രണ്ടു തലമുറയ്ക്കുശേഷം ബ്രിട്ടൻ പുതിയ രാജാവിനെ വാഴിക്കാൻ ഒരുങ്ങുകയാണ്. 70 വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കീരീടധാരണ ചടങ്ങിനായി ലണ്ടൻ നഗരം ഒരുങ്ങി. പഴുതില്ലാത്ത സുരക്ഷയും പിഴവില്ലാത്ത ഒരുക്കങ്ങളും ഉറപ്പാക്കാൻ ബ്രിട്ടിഷ് ഭരണകൂടം സജ്ജരായി നിൽക്കുന്നു. പാരമ്പര്യങ്ങൾ പലതും തിരുത്തി കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. ബ്രിട്ടിഷ് സമയം രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ നീളും കിരീടധാരണ ചടങ്ങുകളും പരേഡും മറ്റ് ആഘോഷങ്ങളും. ശനിയാഴ്ച രാവിലെ 11നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ രാജാവിനെ കിരീടവും ചെങ്കോലും നൽകി വാഴിക്കുന്നത്. ചരിത്രമുറങ്ങുന്ന വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട 2800 പേർക്കാണ് അവസരം. കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും കീരീടധാരണ ചടങ്ങുകൾ.