മുതലയോടു പൊരുതി സഹോദരിയെ രക്ഷിച്ചു; ജോർജിയയ്ക്ക് ചാൾസ് രാജാവിന്റെ ആദരം
Mail This Article
ലണ്ടൻ ∙ വെള്ളത്തിൽ പൊരുതി നിന്ന് മുതലയെ കീഴടക്കി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ (31) ചാൾസ് രാജാവ് ധീരതാ പുരസ്കാരം നൽകി ആദരിച്ചു.
മെക്സിക്കോയിലെ തടാകത്തിൽ 2021 ജൂണിൽ നീന്തുമ്പോഴാണു സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. അധികം വൈകാതെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി. ബോട്ടിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ ജോർജിയ നേരിട്ടു. മുഖത്ത് പല തവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോർജിയ രക്ഷിച്ചു.
ഏറെ നാൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന മെലിസ പിന്നീടു ജീവിതത്തിലേക്കു തിരിച്ചു വന്നു. മുതലയെ ആക്രമിക്കുന്നതിനിടയിൽ ജോർജിയയുടെ മുഷ്ടിയിൽ വലിയ മുറിവുണ്ടായി. വയറ്റിലും കാലിലുമടക്കം പരുക്കേൽക്കുകയും ചെയ്തു.