4 ദിവസത്തെ സന്ദർശനം; സുഖ ചികിത്സയ്ക്കായി ചാൾസ് രാജാവും കാമിലയും ബെംഗളൂരുവിൽ
Mail This Article
ബെംഗളൂരു∙ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമിലയും ചികിത്സക്കായി ബെംഗളുരുവിൽ. നാലു ദിവസത്തെ സന്ദർശനത്തിനായാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററിലാണ് ഇരുവർക്കും സുഖ ചികിത്സ. ഒക്ടോബർ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും. തീർത്തും സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല.
എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം. സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളൊന്നും നിശ്ചയിച്ചിരുന്നില്ല. ഇരുവരുടെയും ദൃശ്യങ്ങളും പുറത്തു വിടില്ല. കർണാടക പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്.
ഒക്ടോബർ 26 ന് രാത്രിയാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‍സ് ഓഫ് ഗവൺമെന്‍റ്സ് യോഗത്തിനു ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. യോഗയും വിവിധ തരം തെറാപ്പികളും ചാൾസ് രാജാവും കാമിലിയും അഭ്യസിച്ചു. ഒഴിവു വേളകൾ ചികിത്സ കേന്ദ്രത്തിൽ നടത്തത്തിനായി ചെലവിട്ട ഇരുവരും ക്യാംപസിലെ ഭക്ഷണവും ആസ്വദിച്ചു. 2022ലാണ് എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് മൂന്നാമനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്.