ചികിത്സ ആരംഭിക്കുന്നവരില്‍ അഞ്ച് വര്‍ഷത്തെ അതിജീവന നിരക്ക് 62 ശതമാനമാണ്. സമീപത്തെ കോശങ്ങളിലേക്കും ലിംഫ് നോഡുകളിലേക്കും രോഗം പടരുന്ന ടി3 ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷ അതിജീവന നിരക്ക് 27 ശതമാനമാണ്. ടി4 ഘട്ടത്തിലേക്ക് എത്തിയവരുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 2 ശതമാനം മാത്രമാണ്.
ആരോഗ്യകരമായ ജീവിതശൈലി, ഭാരനിയന്ത്രണം, പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവ പിത്താശയ അര്‍ബുദ സാധ്യതകള്‍ കുറയ്‌ക്കുന്നതായി ഡോ. മനീഷ് ശര്‍മ്മ ചൂണ്ടിക്കാട്ടി.
അര്‍ബുദത്തെ അതിജീവിച്ച മാലാഖ: വിഡിയോ